- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് ലക്ഷം കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ച പ്ലാസ്മാ തരംഗത്തിന് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഇരട്ടിയിലധികം നീളം; ഈ സ്ഫോടനത്തിന്റെ ഒരു ഭാഗം അടുത്ത ദിവസം ഭൂമിയില്‍ പതിക്കാന്‍ സാധ്യത; വീണ്ടും ബഹിരാകാശ ആശങ്ക
കഴിഞ്ഞ ചൊവ്വാഴ്ച സൂര്യന്റെ വടക്കന്‍ അര്‍ദ്ധഗോളത്തില്‍ അതി ശക്തമായ ചൂടുള്ള പ്ലാസ്മയുടെ തരംഗങ്ങള്‍ പ്രവഹിച്ചതായി റിപ്പോര്‍ട്ട്. ഒരു പക്ഷി ചിറക് വിടര്‍ത്തുന്നത് പോലെയുള്ള രീതിയിലാണ് ഈ പ്ലാസ്മാ തരംഗങ്ങള്‍ പടര്‍ന്നതെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. പത്ത് ലക്ഷം കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ച പ്ലാസ്മാ തരംഗത്തിന് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഇരട്ടിയിലധികം നീളമുണ്ടായിരുന്നു. ഈ സ്ഫോടനത്തിന്റെ ഒരു ഭാഗം അടുത്ത ദിവസം ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഈ മേഖലയിലെ വിദഗ്ധനായ ജൂറെ അറ്റനാക്കോവ്, ഈ പൊട്ടിത്തെറിയുടെ പൂര്‍ണ്ണ ശക്തി തീവ്രമായ ഭൂകാന്തിക കൊടുങ്കാറ്റിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇത് ഔദ്യോഗിക റേറ്റിംഗ് സിസ്റ്റങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയാണ്. നാസയുടെ സൂര്യനെ നിരീക്ഷിക്കുന്ന ഉപഗ്രങ്ങള്‍ ഈ സ്ഫോടനം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. പ്ലാസ്മയുടെ ഫിലമെന്റുകള്‍ ചിറകുകള്‍ പോലെ സൂര്യനില്‍ നിന്ന് അടര്‍ന്ന് വീഴുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ ഇവെയല്ലാം തന്നെ പതിച്ചിരിക്കുന്നത് സൂര്യന്റെ ഉത്തരധ്രുവത്തില്‍ നിന്നാണ്. അത് കൊണ്ട് തന്നെ ഇവ ഭൂമിയില്‍ പതിക്കാന്‍ സാധ്യത കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എങ്കിലും ഇത് കടന്നു പോകുന്നതിനിടെ ഭൂമിയില്‍ നേരിയ തോതില്‍ പ്രത്യാഘാതം ഉണ്ടാക്കാനുള്ള സാധ്യതയും തളളിക്കളയാന്‍ കഴിയുകയില്ല.
വൈദ്യുതി ഉപകരണങ്ങള്‍ കേടുവരാന്‍ ഇത് ചിലപ്പോള്‍ കാരണമായേക്കും. സൂര്യന്റെ ഉപരിതലത്തിന് മുകളില്‍ ശക്തമായ കാന്തികക്ഷേത്രങ്ങളാല്‍ തങ്ങിനില്‍ക്കുന്ന സോളാര്‍ പ്ലാസ്മയുടെ കട്ടിയുള്ള അംശങ്ങളാണ് സോളാര്‍ ഫിലമെന്റുകള്‍. ഇതിലെ കാന്തിക ക്ഷേത്രങ്ങള്‍ അസ്ഥിരമാകുമ്പോള്‍ ശക്തമായ സ്ഫോടനത്തിലൂടെ ഈ ഫിലമെന്റുകള്‍ പുറത്തു വിടുന്നതാണ് ഭൂമിയില്‍ കാന്തിക കൊടുങ്കാറ്റ് ഉണ്ടാകാന്‍ പ്രധാന കാരണം ഇവയുടെ വരവാണ്. കഴിഞ്ഞ ചൊവ്വാഴ്ച രണ്ട് വലിയ ഫിലമെന്റുകള്‍ അസ്ഥിരമാകുകയും തുടര്‍ന്ന് തകരുകയും ചെയ്തു. ഇതാണ് വന്‍തോതിലുള്ള പ്ലാസ്മാ പ്രവാഹത്തിന് കാരണമായത്. നേരത്തയുണ്ടായ എല്ലാ പ്ലാസ്മാ സ്ഫോടനങ്ങളേക്കാളും അതിശക്തമായിരുന്നു ചൊവ്വാഴ്ചയിലെ സ്ഫോടനം എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ചില പ്രദേശങ്ങളില്‍ ഉപഗ്രഹങ്ങളുടെ നാവിഗേഷനും റേഡിയോ പ്രക്ഷേപണവും എല്ലാം തടസപ്പെടാന്‍ ഇത് കാരണമായി മാറാനും സാധ്യതയുണ്ട്. പവര്‍ഗ്രിഡുകള്‍ക്കും റെയില്‍വേ സംവിധാനങ്ങള്‍ക്കും ഇത് വലിയ തോതിലുള്ള കേടുപാടുകള്‍ വരുത്തും എന്നും കരുതപ്പെടുന്നു. ഇതിന്റെ ഫലമായി വലിയ തോതിലുള്ള കൊടുങ്കാറ്റ് ഉണ്ടാകാനുള്ള സാധ്യത ഇരുപത് ശതമാനം മാത്രമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. വടക്കന്‍ സ്‌ക്കോട്ട്ലന്‍ഡില്‍ പ്ലാസ്മാ തരംഗങ്ങള്‍ ദൃശ്യമായേക്കും എന്നും സൂചനയുണ്ട്. ആകാശം നന്നായി തെളിഞ്ഞു നില്‍ക്കുക ആണെങ്കില്‍ മാത്രമേ ഇത് വ്യക്തമായി കാണാന്‍ കഴിയുകയുള്ളൂ.