നെയ്‌റോബി: മനുഷ്യ പരിണാമവുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില തെളിവുകള്‍ കെനിയയില്‍ കണ്ടെത്തി. തുര്‍ക്കാനാ മേഖലയിലാണ് ഇക്കാര്യത്തില്‍ നിര്‍ണായകം ആയോക്കാവുന്ന തെളിവുകള്‍ ലഭിച്ചത്. 15 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയുള്ള രണ്ട് വ്യത്യസ്ത പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരുടെ നാല് കാല്‍പ്പാടുകളാണ് ഇപ്പോള്‍ കണ്ടെത്തിയത്. വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട ജനവിഭാഗങ്ങള്‍ ഒരേ പ്രദേശത്ത് തന്നെ ജീവിച്ചിരുന്നു എന്ന കാര്യത്തില്‍ ഈ കാല്‍പ്പാടുകള്‍ നിര്‍ണായകമാകും.

രണ്ട് സമൂഹത്തിലുമുള്ള ജനങ്ങള്‍ പരസ്പര ധാരണയോടെയും സഹകരണത്തോടെയുമാകും ജീവിച്ചിരുന്നത് എന്നാണ് ഇക്കാര്യങ്ങള്‍ കൂടുതല്‍ വിശകലനം ചെയ്യുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. ഇതില്‍ ഒരു വിഭാഗം പരാന്ത്രോപ്പസ് ബോയ്സി എന്ന വിഭാഗത്തിലും മറ്റൊരു വിഭാഗം ഹോമോ ഇറക്ടസ് എന്ന വിഭാഗത്തിലും ഉള്‍പ്പെട്ടവരാണ്.





പരാന്ത്രോപ്പസ് ബോയ്സി വിഭാഗത്തില്‍ പെട്ടവര്‍ ചെറിയ തലച്ചോറും പരന്ന മുഖവും വലിയ പല്ലുകളും ഉള്ളവരാണ്. അതേ സമയം ഹോമോ ഇറക്ടസ് വിഭാഗക്കാര്‍ ഇന്നത്തെ മനുഷ്യരുടെ അതേ രൂപഭാവങ്ങള്‍ ഉള്ളവരാണെന്നും ഗവേഷകര്‍ പറയുന്നു. അത് കൊണ്ട് തന്നെ

ആധുനിക മനുഷ്യര്‍ കൃത്യമായി ഇവരുടെ പിന്‍ഗാമികള്‍ തന്നെയാണ് എന്നും ഇവര്‍ കരുതുന്നു. പരാന്ത്രോപ്പസ് ബോയ്സിയില്‍ പെട്ട ആളുകളുടെ ശാരീരിക ഘടന അനുസരിച്ച് അവര്‍ക്ക് ദീര്‍ഘ ദൂരം സഞ്ചരിക്കാന്‍ കഴിയില്ല എന്നാണ് കരുതപ്പെടുന്നത്.




എന്നാല്‍ ഹോമോ ഇറക്ടസ് വിഭാഗത്തില്‍ പെട്ടവര്‍ ഇന്നത്തെ കാലത്തെ മനുഷ്യര്‍ നടക്കുന്നത് പോലെ തന്നെയാണ് നടന്നിരുന്നതെന്നും കാല്‍പ്പാടുകള്‍ സംബന്ധിച്ച പര്യവേഷണം നടത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു. ത്രീഡി അനാലിസിസ് ഉള്‍്പ്പെടെയുള്ള പരീക്ഷണങ്ങള്‍ നടത്തിയാണ് അവര്‍ ഈ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.