ന്യൂയോര്‍ക്ക്: ഭൂമിയില്‍ നിന്ന് 20 പ്രകാശവര്‍ഷത്തില്‍ താഴെ അകലെ ഒരു 'സൂപ്പര്‍-എര്‍ത്ത് കണ്ടെത്തിയതായി ശാസ്ത്രജ്ഞന്‍മാര്‍. അന്യഗ്രഹജീവികള്‍ക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ അവിടെ ഉണ്ടായിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ജി.ജെ 251 സി എന്ന് വിളിക്കപ്പെടുന്ന ഈ ഗ്രഹം ഭൂമിയേക്കാള്‍ കുറഞ്ഞത് നാലിരട്ടി വലുതാണ്. കൂടാതെ അവിടം ഒരു പാറക്കെട്ടുകളുള്ള ലോകമാകാനും സാധ്യതയുണ്ട്. ഇതിന്റെ ഉപരിതലത്തില്‍ ദ്രാവകം നിറഞ്ഞു നില്‍ക്കുന്നതായും പറയപ്പെടുന്നു.

അന്താരാഷ്ട്ര ഗവേഷകരുടെ ഒരു സംഘം വാദിക്കുന്നത് ഇത് ഭൂമിയെ അന്യഗ്രഹ ജീവജാലങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഏറ്റവും അനുയോജ്യമായ മേഖലയില്‍ ഒന്നാക്കി മാറ്റുന്നു എന്നാണ്. അന്യഗ്രഹ ലോകം കണ്ടെത്തുന്നതിനായി, ശാസ്ത്രജ്ഞര്‍ 20 വര്‍ഷത്തിലേറെ നീണ്ട ഡാറ്റ പരിശോധിക്കുകയാണ്. ഇപ്പോള്‍ ഈ പുതിയ ഗ്രഹത്തിന് ഒരു അന്തരീക്ഷമുണ്ടോ എന്ന് ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ അറിയില്ല. എന്നാല്‍ പുതിയ ദൂരദര്‍ശിനികള്‍ക്ക് ഒരു ദശാബ്ദത്തിനുള്ളില്‍ ഇത് വെളിപ്പെടുത്താന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

'അടുത്ത അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ മറ്റെവിടെയെങ്കിലും ജീവന്റെ തുടിപ്പുകള്‍ ഉണ്ടോ എന്ന കാര്യം ഈ ദൂരദര്‍ശിനികള്‍ കാട്ടിത്തരും എന്നാണ് ഗവേഷകര്‍ ഉറച്ച് വിശ്വസിക്കുന്നത്. സൂര്യനെ കൂടാതെ മറ്റ് നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങള്‍ വളരെ ചെറുതും മങ്ങിയതും വളരെ അകലെയുമായതിനാല്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് അവയെ സാധാരണ മാര്‍ഗങ്ങളിലൂടെ കാണാന്‍ കഴിയില്ല. എക്സോപ്ലാനറ്റ് കണ്ടെത്തുന്നതിന്, ഗവേഷകര്‍ ഹാബിറ്റബിള്‍-സോണ്‍ പ്ലാനറ്റ് ഫൈന്‍ഡര്‍ എന്ന ഉപകരണമാണ് ഉപയോഗിച്ചത്.

സൂര്യനോട് ഏറ്റവും അടുത്തുള്ള 100 നക്ഷത്രങ്ങളില്‍ ഒന്നിനെയാണ് ഈ പുതിയ ഗ്രഹം ഭ്രമണം ചെയ്യുന്നുണ്ടെങ്കിലും, നമ്മുടെ നിലവിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് മനുഷ്യര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയാത്തത്ര അകലെയാണെന്ന് ഇതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നിരുന്നാലും, ഭൂമിയിലെ ഏറ്റവും ശക്തമായ ദൂരദര്‍ശിനിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ഗ്രഹത്തെ കുറിച്ച് മനസിലാക്കാന്‍ കഴിയും. വിവിധ സാഹചര്യങ്ങളില്‍ ജി.ജെ 251 സിയുടെ അന്തരീക്ഷം എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന സിമുലേഷനുകള്‍ പോലും ഗവേഷകര്‍ സൃഷ്ടിച്ചിട്ടുണ്ട്.