ഭൂമിയില്‍ ജീവന്റെ പുതിയൊരു രൂപം കണ്ടെത്തിയിരിക്കുന്നു. ഇതിന് ഒരു കാലത്ത് 26 അടി ഉയരമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 'പ്രോട്ടോടാക്സൈറ്റുകള്‍' എന്ന് വിളിക്കപ്പെടുന്ന ഈ ജീവരൂപം ഏകദേശം 410 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ പിന്നീട് ഇതിന് 360 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ചു.

ഇതുവരെ, ഇത് ഒരു തരം ഫംഗസ് ആണെന്നാണ് കരുതിയിരുന്നത്. നാഷണല്‍ മ്യൂസിയംസ് സ്‌കോട്ട്ലന്‍ഡിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു ഫോസില്‍ വിശകലനം സൂചിപ്പിക്കുന്നത് പ്രോട്ടോടാക്സൈറ്റുകള്‍ ഒരു ഫംഗസോ സസ്യമോ ആയിരുന്നില്ല എന്നാണ്. വിദഗ്ദ്ധര്‍ പറയുന്നത് അവ 'പൂര്‍ണ്ണമായും വംശനാശം സംഭവിച്ച ഒരു ജീവ പരിണാമ ശാഖയില്‍' പെട്ടവയായിരുന്നു എന്നാണ്.

കഴിഞ്ഞ 165 വര്‍ഷമായി പ്രോട്ടോടാക്സൈറ്റുകളെക്കുറിച്ചുള്ള പഠനങ്ങള്‍ തുടരുകയാണ്. അവ ജീവനുള്ളവ ആയിരുന്നു എന്നും ഫംഗസില്‍ നിന്നോ സസ്യജീവിതത്തില്‍ നിന്നോ വ്യത്യസ്തമായ ശരീരഘടനയും രാസ സ്വഭാവവും പ്രദര്‍ശിപ്പിക്കുന്നതാണെന്നും അതിനാല്‍ പൂര്‍ണ്ണമായും വംശനാശം സംഭവിച്ച ഒരു ജീവ പരിണാമ ശാഖയില്‍ പെടുന്നതാണ് എന്നുമാണ് ശാസ്ത്രജ്ഞന്‍മാരും പറയുന്നത്. അബര്‍ഡീന്‍ഷെയറിലെ റൈനിക്ക് സമീപമുള്ള റൈനി ചെര്‍ട്ടില്‍ നിന്നാണ് ഇതിന്റെ ഫോസില്‍ കണ്ടെത്തിയത്.

ഈ കണ്ടെത്തലിനെ അവിശ്വസനീയം എന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ഫോസിലൈസ് ചെയ്യപ്പെട്ടതുമായ, ഭൗമ ആവാസവ്യവസ്ഥകളില്‍ ഒന്നാണിത്. റൈനി ചെര്‍ട്ടില്‍ നിന്നുള്ള മറ്റ് നിരവധി വസ്തുക്കള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഫോസിലിന്റെ രസതന്ത്രവും ശരീരഘടനയും വിശകലനം ചെയ്ത് അത് ഏത് ഗ്രൂപ്പില്‍ പെടുന്നു എന്ന് മനസ്സിലാക്കാന്‍ ഗവേഷകര്‍ ശ്രമിക്കുകയാണ്. എഡിന്‍ബര്‍ഗിലെ നാഷണല്‍ മ്യൂസിയംസ് സ്‌കോട്ട്ലന്‍ഡിന്റെ ശേഖരത്തില്‍ ഇപ്പോള്‍ ഈ ഫോസില്‍ ചേര്‍ത്തിട്ടുണ്ട്.

'കാലക്രമേണ ശേഖരിക്കുന്ന മാതൃകകള്‍ നേരിട്ടുള്ള താരതമ്യത്തിനോ പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലൂടെയോ പഠനത്തിനായി ലഭ്യമാക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനാല്‍, അത്യാധുനിക ഗവേഷണത്തില്‍ ഇവയുടെ മൂല്യം വന്‍ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്.