- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രയാൻ 3 വിജയത്തോടെ ബഹിരാകാശ കരുത്തിൽ ബഹുദൂരം മുന്നിൽ ഇന്ത്യ! അണിയറയിൽ ഒരുങ്ങുന്നത് ഗഗൻയാന്റെ ആളില്ലാ ദൗത്യം അടക്കം അരഡസൺ പദ്ധതികൾ; ഐഎസ്ആർഒയുടെ അടുത്ത ഉന്നം സൂര്യനിലേക്കും; നാസയും ജപ്പാനും അടക്കം പങ്കാളികളായി ബഹിരാകാശ ദൗത്യങ്ങൾ; ബഹിരാകാശത്ത് തിളങ്ങാൻ ഭാരതം
ബംഗളുരു: ചന്ദ്രയാൻ 3ന്റെ വിജയം ഇന്ത്യക്ക് മുന്നിൽ തുറന്നക്കുന്നത് വലിയ സാധ്യതകൾ. തികച്ചു ദീർഘവീക്ഷണത്തോടെയുള്ള ഭാവി മുന്നിൽ കണ്ടിട്ടുള്ള ഒരു ബോൾഡ് ദൗത്യമാണ് ചന്ദ്രയാൻ 3 ലാൻഡർ ഇറക്കം പൂർത്തീകരിച്ചതോടെ ഇന്ത്യ യാഥാർഥ്യമാക്കിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമിറങ്ങിയ ദൗത്യമായി ചന്ദ്രയാൻ 3 വിക്രം ലാൻഡർ മാറിയിരിക്കുന്നു. ചന്ദ്രനിലേക്ക് മനുഷ്യനെ തിരികെ കൊണ്ടുപോകാനായി നാസ ഒരുക്കിയ ബൃഹദ് പദ്ധതിയാണ് ആർട്ടിമിസ്. ഈ പദ്ധതിയുടെ മൂന്നാം ദൗത്യത്തിൽ മനുഷ്യർ വീണ്ടും ചന്ദ്രനിലെത്തും. ചന്ദ്രയാൻ 3 ഇപ്പോഴിറങ്ങിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ആർട്ടിമിസും ഇറങ്ങുന്നത്. ഇതിലേക്കുള്ള പഠനത്തിന് കൂടി ആവേശം പകരുന്നതാണ് ഇപ്പോഴത്തെ ദൗത്യങ്ങൾ.
യുഎസിന്റെ ബഹിരാകാശരംഗത്തെ കൂട്ടായ്മയായ ആർട്ടിമിസ് അക്കോർഡ്സിൽ അംഗമാണ് ഇന്ത്യ. ഇതിൽ പങ്കാളികളാകുന്ന രാജ്യങ്ങൾ തങ്ങളുടെ ബഹിരാകാശ വിവരങ്ങൾ അംഗങ്ങൾക്കിടയിൽ നൽകണം. അപ്രകാരം ചന്ദ്രയാൻ 3 ദൗത്യം വഴി കിട്ടുന്ന വിവരങ്ങൾ ആർട്ടിമിസ് പദ്ധതിക്ക് മാർഗദീപമായി മാറും. മനുഷ്യരാശിയുടെ അടുത്ത യുഗത്തിനു തെളിയിച്ച അഗ്നിശിലയാണ് വിക്രമെന്നു ചുരുക്കം.
ചന്ദ്രയാൻ 1 ഉൾപ്പെടെ വിവിധ ചന്ദ്രനിരീക്ഷണ ദൗത്യങ്ങൾ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ അവിടേക്കുള്ള ചന്ദ്രയാൻ ലാൻഡറിന്റെ ഇറക്കം ശ്രദ്ധേയമാണ്. ഖരജലം അമൂല്യമായ വസ്തുവാണ്. ഇത് ശ്വസിക്കാനുള്ള വായുവായോ കുടിവെള്ളമായോ അല്ലെങ്കിൽ റോക്കറ്റ് ഇന്ധനമാക്കിയോ ഒക്കെ മാറ്റാം. ധാതുഖനനത്തിനപ്പുറം മറ്റൊരു ലക്ഷ്യവും ചന്ദ്രനിൽ ബഹിരാകാശ ശക്തികൾ കാണുന്നുണ്ട്. ഭാവി ബഹിരാകാശ ദൗത്യങ്ങളിലെ ഇടത്താവളമായി ചന്ദ്രനെ മാറ്റാനാകും.ഭൂമിയിൽ നിന്ന് വിക്ഷേപണങ്ങൾ നടത്തുന്നതിലും എളുപ്പത്തിൽ ചന്ദ്രനിൽ നിന്ന് വിക്ഷേപണങ്ങൾ നടത്താം. ഗുരുത്വബലം കുറവായതാണ് കാരണം.
അണിയറയിൽ ഐഎസ്ആർഒയ്ക്ക് ബൃഹത്പദ്ധതികൾ
ചന്ദ്രയാൻ ദൗത്യത്തിനു പിന്നാലെ സൂര്യനിലേക്കാണ് ബൃഹത് പദ്ധതികളാണ് ഐഎസ്ആർഒയ്ക്ക് മുന്നിലുള്ളത്. ഐഎസ്ആർഒയുടെ അടുത്ത ഉന്നം സൂര്യനാണ്. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ 'ആദിത്യ എൽ 1 (ആദിത്യയാൻ)' വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ഐഎസ്ആർഒ വേഗത്തിലാക്കി. ചന്ദ്രയാൻ പേടകത്തിന്റെ ലാൻഡിങ്ങിനു പിന്നാലെ ആദിത്യയുടെ വിക്ഷേപണം പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചു നടത്താനാണു നീക്കം.
ബെംഗളൂരുവിലെ യുആർ റാവു സാറ്റ്ലൈറ്റ് സെന്ററിൽ (യുആർഎസ്സി) നിർമ്മിച്ച ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ വിക്ഷേപണം നടക്കും. 4 മാസത്തെ യാത്രയ്ക്ക് ശേഷം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയിൽ വരുന്ന ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിലായിരിക്കും (എൽ1) ഇതിന്റെ ഭ്രമണപഥം.
ബഹിരാകാശ നിരീക്ഷണ കേന്ദ്രമായി ആദിത്യ എൽ-1 ഉപഗ്രഹം പ്രവർത്തിക്കും. സൂര്യന്റെ പുറം ഭാഗത്തെ താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. സൗരജ്വാലകൾ ഭൂമിയിൽ പതിച്ചാൽ എന്ത് തരത്തിലുള്ള ആഘാതം ഉണ്ടാക്കും, സൂര്യന് സമീപമുള്ള ഗ്രഹങ്ങളിൽ, പ്രത്യേകിച്ച് ഭൂമിയുടെ ബഹിരാകാശ മേഖലയിൽ അത് എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്തും എന്നതിനെ കുറിച്ച് കൂടുതലറിയാൻ കഴിയും.378 കോടി രൂപയാണ് ആദിത്യ എൽ1 ദൗത്യത്തിനു പ്രതീക്ഷിക്കുന്ന ചെലവ്.
ഗഗൻയാനു മംഗൾയാനും അടക്കമുള്ള പദ്ധതിഖളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനിനായുള്ള ക്രൂ എസ്കേപ്പ് സംവിധാനത്തിന്റെ മികവു പരീക്ഷിച്ചറിയാനുള്ള ദൗത്യം ഉടനുണ്ട്. ഇതിനു പിന്നാലെ ഗഗൻയാന്റെ ആളില്ലാ ദൗത്യം (അൺമാൻഡ് മിഷൻ) നടക്കും. ഭൂമിയെ ചുറ്റി ഏകദേശം 400 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഒന്നു മുതൽ 3 ദിവസം വരെ നിലയുറപ്പിച്ച ശേഷം, ക്രൂ മൊഡ്യൂൾ കടലിലെ നിശ്ചിത സ്ഥലത്ത് തിരിച്ചെത്തുകയാണു ഗഗൻയാൻ ദൗത്യം. 9023 കോടിയോളമാണു ചെലവ്.
യുഎസ് ബഹിരാകാശ ഏജൻസിയായ നാസയും ഐഎസ്ആർഒയും സംയുക്തമായുള്ള നിസാർ ദൗത്യമാണ് അടുത്തത്. ഇരു ഏജൻസികളും വികസിപ്പിച്ചെടുക്കുന്ന ലോ എർത്ത് ഓർബിറ്റ് (ലിയോ) ഒബ്സർവേറ്ററിയാണ് നാസ-ഐഎസ്ആർഒ എസ്എആർ (നിസാർ).നിസാർ 12 ദിവസത്തിലൊരിക്കൽ ഭൂമിയുടെ ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ, മഞ്ഞ്, പിണ്ഡം, സമുദ്രനിരപ്പിലെ വർധ, ഭൂഗർഭജലം, ഭൂകമ്പങ്ങൾ, സൂനാമികൾ, അഗ്നിപർവതങ്ങൾ, മണ്ണിടിച്ചിലുകൾ എന്നിവയുൾപ്പെടെയുള്ള അപഗ്രഥിക്കാനും മുന്നറിയിപ്പുകൾ നൽകാനും ശേഷിയുള്ളതാണ്. 12,296 കോടി രൂപ ചെലവ്.
സ്പേഡെക്സ് ആണ് മറ്റൊരു പ്രധാന ദൗത്യം. മനുഷ്യ ബഹിരാകാശ യാത്ര, ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി ഐഎസ്ആർഒ വികസിപ്പിച്ചെടുക്കുന്ന ഒരു ഇരട്ട ബഹിരാകാശ പേടക ദൗത്യമാണ് സ്പേഡെക്സ് അല്ലെങ്കിൽ സ്പേസ് ഡോക്കിങ് പരീക്ഷണം. 2 ഉപഗ്രഹങ്ങളാണ് (ചേസർ, ടാർഗെറ്റ്) ഈ ദൗത്യത്തിൽ നിശ്ചിത ഭ്രമണപഥത്തിലെത്തിക്കുക. അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി റിമോട്ട് റോബോട്ടിക് ആം (റോബോട്ടിക് കൈ) ഇവയിലുണ്ടാകും.
ഇത് കൂടാതെ മംഗൾയാൻ രണ്ടാം ഘട്ടവും അണിയറയിൽ ഒരുങ്ങുന്നു. ഇന്ത്യയുടെ രണ്ടാമത്തെ ഗ്രഹാന്തര ദൗത്യം. മംഗൾ്യാൻ-2 ,മാർസ് ഓർബിറ്റർ മിഷൻ 2 എന്നീ പേരുകളിൽ അറിയപ്പെടുന്നു. 2024ൽ വിക്ഷേപിക്കും.
ഐഎസ്ആർഒയുടെ അടുത്ത സാധ്യതയുള്ള ചാന്ദ്ര ദൗത്യം ജപ്പാനുമായി ചേർന്നാണ്. ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയും (ജാക്സ) ഇസ്റോയും ചേർന്നുള്ള ദൗത്യത്തിന് ലൂണാർ പോളർ എക്സ്പ്ലോറേഷൻ മിഷൻ (ലൂപെക്സ്) എന്നാണു പേര്. ജാക്സയും ഐഎസ്ആർഒയും യഥാക്രമം റോവറും ലാൻഡറും വികസിപ്പിക്കുന്നു. ഐഎസ്ആർഒയുടെയും ജാക്സയുടെയും മാത്രമല്ല യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും (ഇഎസ്എ) ഉപകരണങ്ങളും റോവറിൽ വഹിക്കും. 2025ലാണു വിക്ഷേപണം പ്രതീക്ഷിക്കുന്നത്.
ഇക്കൂട്ടത്തിൽ അടുത്തതായി നടക്കാൻ പോകുന്ന ദൗത്യമാണ് ശുക്രയാൻ. ഐഎസ്ആർഒയുടെ ശുക്രയാൻ 1 ദൗത്യവിക്ഷേപണം 2031ൽ ഇതു സംഭവിക്കുമെന്നാണു പ്രതീക്ഷ. 500- 1000 കോടി വരെയാണു ചെലവ്. ബഹിരാകാശത്തെ വിവിധ എക്സ്റേ സ്രോതസ്സുകളുടെ ചലനാത്മകത പഠിക്കുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ സമർപ്പിത പോളാരിമെട്രി ദൗത്യമായ എക്സ്പോസാറ്റ് (എക്സ്റേ പൊളാരിമീറ്റർ സാറ്റലൈറ്റ്) വിക്ഷേപണത്തിനു തയാറാണ്.
മറുനാടന് ഡെസ്ക്