ലോകാവസാനം എങ്ങനെയായിരിക്കും എന്ന ചര്‍ച്ചകള്‍ക്ക് ഒരിക്കലും അവസാനം ഉണ്ടാകാത്തതാണ്. അന്യഗ്രഹ ജീവികളുടെ ആക്രമണങ്ങള്‍ മുതല്‍ റോബോട്ടുകളുടെ കലാപങ്ങള്‍ വരെ ലോകം അവസാനിക്കാന്‍ കാരണമാകും എന്നാണ് പലരും കരുതിയിരുന്നത്. ഇപ്പോള്‍ പലരും ചര്‍ച്ച ചെയ്യുന്നത് ബിഗ് ക്രഞ്ച് എന്ന പ്രതിഭാസത്തിലൂടെയായിരിക്കും ലോകം അവസാനിക്കുക എന്നാണ്. ഇത് സംഭവിക്കുന്നതിന്റെ തീയതിയും ചിലര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ബിഗ് ക്രഞ്ച് സിദ്ധാന്തമനുസരിച്ച്, പ്രപഞ്ചം ഒടുവില്‍ സ്വയം തകര്‍ന്നുവീഴുമെന്നാണ് പറയുന്നത്. ബഹിരാകാശം ചുരുങ്ങുമെന്നും പ്രപഞ്ചം നശിച്ചു പോകുന്ന തരത്തില്‍ ഊഷ്മാവ് ഉയരുമെന്നുമാണ് ഈ സിദ്ധാന്തക്കാര്‍ പ്രവചിക്കുന്നത്. ഒരു കാലത്ത് ഇതൊരു സാധ്യത മാത്രമായിട്ടാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഡാര്‍ക്ക് എനര്‍ജിയുടെ പുതിയ രീതികള്‍ സൂചിപ്പിക്കുന്നത് പ്രപഞ്ചം ഇല്ലാതാകുന്നത് ബിഗ് ക്രഞ്ചിലൂടെ ആയിരിക്കും എന്നാണ്. കോര്‍ണല്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍, ബിഗ് ക്രഞ്ച് എപ്പോള്‍ ആരംഭിക്കുമെന്ന് കൃത്യമായി കണക്കാക്കിയിട്ടുണ്ട്.

എന്നാല്‍ അക്കാര്യം നൂറ്റാണ്ടുകള്‍ കഴിഞ്ഞായിരിക്കും സംഭവിക്കുക എന്നത് കൊണ്ട് നമുക്ക് സ്വസ്ഥമായിരിക്കാം എന്നാണ്. 13.8 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രപഞ്ചത്തെ സൃഷ്ടിച്ച മഹാവിസ്ഫോടനത്തിന് വിപരീതമാണ് ബിഗ് ക്രഞ്ച്. ബിഗ് ബാങ്ങിനുശേഷം, പ്രപഞ്ചം അതിവേഗം വികസിക്കുകയായിരുന്നു. കടുത്ത ചൂടില്‍ നിന്നാണ് പിന്നീട് കൊടും തണുപ്പെത്തി ഇന്നത്തെ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്.

ബിഗ് ക്രഞ്ചിന്റെ സമയത്ത്, ഈ പ്രക്രിയ വിപരീത ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രപഞ്ചം കടുത്ത അവസ്ഥയിലേക്കാണ് മാറുന്നത്. ഇത് ഡാര്‍ക്ക് എനര്‍ജി എന്ന നിഗൂഢ ശക്തി മൂലമാണെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ബിഗ് ക്രമഞ്ച് സമയത്ത് ഭൂമിയിലെ ജീവിതം എങ്ങനെയായിരിക്കും എന്നാണ് പലരും ചോദിക്കുന്നത്. പ്രപഞ്ചത്തെ അതിന്റെ ഉപരിതലത്തില്‍ വരച്ചിരിക്കുന്ന നിരവധി ചെറിയ കുത്തുകളുള്ള ഒരു ബലൂണ്‍ പോലെ സങ്കല്‍പ്പിക്കാനാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്. നിങ്ങള്‍ വായു അകത്തേക്ക് ഊതുമ്പോള്‍, ബലൂണ്‍ വികസിക്കുകയും ഉപരിതലം നീളുകയും എല്ലാ കുത്തുകള്‍ക്കിടയിലുള്ള ദൂരം വലുതാകുകയും ചെയ്യുന്നു.

ബിഗ് ക്രഞ്ച് എന്നത് ബലൂണില്‍ നിന്ന് എല്ലാ വായുവും ഒറ്റയടിക്ക് പുറത്തേക്ക് വിടുന്നത് പോലെയാണ്. 13 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, പ്രപഞ്ചത്തിലെ ഊര്‍ജ്ജ സാന്ദ്രത ഇപ്പോഴുള്ളതിനേക്കാള്‍ ഏകദേശം 1,000 മടങ്ങ് കൂടുതലായിരിക്കുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നത്. ഏതാനും ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍, മുഴുവന്‍ പ്രപഞ്ചവും സൂര്യന്റെ ഉപരിതലം പോലെ ചൂടാകും. തുടര്‍ന്ന് പ്രപഞ്ചം ഇതില്‍ എരിഞ്ഞ് തീരുമെന്നാണ് അവര്‍ പ്രവചിക്കുന്നത്.

സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ പരസ്പരം അടുത്തുവരുമെന്നും അവ പരസ്പരം തകര്‍ക്കുമെന്നും ഗവേഷകര്‍ കണക്ക് കൂട്ടുന്നു. 19.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ബിഗ് ക്രഞ്ച് സംഭവിക്കുക എന്നാണ് കരുതപ്പെടുന്നത്. ഏകദേശം 5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, സൂര്യന്‍ നാടകീയമായി വളരാന്‍ തുടങ്ങും. അതിന്റെ പുറം പാളികള്‍ വികസിക്കുകയും സൗരയൂഥത്തിന്റെ ഭൂരിഭാഗവും വിഴുങ്ങുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.