സ്റ്റോക്ക്ഹോം: 2025-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ശാസ്ത്രജ്ഞരായ മേരി ഇ. ബ്രങ്ക്ഹോവ്, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൻ സകാഗുച്ചി എന്നിവർക്ക്. ശരീരത്തിലെ പ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ ആക്രമിക്കുന്നത് തടയുന്ന 'പെരിഫറൽ ഇമ്യൂൺ ടോളറൻസ്' സംബന്ധിച്ച കണ്ടെത്തലുകളാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്. ശരീരത്തെ ബാധിക്കുന്ന ആയിരക്കണക്കിന് രോഗാണുക്കളിൽ നിന്ന് ദിവസവും നമ്മെ സംരക്ഷിക്കുന്നത് ഈ പ്രതിരോധ സംവിധാനമാണ്.

എന്നാൽ, ഈ പ്രതിരോധ സംവിധാനം അമിതമായി പ്രവർത്തനക്ഷമമായാൽ അത് ശരീരത്തിൻ്റെ സ്വന്തം അവയവങ്ങളെ തന്നെ ആക്രമിക്കാൻ സാധ്യതയുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം. പ്രതിരോധ സംവിധാനം എങ്ങനെയാണ് ശരീരത്തെ സംരക്ഷിക്കേണ്ടതും ആക്രമിക്കേണ്ടതും തിരിച്ചറിയുന്നത് എന്ന ചോദ്യത്തിന് ദീർഘകാലമായി ഗവേഷകർ ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ പാനലാണ് തിങ്കളാഴ്ച പുരസ്കാര പ്രഖ്യാപനം നടത്തിയത്.

ശരീരത്തിലെ പ്രതിരോധ സംവിധാനം പുറത്തുനിന്നുള്ള അണുക്കൾക്കു പകരം സ്വന്തം കോശങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന രീതിയെക്കുറിച്ചാണ് കണ്ടെത്തലുകൾ. ഈ കണ്ടെത്തലുകൾ പുതിയ ഗവേഷണ മേഖലയ്ക്ക് അടിത്തറയിടുകയും കാൻസർ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള പുതിയ ചികിത്സാരീതികൾക്ക് പ്രചോദനമാവുകയും ചെയ്തതായി നോബൽ സമ്മാന സമിതി പ്രസ്താവനയിൽ അറിയിച്ചു.

1901 മുതൽ 2024 വരെ 115 തവണയായി 229 പേർക്ക് മെഡിസിൻ നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മൈക്രോആർഎൻഎ കണ്ടെത്തിയതിന് അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസ്, ഗാരി റുവ്കുൻ എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. മെഡിസിൻ, ഫിസിക്സ്, കെമിസ്ട്രി, സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിലാണ് നോബൽ സമ്മാനങ്ങൾ നൽകുന്നത്. സമ്മാനത്തുകയായി ഏകദേശം 1.2 മില്യൺ ഡോളറും ലഭിക്കും. ഡിസംബർ 10-ന് സ്ഥാപകനായ സ്വീഡിഷ് ശാസ്ത്രജ്ഞൻ ആൽഫ്രഡ് നോബലിന്റെ ചരമദിനത്തോടനുബന്ധിച്ചാണ് സമ്മാന വിതരണം നടക്കുന്നത്.