ലോകാവസാനം എങ്ങനെയായിരിക്കും സംഭവിക്കുക. മനുഷ്യര്‍ എല്ലാ കാലവും ചിന്തിച്ച് തല പുണ്ണാക്കുന്ന വിഷയമാണ് ഇത്. എന്നാല്‍ ഒരു സംഘം ഗവേഷകര്‍ ഇപ്പോള്‍ ലോകാവസാനം എങ്ങനെയായിരിക്കും എന്ന പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഡര്‍ഹാം യൂണിവേഴ്സിറ്റിയിലെ വിദഗ്ധരാണ് ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ നിരീക്ഷണം നടത്തിയിരിക്കുന്നത്. ഭൂമി ഉള്‍പ്പെടുന്ന ക്ഷീരപഥം അഥവാ മില്‍ക്കിവേ ആന്‍ഡ്രോമീഡ ഗാലക്സിയുമായി കൂട്ടിയിടിച്ചായിരിക്കും ലോകാവസാനം സംഭവിക്കാന്‍ പോകുന്നത് എന്നാണ് അവര്‍ പറയുന്നത്.

ഒരു ലക്ഷത്തോളം സിമുലേഷനുകളിലൂടെയാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. അടുത്ത പത്ത് ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ ക്ഷീരപഥം ആന്‍ഡ്രോഡീമയുമായി കൂട്ടിയിടിക്കുന്നതിന് അമ്പത് ശതമാനം സാധ്യതയുണ്ടെന്നാണ് അവര്‍ പറയുന്നത്. 220,000 മൈല്‍ വേഗതയിലായിരിക്കും ഈ കൂട്ടിയിടി നടക്കുക. രണ്ട് ഗാലക്സികള്‍ക്കും ഇത് വന്‍ നാശമായിരിക്കും വരുത്തി വെയ്ക്കുക എന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ്് തരുന്നത്. എന്നാല്‍ ഈ കൂട്ടിയിടിയെ കുറിച്ച് നമ്മള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഈ അപകട സാധ്യത നേരത്തേ നടത്തിയ പഠനറിപ്പോര്‍ട്ടുകളേക്കാള്‍ ശക്തി കുറഞ്ഞതായിരിക്കും എന്നാണ് കരുതപ്പെടുന്നത്.

ഭൂമിയില്‍ നിന്ന് 2.5 ദശലക്ഷം പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ആന്‍ഡ്രോമിഡയാണ് ക്ഷീരപഥത്തിന്റെ ഏറ്റവും അടുത്തുള്ള പ്രധാന ഗാലക്സി. ക്ഷീരപഥത്തിന്റെ അതേ പിണ്ഡമുള്ളതാണ് ഈ ഗാലക്സി. അതേ സമയം ഇതിന് അസാമാന്യമായ വലിപ്പവും ഉണ്ട്. എന്നാല്‍ ക്ഷീരപഥവും ആന്‍ഡ്രോമിഡയും ബഹിരാകാശത്തിലൂടെ സഞ്ചരിക്കുമ്പോള്‍, സമീപത്തുള്ള മറ്റ് ഗാലക്സികളുടെ ഗുരുത്വാകര്‍ഷണ ബലം അവയെ അപകടകരമായ രീതിയില്‍ അടുപ്പിക്കുന്നു എന്നാണ് കരുതപ്പെടുന്നത്.

ഗാലക്സി കൂട്ടിയിടിക്കുന്നത് അപൂര്‍വമാണെങ്കിലും, പ്രപഞ്ചം ഉണ്ടായ കാലം മുതല്‍ വളരെ ദൂരെയുള്ള ഗാലക്സികളില്‍ നിന്നുള്ള പ്രകാശം ഇത് സംബന്ധിച്ച വ്യക്തമായ സൂചനയാണ് നല്‍കുന്നത്. നേരത്തേ നടത്തിയ പഠനങ്ങളിലും അഞ്ച് ബില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്ഷീരപഥവും

ആന്‍ഡ്രോഡീമയും തമ്മില്‍ കൂട്ടിയിടിക്കുമെന്ന സൂചനകള്‍ ലഭിച്ചിരുന്നു. ഗവേഷകരുടെ ഒരു ലക്ഷം സിമുലേഷനുകളില്‍ വെറും രണ്ട് ശതമാനത്തില്‍ മാത്രമാണ് ക്ഷീരപഥവും ആന്‍ഡ്രോമിഡ ഗാലക്സികളും അഞ്ച് ബില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂട്ടിയിടിക്കുന്നത്.

പകുതി സിമുലേഷനുകളിലും, ഗാലക്സികള്‍ പരസ്പരം വളരെ അടുത്തായി കടന്നുപോകുന്നതായിട്ടാണ് കാണപ്പെടുന്നത്. രണ്ട് ഗാലക്സികള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതോടെ ലോകാവസാനം ഉണ്ടാകുമെന്ന് ചിന്തിക്കേണ്ട കാര്യമില്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ ഒരു കൂട്ടിയിടി ഉണ്ടായാല്‍ പോലും അത് ഭൂമിയും സൂര്യനും എല്ലാം ഇല്ലാതായതിന് ശേഷമായിരിക്കും എന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ഇനി അതിനു മുമ്പ് അത് സംഭവിച്ചാല്‍ പോലും, നിലവിലെ സാഹചര്യത്തില്‍ ഭൂമിക്ക് എന്തെങ്കിലും അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് വ്യക്തമാകുന്നത്.