- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാനോടെക്നോളജിയിൽ കാതലായ മുന്നേറ്റം; നാനോപാർട്ടിക്കിൾസ്, ക്വാണ്ടം ഡോട്ട് എന്നിവയുടെ കണ്ടുപിടിത്തം; രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്നു യു.എസ്. ഗവേഷകർക്ക്
സ്റ്റോക്ക്ഹോം: നാനോടെക്നോളജിയിൽ കാതലായ മുന്നേറ്റത്തിന് വഴിയൊരുക്കിയ മൂന്നു യു.എസ്. ഗവേഷകർക്ക് 2023 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം. ക്വാണ്ടം ഡോട്ടുകൾ കണ്ടെത്തി വികസിപ്പിച്ച മൗംഗി ജി. ബവേൻഡി, ലൂയിസ് ഇ. ബ്രുസ്, അലെക്സി ഐ. ഇക്കിമോവ് എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ക്വാണ്ടം ഡോട്ട്, നാനോപാർട്ടിക്കിൾസ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്കാരത്തിന് അർഹരാക്കിയത്.
ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലോടെ, ഈ ശാസ്ത്രജ്ഞർ നാനോടെക്നോളജിയിൽ പുതിയ വിത്തു വിതയ്ക്കുകയാണ് ചെയ്തതെന്ന്, സ്വീഡിഷ് അക്കാദമിയുടെ വാർത്താക്കുറിപ്പ് പറയുന്നു. ടെലിവിഷനും എൽ.ഇ.ഡി. വിളക്കുകളും മുതൽ സർജറിയുടെ രംഗത്ത് വരെ ഈ കണ്ടെത്തൽ ഇന്ന് പ്രയോഗിക്കപ്പെടുന്നു.
അലക്സി എക്കിമോവാണ് 1981ൽ ആദ്യമായി ക്വാണ്ടം ഡോട്ട്സ് എന്ന ആശയം ശാസ്ത്രലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. അതീവ സൂക്ഷ്മമായ, നാനോ സെമികണ്ടക്ടർ പാർട്ടിക്കിളുകളാണ് ക്വാണ്ടം ഡോട്ട്സ്. കാഡ്മിയം സെലെനൈഡ്, ലെഡ് സൾഫൈഡ് തുടങ്ങിയവ കൊണ്ടാണ് ഇവ നിർമ്മിക്കുക പതിവ്. വലുപ്പമനുസരിച്ച് വിവിധ നിറങ്ങളിൽ പ്രകാശം പുറത്തുവിടാനുള്ള കഴിവും ഇവയ്ക്കുണ്ട്.
ട്യൂണബ്ൾ എമിഷൻ എന്ന ഈ കഴിവ് ഇലക്ട്രോണിക് ഉപകരണങ്ങളും ശസ്ത്രക്രിയ ഉപകരണങ്ങളിലും വരെ ഉപയോഗപ്പെടുത്തുന്നുണ്ട്. ക്വാണ്ടം ഡോട്ടുകൾ ഉപയോഗപ്പെടുത്തിയിട്ടുള്ള എൽഇഡി ലൈറ്റുകൾക്ക് ഉയർന്ന അളവിൽ പ്രകാശം ഉൽപാദിപ്പിക്കാനാകും. വൈദ്യുതി കുറച്ച് കൂടുതൽ പ്രകാശിക്കാനും സാധിക്കും. സോളർ സെല്ലുകളിലും ഇതു ഫലപ്രദമായി ഉപയോഗിക്കാനാകും. കോശങ്ങളുടെയും കലകളുടെയും സൂക്ഷ്മ വിവരങ്ങൾ വരെയെടുത്ത് പ്രദർശിപ്പിക്കാനും കാൻസർ ചികിത്സയിലുമെല്ലാം ഇവയുടെ ഉപയോഗമുണ്ട്. അതിവേഗതയാർന്ന ക്വാണ്ടം കംപ്യൂട്ടിങ്ങിലും ഇന്ന് നിർണായക ഘടകമാണിത്.
ആറ്റത്തിലെ ഇലക്ട്രോണുകളുടെ എണ്ണം അനുസരിച്ചാണ് ഒരു മൂലകത്തിന്റെ സവിശേഷതകൾ കണക്കാക്കുന്നതെന്ന് രസതന്ത്രം പഠിക്കുന്നവർക്കറിയാം. എന്നാൽ, പദാർഥങ്ങൾ തീരെച്ചെറിയ നാനോതലത്തിലെത്തുമ്പോൾ കാര്യങ്ങൾ അടിമുടി മാറും. നാനോതലത്തിൽ കാര്യങ്ങളുടെ നിയന്ത്രണം ക്വാണ്ടം പ്രതിഭാസങ്ങൾക്കാണ്. പദാർഥത്തിന്റെ വലുപ്പത്തിന് അല്ലെങ്കിൽ വലുപ്പക്കുറവിനാണ് പ്രാധാന്യം എന്നുവരുന്നു.
ഇങ്ങനെ, ക്വാണ്ടം പ്രതിഭാസം കാര്യങ്ങളെ നിയന്ത്രിക്കാൻ പോന്നത്ര സൂക്ഷ്മകണങ്ങളെ രൂപപ്പെടുത്തുന്നതിൽ വിജയിച്ചവരാണ്, ഇത്തവണത്തെ നൊബേൽ ജേതാക്കളായത്. ക്വാണ്ടം ഡോട്ടുകളെന്ന് ആ സൂക്ഷ്ണകണങ്ങളെ വിളിക്കുന്നു. നാനോടെക്നോളജി രംഗത്തെ വന്മുന്നേറ്റമെന്ന് ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തൽ വിലയിരുത്തപ്പെടുന്നു.
അതിനിടെ, രസതന്ത്ര നൊബേൽ ചോർന്നത് വിവാദമായി. നൊബേൽ പുരസ്കാരം നിർണയിക്കുന്ന സ്വീഡിഷ് അക്കാഡമി ഇന്ന് പകൽ ഈ പുരസ്കാരം സംബന്ധിച്ച വാർത്താക്കുറിപ്പ് അബദ്ധത്തിൽ അയയ്ക്കുകയായിരുന്നുവെന്ന് സ്വീഡിഷ് മാധ്യമമായ എസ്വിടി റിപ്പോർട്ട് ചെയ്തു. സ്വീഡിഷ് സമയം പകൽ 11.45നാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്.
സാഹിത്യ നൊബേൽ
തിങ്കളാഴ്ച വൈദ്യശാസ്ത്ര നൊബേലും ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേലും പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ചാണ് സാഹിത്യ നൊബേൽ പ്രഖ്യാപിക്കുക. സമാധാന നൊബേൽ വെള്ളിയാഴ്ചയും. തിങ്കളാഴ്ചയാണ് സാമ്പത്തിക നൊബേൽ പ്രഖ്യാപിക്കുക. പുരസ്കാര ജേതാക്കൾക്ക് ലഭിക്കുന്ന തുകയിൽ 10% വർധനവ് ഈ വർഷം നൊബേൽ ഫൗണ്ടേഷൻ വരുത്തിയിട്ടുണ്ട്. 18 കാരറ്റ് ഗോൾഡ് മെഡലും ഡിപ്ലോമ സർട്ടിഫിക്കറ്റും ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ ജേതാക്കൾക്ക് ലഭിക്കും.
മറുനാടന് ഡെസ്ക്