ബീജിങ്: മണ്ണിൽ ദുരന്തം വിതയ്ക്കാൻ മറ്റൊരു ചൈനീസ് റോക്കറ്റ് അവശിഷ്ടം കൂടിതിരികെയെത്തുന്നു. ചൈനീസ് ലോംഗ് മാർച്ച് 5 ബി റോക്കറ്റിന്റെ 23 ടൺ ഭാരമുള്ള അവശിഷ്ടം ഈ വാരാന്ത്യത്തിൽ ഭൂമിയിൽ പതിക്കുമെന്നാണ് കണക്കക്കപ്പെടുന്നത്. അത് എവിടെ പതിക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. 2011-ൽ ചൈനയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ നിന്നും നാസയെ അമേരിക്ക വിലക്കിയതിനെ തുടർന്ന് സ്വന്തമായ സ്പേസ് സ്റ്റേഷൻ എന്ന ദൗത്യം ചൈന ആരംഭിച്ചിരുന്നു. അതിന്റെ അവസാന ഭാഗങ്ങളുമായിപോയ റോക്കറ്റാണ് ഗതി തെറ്റി തിരികെ ഭൂമിയിൽ എത്തുന്നത്.

ഒട്ടുമിക്ക ആധുനിക റോക്കറ്റുകളും ഇത്തരം സാഹചര്യത്തിൽ പസഫിക് സമുദ്രത്തിലെ വിദൂര പ്രദേശത്തേക്ക് സ്വയം നയിക്കപ്പെടുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. എന്നാൽ, ലോംഗ് മാർച്ച് 5 ബി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപായി അതിന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങുകയായിരുന്നു. റീഎൻട്രി എന്ന് ശാസ്ത്ര ഭാഷയിൽ പറയപ്പെടുന്ന ഈ അപൂർവ്വ പ്രതിഭാസം കാരണമാണ് ഇത് എവിടെ പതിക്കുമെന്ന് പറയാൻ കഴിയാത്തത്. വെള്ളിയാഴ്‌ച്ചയോ ശനിയാഴ്‌ച്ചയോ ഇത് ഭൂമിയിൽ പതിക്കും എന്നാണ് കരുതുന്നത്.

നിലവിൽ, ഈ അവശിഷ്ടത്തെ നിയന്ത്രിക്കുന്ന ഉത്തരവാദിത്തത്തിൽ നിന്നും ചൈന കൈകഴുകിയിരിക്കുകയാണ്. അതോടെ ഇതിനെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. എന്നാൽ, ഇത് ഭൂമിയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാനുള്ള സാഹചര്യം വിദൂരമാണെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. ഏകദേശം ഒരു എട്ടുനിലക്കെട്ടിടത്തിന്റെ വലിപ്പമുള്ള ഈ കൂറ്റൻ റോക്കറ്റിന്റെ എത്രഭാഗം ഭൂമിയിൽ പതിക്കുമെന്ന് ഇപ്പോഴും കൃത്യമായി പറയാറായിട്ടില്ല. ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്നതോടെ താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസം മൂലം പല ഭാഗങ്ങളും കത്തിപ്പോകാൻ ഇടയുള്ളതിനാലാണിത്.

എന്നാൽ, തികച്ചും അസാധാരണമായ വലിപ്പമുള്ള റോക്കറ്റ് ആയതിനാൽ അത് പൂർണ്ണമായും കത്തി നശിക്കാൻ ഇടയില്ല. സാധാരണ ഗതിയിൽ ഇത്തരത്തിൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന വസ്തുക്കളുടെ 20 മുതൽ 40 ശതമാനം വരെ കത്തി നശിക്കാതെ അന്തരീക്ഷത്തിൽ കൂടി കീഴോട്ട് പതിക്കും എന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഈ ഭാഗം എവിടെ പതിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നിരുന്നാലും, പല പല ചെറുകഷണങ്ങളായി പതിക്കാനാണ് സാധ്യത എന്ന് പലരും വിലയിരുത്തുന്നു.

എന്നാൽ, ഇതിന്റെ ഗതി നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ശാസ്ത്രജ്ഞർ പറയുന്നത് ഇത് വീഴാൻ സാധ്യതയുള്ള ഇടങ്ങളിൽ 88 ശതമാനത്തോളം ജനാവാസ കേന്ദ്രങ്ങളാണ് എന്നാണ്. അതിൽ ചിലയിടങ്ങളിൽ ജനസാന്ദ്രത വളരെ കൂടുതലുമാണ്. എന്നിരുന്നാലും, ആളോഴിഞ്ഞ വിജന പ്രദേശങ്ങളിലോ സമുദ്രത്തിലോ പതിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല എന്നും അവർ പറയുന്നു.

ഇത് നാലാം തവണയാണ് ചൈനയുടെ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഭൂമിക്കും മനുഷ്യർക്കും ഭീഷണിയാകുന്നത്. ലോംഗ് മാർച്ച് 5 ബി വിക്ഷേപണം ചെയ്തപ്പോഴൊക്കെ അത് മനുഷ്യർക്ക് ഭീഷണി ഉയർത്തി, ഇത്തരത്തിൽ നിയന്ത്രണമില്ലാതെ തിരിച്ചെത്തിയിട്ടുണ്ട്. 2020, 2021, എന്നീ വർഷങ്ങളിലും ഈ വർഷം ജൂലായിലും ഇത്തരത്തിൽ വിക്ഷേപണം ചെയ്ത റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിച്ചിരുന്നു.

2020 മേയിൽ ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം ഐവറി കോസ്റ്റിലെ രണ്ട് ഗ്രാമങ്ങളിൽ പതിച്ചിരുന്നു. അന്ന് അവിടങ്ങളിൽ ചില നാശനഷ്ടങ്ങളും ഉണ്ടയി. 2021-ൽ പക്ഷെ ഇന്ത്യൻ സമുദ്രത്തിൽ മാലി ദ്വീപിനു സമീപത്തായാണ് ഇത് പതിച്ചത് എന്നതിനാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ല. ഇക്കഴിഞ്ഞ ജൂലായിൽ റോക്കറ്റിന്റെ ബൂസ്റ്റർ ഉൾപ്പടെയുള്ള ഭാഗങ്ങളായിരുന്നു ഭൂമിയിൽ പതിച്ചത്. മലേഷ്യയിലേയും ഇന്തോനേഷ്യയിലേയും ചിലദ്വീപുകളിലായിരുന്നു ഇത് പതിച്ചത്. ഫിലിപ്പൈൻസിനു സമീപം സമുദ്രത്തിലും ഇത് പതിച്ചിരുന്നു.

മിക്ക ആധുനിക റോക്കറ്റുകളിലും, ഉപഗ്രഹങ്ങളും മറ്റും നിക്ഷേപിക്കുന്ന ദൗത്യം പൂർത്തിയാക്കിയാൽ, റോക്കറ്റുകൾ ആൾവാസമില്ലാത്ത പ്രദേശങ്ങളിലേക്ക് തിരിച്ചു പതിക്കുന്നതിനുള്ള സാങ്കേതിക വിദ്യയുണ്ട്. എന്നാൽ, ചൈന രൂപ കല്പന ചെയ്ത ഈ റോക്കറ്റിൽ നിയന്ത്രിത റീ എൻട്രി സംവിധാനമില്ല.