- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പിളി അമ്മാവനെ തൊട്ടറിഞ്ഞ ഇന്ത്യ ഇനി സൂര്യനിലേക്ക്; ആദിത്യ എൽ 1 കുതിച്ചുയർന്നു; ശ്രീഹരികോട്ടയിൽ നിന്ന് ഉയർന്നത് പിഎസ്എൽവി എക്സ്എൽ സി 57 റോക്കറ്റിൽ; സൂര്യന്റെ പുറംഭാഗത്തെ താപവ്യത്യാസവും ബഹിരാകാശ കാലാവസ്ഥയും പഠനലക്ഷ്യങ്ങൾ; ലെഗ്രാഞ്ച് ബിന്ദുവിൽ എത്താൻ വേണ്ടത് നാലു മാസത്തോളം; സൂര്യന്റെ സങ്കീർണ പ്രവർത്തനങ്ങൾ പഠിക്കുക അഞ്ചു വർഷത്തോളം
ബംഗളൂരു: ഐഎസ്ആർഒയുടെ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ 1 കുതിച്ചുയർന്നു. ഇന്നലെയാണ് പേടകം വിക്ഷേപിക്കാനുള്ള കൗണ്ട് ഡൗൺ തുടങ്ങിയത്. 11.50ന് ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽ നിന്നാണ് പേടകം കുതിച്ചുയർന്നത്. എക്സൽ ശ്രേണിയിലുള്ള പിഎസ്എൽവി എക്സ്എൽ സി57
റോക്കറ്റിലാണ് പേടകം കുതിച്ചത്.
സൂര്യനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഭൂമിയെ ബാധിക്കുന്നത് എങ്ങനെയെന്ന് പഠിക്കുകയാണ് ലക്ഷ്യം. സൗരവാതങ്ങൾ, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്ഷൻ തുടങ്ങിയ സൗരപ്രതിഭാസങ്ങളെയും നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കും. ഇന്ത്യയുടെ ഈ ശാസ്ത്ര നീക്കത്തെ ലോക രാജ്യങ്ങളും പ്രതീക്ഷയോടെയാണ് കാണുന്നത്. ചന്ദ്രയാൻ മൂന്നിന്റെ ചരിത്ര വിജയത്തിന് ശേഷമാണ് ആദിത്യയുടെ വിക്ഷേപണം. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലാഗ്രാഞ്ച് പോയിന്റിൽ നിന്നാണ് പേടകം സൂര്യനെ പഠിക്കുക. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയിൽ എത്തുക. ആധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്. സൂര്യന്റെ സങ്കീർണ അന്തരീക്ഷമായ കൊറോണയെപ്പറ്റി വിവരങ്ങൾ ശേഖരിച്ച് പേടകം ഭൂമിയിലേക്ക് അയക്കും. നിരന്തര പഠനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Indian Space Research Organisation (ISRO) launches solar mission, #AdityaL1 from Satish Dhawan Space Centre in Sriharikota pic.twitter.com/n980WYkbRk
- ANI (@ANI) September 2, 2023
സൂര്യന്റെ അറിയാക്കഥകൾ കണ്ടെത്തുകയാണ് ലക്ഷ്യം. 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽവി എക്സ്എൽ സി57 റോക്കറ്റ് കുതിച്ചുയരുന്നത് ഏറെ പ്രതീക്ഷയുമായാണ്. 64 മിനിറ്റിനുശേഷം, ഭൂമിയിൽനിന്ന് 648.7 കിലോമീറ്റർ അകലെ, ആദിത്യ റോക്കറ്റിൽ നിന്നു വേർപെടും. തുടർന്ന് 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയർത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ച് ബിന്ദുവിൽ എത്തുക. ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണിത്.
ഇവിടെനിന്നാകും സൗര അന്തരീക്ഷത്തിന്റെ മുകൾഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും 5 വർഷത്തോളം പഠിക്കുക. വിവിധ പഠനങ്ങൾക്കായി വെൽക്, സ്യൂട്ട്, സോളക്സ്, ഹെലിയസ്, അസ്പെക്സ്, പാപ, മാഗ് എന്നീ 7 പേലോഡുകൾ ആദിത്യയിലുണ്ട്. ചന്ദ്രയാൻ 3 ദൗത്യ വിജയത്തിനു പിന്നാലെ ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിനും വിദേശ ബഹിരാകാശ ഏജൻസികളുടെ സഹായവും പിന്തുണയുമുണ്ട്. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും (ഇഎസ്എ) പലതരത്തിൽ ആദിത്യ എൽ1 ദൗത്യത്തിനു പിന്തുണ നൽകുന്നുണ്ട്.
ആദിത്യയുടെ വിക്ഷേപണം മുതൽ ഓർബിറ്റിൽ എത്തുന്നതുവരെയും തുടർന്നുമുള്ള കമാൻഡുകൾ നൽകുന്നതിനും ആദിത്യയിൽ നിന്നുള്ള ശാസ്ത്ര വിവരങ്ങൾ സമാഹരിക്കുന്നതിനും അടുത്ത 2 വർഷം ഇഎസ്എയുടെ കീഴിൽ ഓസ്ട്രേലിയ, സ്പെയിൻ, അർജന്റീന എന്നിവിടങ്ങളിലുള്ള മൂന്ന് 35 മീറ്റർ ഡീപ് സ്പേസ് ആന്റിനകൾ സഹായിക്കും. ഫ്രഞ്ച് ഗയാനയിലെ കോറോ സ്റ്റേഷനും യുകെയിലെ ഗൂൺഹില്ലി എർത്ത് സ്റ്റേഷനും ഈ ദൗത്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഉപഗ്രഹം കൃത്യമായി ഓരോ നിമിഷവും ഏതു സ്ഥാനത്തായിരിക്കുമെന്നു കണ്ടെത്താൻ ഐഎസ്ആർഒ നിർമ്മിച്ച ഓർബിറ്റ് ഡിറ്റർമിനേഷൻ സോഫ്റ്റ്വെയറിന്റെ കൃത്യത പരിശോധിക്കാനും ഇഎസ്എ സഹായിച്ചിട്ടുണ്ട്. ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ (എൽ1) ആദിത്യയ്ക്കു കൂട്ടാകാൻ ഇഎസ്എ 1996 ൽ വിക്ഷേപിച്ച സോളർ ഹീലിയോസ്ഫിറിക് ഒബ്സർവേറ്ററി (സോഹോ) എന്ന നിരീക്ഷണ ദൗത്യം കാത്തിരിപ്പുണ്ട്.
സൂര്യനെ കുറിച്ചുള്ള പഠനമാണ് ആദിത്യ എൽ1 പേടകം ലക്ഷ്യമിടുന്നതെന്നും എൽ1 പോയന്റിൽ എത്തിച്ചേരാൻ 125 ദിവസങ്ങളെടുക്കുമെന്നും ഐഎസ് ആർ ഒ ചെയർമാൻ ഇ സോമനാഥ് പറഞ്ഞു. ചന്ദ്രയാൻ-4 നെ കുറിച്ച് ഇതുവരെ അന്തിമതീരുമായിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ആദിത്യ എൽ 1ന് ശേഷം ഗഗൻയാൻ ആകും അടുത്ത ദൗത്യമെന്നും കൂട്ടിച്ചേർത്തു. ഒക്ടോബർ ആദ്യവാരം ഗഗൻയാൻ വിക്ഷേപണം നടക്കുമെന്നും അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ