കാലിഫോർണിയ: ചൊവ്വയിൽ മനുഷ്യ കോളനികൾ സ്ഥാപിക്കുക എന്ന തന്‍റെ ദീർഘകാല സ്വപ്നത്തിൽ നിന്ന് താത്കാലികമായി നിലപാട് മാറ്റി അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ചൊവ്വയിലെ മനുഷ്യ കോളനി പദ്ധതിക്ക് മുൻഗണന നൽകുന്നതിന് പകരം ചന്ദ്രനിൽ ഒരു നഗരം നിർമ്മിക്കുന്നതിനാണ് സ്പേസ്എക്‌സ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മസ്‌ക് അടുത്തിടെ പ്രഖ്യാപിച്ചു.

ചൊവ്വയിലെ പദ്ധതികൾക്ക് ഇരുപത് വർഷത്തിലധികം സമയമെടുക്കുമെന്നും എന്നാൽ ചന്ദ്രനിൽ പത്ത് വർഷത്തിനുള്ളിൽ ഒരു സ്ഥിരതാമസ നഗരം സ്ഥാപിക്കാനാകുമെന്നുമാണ് ഇലോൺ മസ്‌കിന്റെ പുതിയ വിലയിരുത്തൽ. 2002-ൽ സ്പേസ്എക്‌സ് സ്ഥാപിച്ചതിന്‍റെ പ്രധാന ലക്ഷ്യം ചുവന്ന ഗ്രഹത്തിൽ മനുഷ്യവാസം സാധ്യമാക്കുക എന്നതായിരുന്നു. സ്പേസ്എക്‌സിന്റെ വെബ്‌സൈറ്റിലും ചൊവ്വയെ മനുഷ്യരുടെ ഭാവി വാസസ്ഥലമായി പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, ചാന്ദ്ര പര്യവേഷണത്തിൽ മസ്‌ക് മുമ്പ് ഇത്രയധികം ആവേശം പ്രകടിപ്പിച്ചിരുന്നില്ല.

ചൊവ്വയിലേക്കുള്ള യാത്ര ഓരോ 26 മാസത്തിലും മാത്രമാണ് സാധ്യമാവുകയെന്നും ഏകദേശം ആറുമാസത്തോളം സമയമെടുക്കുമെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. എന്നാൽ ചന്ദ്രനിലേക്കുള്ള യാത്ര ഓരോ പത്ത് ദിവസത്തിലും സാധ്യമാവുകയും വെറും രണ്ട് ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനാകുകയും ചെയ്യും. അതിനാൽ ചന്ദ്രനിൽ അതിവേഗം പരീക്ഷണങ്ങളും വികസനവും നടത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.