- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യനിലേക്ക് ചുവടുവച്ച് മുന്നേറി ആദിത്യ എൽ1; ആദ്യ ഭ്രമണപഥം വിജയകരമായി വികസിപ്പിച്ചു; പേടകം നിലവിൽ ഭൂമിയുടെ 245 കിലോമീറ്റർ അടുത്തും 22459 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിൽ; സെപ്റ്റംബർ അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് രണ്ടാമത്തെ ഭ്രമണപഥം വികസിപ്പിക്കൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ
ബെംഗളുരു: ഇന്ത്യയുടെ ആദ്യ സോളാർ സ്പേസ് ഒബ്സർവേറ്ററി ദൗത്യമായ ആദിത്യ എൽ1 പേടകത്തിന്റെ ഭ്രമണപഥം വിജയകരമായി വികസിപ്പിച്ചു. ഭൂമിയുടെ 245 കിലോമീറ്റർ അടുത്തും 22459 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകം വലംവെക്കുന്നത്. സെപ്റ്റംബർ അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് രണ്ടാമത് ഭ്രമണപഥം വികസിപ്പിക്കൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
സൂര്യ രഹസ്യങ്ങൾ തേടി ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എൽ1 ഇന്നലെയാണ് വിജയകരമായി വിക്ഷേപിച്ചത്. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പി.എസ്.എൽ.വി സി 57 റോക്കറ്റിലാണ് പേടകം സൂര്യനെ ലക്ഷ്യമാക്കി കുതിച്ചുയർന്നത്. വിക്ഷേപണം കഴിഞ്ഞ് 64-ാം മിനിറ്റിൽ ഭൂമിയിൽ നിന്ന് 648.7 കിലോമീറ്റർ അകലെ റോക്കറ്റുമായി വേർപെട്ടിരുന്നു.
ഉപഗ്രഹത്തെ മുൻകൂർ നിശ്ചയിച്ച ഭ്രമണപഥത്തിൽ കൃത്യമായി സ്ഥാപിച്ചതായി ഐഎസ്ആർഒ മേധവി എസ്. സോമനാഥ് വ്യക്തമാക്കിയിരുന്നു. ഇതോടെ ഉപഗ്രഹം ലാഗ്രാഞ്ച് പോയന്റ് ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിക്കുമെന്നും 125 ദിവസത്തോളം നീണ്ടു നിൽക്കുന്ന യാത്രയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് പിഎസ്എൽവി സി57 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഭൂമിയോടടുത്ത ഭ്രമണ പഥത്തിൽ 16 ദിവസം തുടരുന്ന ഉപഗ്രഹത്തിന്റെ ഭ്രമണ പഥം അഞ്ച് തവണയായി ഉയർത്തുകയും ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാര വേഗം കൈവരിക്കുകയും ചെയ്യും.
ഭൂമിയിൽ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ലഗ്രാഞ്ച് പോയന്റ് 1 (എൽ 1) ലാണ് ഉപഗ്രഹത്തെ എത്തിക്കുക. അഞ്ച് വർഷവും എട്ട് മാസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യന്റേയും ഭൂമിയുടേയും ആകർഷണ വലയത്തിൽ പെടാത്ത ഹാലോ ഓർബിറ്റിലാണ് ഉപഗ്രഹം സഞ്ചരിക്കുക.
1500 കിഗ്രാം ഭാരമുണ്ട് ഇതിന്. വിസിബിൾ ലൈൻ എമിഷൻ കൊറോണ ഗ്രാഫ് (വി.ഇ.എൽ.സി), സോളാർ അൾട്രാ വയലറ്റ് ഇമേജിങ് ടെലസ്കോപ്പ് (എസ്.യു.ഐ.ടി), ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ (എച്ച്യഇ.എൽ.1.ഒ.എസ്), ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ് (എ.എസ്പി.ഇ.എക്സ്), പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പി.എ.പി.എ.), മാഗ്നറ്റോ മീറ്റർ, സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ (എസ്.ഒ.എൽ.ഇ.എക്സ്.എസ്) എന്നിങ്ങനെ ഏഴ് പരീക്ഷണോപകരണങ്ങൾ (പേലോഡുകൾ) ആണ് ആദിത്യ എൽ 1 ൽ ഉള്ളത്.
സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉൾപ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലുൂടെ ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും.
ലാഗ്രാഞ്ച് പോയിന്റിൽ പേടകമെത്തിച്ചുള്ള ആദ്യ ദൗത്യം
ഇസ്രോ മുൻപ് ഉപഗ്രഹങ്ങളിലൂടെ സൗര പഠനം നടത്തിയിട്ടുണ്ടെങ്കിലും ബഹിരാകാശത്തെ ലാഗ്രാഞ്ച് പോയിന്റിൽ പേടകമെത്തിച്ചു നടത്തുന്ന ആദ്യത്തെ ദൗത്യമാണ് ഇത്.
ആദിത്യ-എൽ1 സൂര്യനിൽ ഇറങ്ങുകയോ സൂര്യന്റെ അടുത്തേക്കു ചെല്ലുകയോ ഉണ്ടാവില്ല. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) റോക്കറ്റിൽ വിക്ഷേപിച്ച ശേഷം ആദിത്യ എൽ1 ദൗത്യം ഭൗമ ഭ്രമണപഥത്തിൽ എത്തും. അവിടെ നിന്ന് ചന്ദ്രയാനിന്റേതു സമാനമായ തന്ത്രത്തിൽ ഭ്രമണപഥം ഉയർത്തി പുറത്തുകടന്നശേഷം, അതു ഹാലോ പരിക്രമണ പഥത്തിലേക്കു പ്രവേശിക്കും. 4മാസത്തെ യാത്രയ്ക്കു ശേഷമായിരിക്കും ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ളസൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയിൽ വരുന്ന ഒന്നാം ലഗ്രാഞ്ചേ ബിന്ദു (എൽ1)വിൽ എത്തുക
L1 മുതൽ L5 വരെയുള്ള അഞ്ച് ലഗ്രാഞ്ചേ പോയിന്റുകളുണ്ട്. ഈ സ്ഥാനങ്ങൾ ആകാശഗോളങ്ങളുടെ ഗുരുത്വാകർഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ബഹിരാകാശ പേടകങ്ങൾക്ക് കുറഞ്ഞ ഇന്ധന ഉപഭോഗത്തിൽ ഒരു നിശ്ചിത സ്ഥാനത്ത് തുടരുന്നതിന് പോയിന്റുകൾ 'പാർക്കിങ് സ്പോട്ടുകളായി' ഉപയോഗിക്കാം. ഇറ്റാലിയൻ-ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ ജോസഫ്-ലൂയിസ് ലഗ്രാഞ്ചിന്റെ (1736-1813) പേരിലാണ് ഈ സ്ഥാനങ്ങൾ ആദ്യമായി കണ്ടെത്തിയത്.
സൗരോർജ്ജ പ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അതിന്റെ സ്വാധീനവും കൊറോണൽ ഹീറ്റിങ്, കൊറോണൽ മാസ് എജക്ഷൻ തുടങ്ങിയവ തത്സമയം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യും.
ആകെ ഏഴ് പേലോഡുകളുണ്ട്, അവയിൽ നാലെണ്ണം സൂര്യന്റെ റിമോട്ട് സെൻസിങ് നടത്തുകയും മൂന്നെണ്ണം ഇൻ-സിറ്റു നിരീക്ഷണം നടത്തുകയും ചെയ്യുന്നു.
1. വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (VLEC): സോളാർ കൊറോണയെപ്പറ്റി പഠിക്കും.
2.സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (SUIT): സോളാർ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും UV ചിത്രം പകർത്തും.
3. സൂര്യനിൽ നിന്നും പുറപ്പെടുന്ന പല തരത്തിലുള്ള എക്സ് റേ തരംഗങ്ങളെക്കുറിച്ചുള്ള വിവര ശേഖരണമാണ് സോളാർ ലോ എനർജി എക്സ് റേ സ്പെക്ട്രോമീറ്റർ(SoLEXS), ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ് റേ സെപ്ക്ടോമീറ്റർ(HEL1OS) എന്നീ ഉപകരണങ്ങൾ വഴി നടക്കുന്നത്.
4.സൗര കാറ്റിലേയും മറ്റും ഇലക്ട്രോണുകളേയും പ്രോട്ടോണുകളേയും ഊർജകണങ്ങളേയും ആദിത്യ സോളാർ വിൻഡ് പാർട്ടികിൾ എക്സ്പിരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ(PAPA) എന്നിവ പഠിക്കും.
5.സൂര്യന്റെ കാന്തിക മണ്ഡലത്തെക്കുറിച്ച് അഡ്വാൻസ്ഡ് ട്രി ആക്സിയൽ ഹൈ റെസല്യൂഷൻ ഡിജിറ്റൽ മാഗ്നെറ്റോമീറ്ററാണ് പഠിക്കുക.
ആദിത്യ-എൽ1-ലെ ഏറ്റവും വലുതും സാങ്കേതികമായി ഏറ്റവും വെല്ലുവിളി നിറഞ്ഞതുമായ പേലോഡാണ് സിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് . ഭ്രമണപഥത്തിൽ എത്തിയതിന് ശേഷം വിശകലനത്തിനായി ഗ്രൗണ്ട് സ്റ്റേഷനിലേക്ക് പ്രതിദിനം 1,440 ചിത്രങ്ങൾ അയയ്ക്കുമത്രെ. ബെംഗലൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ (യുആർഎസ്സി) ആണ് ആദിത്യ എൽ1 പേടകം നിർമ്മിച്ചത്.
മറുനാടന് ഡെസ്ക്