- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്റാർട്ടിക്കയിൽ നിന്നും വർഷം തോറും കടലിലേക്ക് ഒഴുകുന്നത് 200 കോടീയിലേറെ ടൺ ഐസ്; കൊച്ചി അടക്കമുള്ള നഗരങ്ങളെ ഈ നൂറ്റാണ്ടിൽ തന്നെ കടൽ കൊണ്ടു പോകുമോ?
ആഗോളതാപനത്തെ കുറിച്ചുള്ള ചർച്ചകളും സെമിനാറുകളും മാത്രം പോരാ, അത് തടയുന്നതിനുള്ള കാര്യക്ഷമമായ നടപടികൾ എടുക്കേണ്ടത് ലോക ജനതയുടെ സ്വൈര്യ ജീവിതത്തിന് അനിവാര്യമാണെന്ന പുതിയ റിപ്പോർട്ട് പുറത്തു വരുന്നു. ആഗോള താപനത്തിന്റെ ഏറ്റവും ഗുരുതരമായ പരിണിതഫലമാണ് സമുദ്രജല നിരപ്പ് ഉയരുന്നത്. ഇന്നത്തെ നിലയിൽ അത് തുടർന്നായി ആയിരക്കണക്കിന് തീരദേശ നഗരങ്ങൾ ഈ നൂറ്റാണ്ടിൽ തന്നെ കടലിൽ മുങ്ങുമെന്ന് റിപ്പോർട്ട്.
ഭൂമിൂയുടെ ധ്രുവങ്ങളിലെ മഞ്ഞുകട്ടകൾ ഉരുകുന്നതും, സാവധാനം നീങ്ങുന്ന മഞ്ഞുപാളികളുമാണ് സമുദ്രജല നിരപ്പ് ഉയരാൻ പ്രധാന കാരണം. നിർഭാഗ്യവശാൽ, പടിഞ്ഞാറൻ അന്റാർട്ടിക്കയിൽ, അതിവേഗം ഉരുകി സമുദ്രത്തിലേക്ക് ജലം പ്രവഹിക്കുന്ന ഒരു ഹിമാനി അഥവാ മഞ്ഞുപാളി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുകയാണ്. കാഡ്മാൻ ഹിമാനി എന്ന് പേരുള്ള ഈ മഞ്ഞുപാളി പ്രതിവർഷം സമുദ്രത്തിലേക്ക് ഒഴുക്കുന്നത് 2.16 മില്യൻ ടൺ ജലമാണെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.
കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമാണ് കാരണം. ഇതിനാൽ ഇതിന്റെ കനം പ്രതിവർഷം 65 അടി വരെ കുറയുകയാണ്. അതായത് എല്ലാ വർഷവും ഈ മഞ്ഞുപാളിയുടെ കനം, ഒരു അഞ്ചുനില കെട്ടിടത്തിന്റെ ഉയരത്തിന് തുല്യമായ അളവിൽ കുറയുന്നു. യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിലെ ഗ്ലേസിയോളജിസ്റ്റുകൾ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ സ്ഥിരതയുണ്ടെന്ന് തോന്നിപ്പിക്കുന്ന അന്റാർട്ടിക്കയിലെ മിക്ക മഞ്ഞുപാളികളും ഏത് നിമിഷവും ഉരുകിയൊലിക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇവയും ഉരുകിയൊലിക്കാൻ തുടങ്ങിയേക്കാം. ഒരു സ്ഥിരതയുള്ള മഞ്ഞുപാളി എന്ന നിലയിൽ നിന്നാണ് കാഡ്മാൻ ഗ്ലേസിയർ അതിവേഗം ഉരുകുന്ന മഞ്ഞുപാളിയായതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഹിമാനികൾ യഥാർത്ഥത്തിൽ വളരെ പതുക്കെ ഒഴുകുന്ന നദികളാണ്. ഖരാവസ്ഥയിലാണെങ്കിലും അവ ഒഴുകുകയാണ്. എന്നാൽ, മനുഷ്യ നേത്രങ്ങൾ കൊണ്ട് കണ്ടെത്താൻ കഴിയാത്തത്ര സാവധാനത്തിലാണ് അവ ഒഴുകുന്നത്. അതിനാൽ തന്നെ ടൈംലാപ്സ് ക്യാമറകളും ഉപഗ്രഹങ്ങളും ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഹിമാനികൾ ഒഴുകുമെന്ന് തെളിയിക്കുന്നത്.
ബ്രിട്ടീഷ് അന്റാർട്ടിക് സർവ്വേയിൽ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെയാണ് ഗവേഷക സംഘം ഉപഗ്രഹങ്ങൾ ഉപയോഗിച്ച് കാഡ്മാൻ ഹിമാനിയെ നിരീക്ഷിച്ചത്. അന്റാർട്ടിക് ഉപദ്വീപിന്റെ(പ്രധാന കരയിൽ നിന്നും ഒരു വാലുപോലെ തള്ളി നിൽക്കുന്ന ഭാഗം), പടിഞ്ഞാറ് മാറിയുള്ള ബീഅസ്കോഷ്യാ ഉൾക്കടലിലേക്കാണ് കാഡ്മാൻ ഹിമാനി ഉരുകിയൊലിക്കുന്നത്. 2018 നവംബറിനും 2021 മെയ് മാസത്തിനും ഇടയിൽ, ഹിമാനിയുടെ അറ്റത്തുള്ള ഐസ് ഷെല്‍ഫ് തകർന്നതോടെ അഞ്ച് മൈലോളം ഇതിന്റെ നീളം കുറഞ്ഞതായും ഗവേഷകർ കണ്ടെത്തിയിരുന്നു.
ഹിമാനിയിൽ നിന്നും സമുദ്രത്തിലേക്ക് നീണ്ടു നിൽക്കുന്ന ഭാഗമാണ് ഐസ് ഷെല്‍ഫ് എന്നറിയപ്പെടുന്നത്. ഇത് സമുദ്രത്തിന്റെ അടിത്തട്ടിൽ സ്പർശിച്ചു നിൽക്കും മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഹിമാനിയുടെ സമുദ്രത്തിലേക്കുള്ള നീക്കത്തിന്റെ വേഗത കുറയ്ക്കുന്ന ഒരു ബ്രെയ്ക്കിങ് സിസ്റ്റമാൺ' ഐസ് ഷെല്‍ഫ് എന്ന് പറയാം. അത് തകർന്നാൽ, ഹിമാനിയുടെ സമുദ്രത്തിലേക്കുള്ള പ്രവേശനം കൂടുതൽ വേഗത്തിലാകും.ഷെല്‍ഫ് തകർന്നതോടെ ഹിമാനി സമുദ്രത്തിലേക്ക് നീങ്ങുന്ന വേഗത ഇരട്ടിയായതായി ഗവേഷകർ കണ്ടെത്തിയിരുന്നു.
ഇത്തരത്തിൽ ഹിമാനിയുടെ വേഗത വർദ്ധിക്കുമ്പോൾ, അത് മഞ്ഞുമലകളായി സമുദ്രത്തിലേക്ക് തള്ളുന്ന മഞ്ഞിന്റെ അളവും കൂടും. ഈ വർഷങ്ങളിൽ അന്റാർട്ടിക്കൻ ഉപദ്വീപിനു ചുറ്റുമുണ്ടായിരുന്ന വർദ്ധിച്ച സമുദ്രജല താപനിലയാണ് കാഡ്മാൻ ഹിമാനിയിൽ മാറ്റങ്ങൾ വരുത്തിയതെന്ന് ഗവേഷകർ കരുതുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ