- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലാൻഡറിന്റെും റോവറിന്റെയും ആയുസ് ഒരു ചാന്ദ്രദിനം; ഈ 14 ദിവസങ്ങളിൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കുറിച്ചു വിശദമായി പഠിക്കും; റോവർ ഇറങ്ങി ചന്ദ്രോപരിതലത്തിലെ ദൃശ്യങ്ങളും അയച്ചതോടെ ശാസ്ത്രലോകം ആവേശക്കൊടു മുടിയിൽ; ലാൻഡറിലും റോവറിലുമായി പ്രധാനമായുള്ളത് ഏഴു ഉപകരണങ്ങൾ
ബംഗളൂരു: ലോകത്തിന് മുമ്പിൽ അഭിമാനത്തോടെ തല ഉയർത്തി ഇന്ത്യ ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ ചുംബിച്ചു കഴിഞ്ഞു. ഇനിയുള്ളത് നിർണായകമായ ഒരു ചാന്ദ്രദിനമാണ്(14 ദിവസം). ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ ഘടന പഠിക്കുക എന്നതു തന്നെയാണ് ഈ ദിവസങ്ങളിലെ ഏറ്റവും പ്രത്യേകതയുള്ള കാര്യവും. ചന്ദ്രയാൻ 3 പേടകത്തിനുള്ളിലെ റോവർ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങി അശോകസ്തംഭം ചന്ദ്രപഥത്തിലും പതിപ്പിച്ചു കഴിഞ്ഞു.
പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിനെ തുടർന്ന് ഉയർന്ന പൊടിപടലങ്ങൾ താഴ്ന്ന ശേഷമാണ് ലാൻഡറിന്റെ വാതിൽ തുറന്നത്. തുടർന്ന് വാതിൽ നിവർന്നുവന്ന് ചെരിഞ്ഞ റാംപായി മണ്ണിൽ ഉറച്ചു. ശേഷം ഈ റാംപിലൂടെ റോവർ സാവധാനം ചന്ദ്രന്റെ മണ്ണിൽ ഉരുണ്ടിറങ്ങി. റോവർ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ലാൻഡറിലെ കാമറ പകർത്തി പുറത്തുവിട്ടു. ലോകത്തിന് മുന്നിൽ ഇന്ത്യയ്ക്ക് ഏറെ ആവേശം പകരുന്ന കാര്യങ്ങളായിരുന്നു ഈ ശാസ്ത്രനേട്ടത്തിൽ പെട്ടത്.
ഭൂമിയിലെ 14 ദിവസത്തിന് സമാനമാണ് ഒരു ചാന്ദ്രദിനം. സൗരോർജത്തിൽ 738 വാട്ട്സിലും 50 വാട്ട്സിലും പ്രവർത്തിക്കുന്ന ലാൻഡറിന്റെയും റോവറിന്റെയും ആയുസ് ഒരു ചാന്ദ്രദിനം മാത്രമാണ്. ഈ 14 ദിവസമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡറിലെയും റോവറിലെയും ഉപകരണങ്ങൾ പരീക്ഷണം നടത്തുക.
ലാൻഡറിലെ പ്രധാന ഉപകരണങ്ങൾ
1. ചന്ദ്രനിലെ പ്ലാസ്മ സാന്ദ്രത നിർണയിക്കാനുള്ള റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പർസെൻസിറ്റീവ് അയണോസ്ഫിയർ ആൻഡ് അറ്റ്മോസ്ഫിയർ (രംഭ-RAMBHA)
2 മണ്ണിന്റെ താപനില അളക്കുന്നതിനുള്ള ചാന്ദ്രാ സർഫേസ് തെർമോഫിസിക്കൽ എക്സ്പിരിമെന്റ് (ചാസ്തെ-ChaSTE)
3. ലാൻഡിങ് സൈറ്റിന് ചുറ്റുമുള്ള ഭൂകമ്പ സാധ്യത അളക്കുന്നതിനുള്ള ലൂണാർ സീസ്മിക് ആക്ടിവിറ്റി ഇൻസ്ട്രമെന്റ് (CÂkþILSA)
4. നാസയിൽ നിന്ന് എത്തിച്ച ചാന്ദ്ര ലേസർ റേഞ്ചിങ് പഠനത്തിനുള്ള ലേസർ റിട്രോറിഫ്ളക്ടർ അറേ (LRA)
റോവറിലുള്ള പ്രധാന ഉപകരണങ്ങൾ
1. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെയും മൂലകങ്ങളുടെയും രാസഘടന പരിശോധിക്കാനുള്ള ലേസർ ഇന്ത്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്പ് (LIBS)
2. ചന്ദ്രനിലെ ലാൻഡിങ് സൈറ്റിന് ചുറ്റുമുള്ള മണ്ണിന്റെയും പാറയുടെയും രാസഘടന നിർണയിക്കാനുള്ള ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ (APXS)
ചന്ദ്രനിൽ സഞ്ചരിച്ചുകൊണ്ട് വിവരങ്ങൾ നമുക്ക് കൈമാറുക പ്രഗ്യാൻ റോവറായിരിക്കും. ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കുന്ന റോവർ വിവരങ്ങൾ ശേഖരിച്ച് ലാൻഡറിലേക്ക് കൈമാറും. ലാൻഡർ അത് ഓർബിറ്ററിലേക്കും ഓർബിറ്റർ ഭൂമിയിലേക്കും ആ വിവരങ്ങൾ കൈമാറും. റോവറിന്റെ മുന്നിലായുള്ള രണ്ട് 1 മെഗാപിക്സൽ മോണോക്രോമാറ്റിക് ക്യാമറകൾ വഴിയാണ് ഭൂമിയുള്ള ശാസ്ത്രജ്ഞർക്ക് ദൃശ്യങ്ങൾ ലഭ്യമാവുക. ചന്ദ്രന്റെ ഉപരിതലത്തിന്റെ ത്രിഡി രൂപം ലഭിക്കുന്നതോടെ റോവറിന്റെ സഞ്ചാര പാത എളുപ്പം തീരുമാനിക്കാൻ സാധിക്കും
ആറുചക്രമുള്ള പ്രഗ്യാൻ റോവറിന് ഏകദേശം 27 കിലോഗ്രാം ഭാരമുണ്ട്. സൗരോർജ പാനലുകളാണ് പ്രഗ്യാന് പ്രവർത്തിക്കാൻ വേണ്ട ഊർജം നൽകുക. സെക്കൻഡിൽ ഒരുസെന്റിമീറ്റർ വേഗത്തിലാണ് പ്രഗ്യാൻ ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചരിക്കുക. ആകെ അര കിലോമീറ്ററോളം ദൂരം നമ്മുടെ ചാന്ദ്ര വാഹനം സഞ്ചരിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് അടി നീളവും 2.5 അടി വീതിയും 2.8 അടി ഉയരവുമാണ് പ്രഗ്യാനുള്ളത്.
14 ദിവസത്തെ ആയുസിനുള്ളിൽ പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്. എന്നാൽ ലാൻഡർ കൂടുതൽ സമയം പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ ഐഎസ്ആർഒ ഉറപ്പ് പറയുന്നില്ല. ചന്ദ്രനിൽ സൂര്യൻ അസ്തമിക്കുന്നതോടെ എല്ലാം ഇരുട്ടിലാകും. താപനില മൈനസ് 180 ഡിഗ്രി വരെ താഴും. പര്യവേക്ഷക പേടകം അത്രയും താഴ്ന്ന ഊഷ്മാവിൽ പ്രവർത്തിക്കുമോ എന്നത് വെല്ലുവിളിയാണ്.
അശോക സ്തംഭവും, ഐഎസ്ആർഒയുടെ ചിഹ്നവും ചന്ദ്രോപരിതലത്തിൽ പതിപ്പിച്ചാവും പ്രഗ്യാൻ റോവറിന്റെ യാത്ര. ഇതിന്റെ ചക്രങ്ങളിൽ ഈ ചിഹ്നങ്ങൾ പതിപ്പിച്ചിട്ടുണ്ട്. കാറ്റ് ഇല്ലാത്തതിനാൽ ഈ മുദ്ര മായാതെ കിടക്കും. ലാൻഡറിൽനിന്ന് നിശ്ചിത ദൂരത്തിൽ മാത്രമാണ് റോവർ സഞ്ചരിക്കുക. ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുന്ന ഈ മനുഷ്യ നിർമ്മിത പേടകം നിർണായക വിവരങ്ങൾ ശേഖരിക്കുമെന്നാണു പ്രതീക്ഷ.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്നലെ ചന്ദ്രയാൻ മൂന്ന് പേടകം വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയത്. 40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ.
2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയിൽ നിന്നും എൽ.വി എം 3 റോക്കറ്റിലായിരുന്നു പേടകത്തിന്റെ യാത്ര. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
മറുനാടന് ഡെസ്ക്