- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയസായ മാതാപിതാക്കളെ നോക്കുന്നതും അദ്ധ്യാപനം നടത്തുന്നതും സിനിമ ഉണ്ടാക്കുന്നതുമൊക്കെ ഇനി യന്ത്രങ്ങൾ; അല്ലെങ്കിൽ മനുഷ്യ ജീവൻ തന്നെ തുടച്ചു നീക്കപ്പെടും; നിർമ്മിത ബുദ്ധിയിൽ ലോകം ഉടൻ അടിമുടി മാറും
ദിവസേനയെന്നോണം പുത്തൻ നേട്ടങ്ങളും കൈവരിച്ച് മുന്നേറുന്ന നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പലരുടെ ഉള്ളിലും ആശങ്കയും ജനിപ്പിക്കുന്നുണ്ട്. മനുഷ്യ സാധ്യമായതൊക്കെ യന്ത്രങ്ങൾ ചെയ്യുന്ന കാലഘട്ടം വന്നാൽ പിന്നെ മനുഷ്യൻ അതിജീവനത്തിനായി എന്ത് ചെയ്യും എന്ന ചോദ്യമാണ് പൊതുവെ ഉയരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമായിരുന്നു, നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നതിനാൽ 2030 ഓടെ പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബ്രിട്ടീഷ് ടെലികോം പ്രഖ്യാപിച്ചത്.
ഇത് ലോകത്തിൽ വരാൻ പോകുന്ന മാറ്റങ്ങളുടെ ആദ്യപടിയായാണ് പല രംഗങ്ങളിലും ഉള്ള പ്രമുഖർ കാണുന്നത്. 2030 ആകുമ്പോഴേക്കും പ്രായമായവരെ ശുശ്രൂഷിക്കാനും, സിനിമ ഉണ്ടാക്കുവാനും ക്ലാസ്സുകളിൽ പാഠങ്ങൾ പഠിപ്പിക്കുവാനുമൊക്കെ നിർമ്മിത ബുദ്ധി പ്രാപ്തി നേടുമെന്ന് ഇവർ വിശ്വസിക്കുന്നു. അതല്ലെങ്കിൽ, ഇതിന്റെ നേർ വിപരീതമായത് സംഭവിക്കും. ഈ ലോകത്തു നിന്ന്, തന്റെ സ്രഷ്ടാക്കളായ മാനവകുലത്തെ നിർമ്മിത ബുദ്ധി അപ്പാടെ തുടച്ചു നീക്കും.
അമേരിക്കയിലേയും ബ്രിട്ടനിലേയും എട്ട് നിർമ്മിത ബുദ്ധി വിദഗ്ധരാണ് ഇപ്പോൾ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നിർമ്മിത ബുദ്ധിയിലെ വികാസത്തിന് കടിഞ്ഞാൺ ഇടണമെന്ന് പല പ്രമുഖരും വാചാലമായി ആവശ്യപ്പെടുന്ന സമയത്താണ് ഈ മേഖലയിലെ എട്ട് വിദഗ്ദ്ധർ ഈ പതിറ്റാണ്ട് അവസാനിക്കുന്നതിനു മുൻപായി നിർമ്മിത ബുദ്ധി ലോകത്തുകൊണ്ടുവന്നേക്കാവുന്ന അടിസ്ഥാനപരമായ മാറ്റങ്ങളെ കുറിച്ച് പറയുന്നത്.
ആപ്പിൾ ടി വിയിലെ ശാസ്ത്രകഥാ സീരീസ് ആയ സിലോയുടെ രചയിതാവ് കൂടിയായ ഹോവ് പറയുന്നത് 2030 ആകുമ്പോഴേക്കും സിനിമാരംഗം നിർമ്മിത ബുദ്ധിയുടെ കരങ്ങളിൽ ഒതുങ്ങുമെന്നാണ്. ഒരൊറ്റ ദിവസം കൊണ്ട് ഒരു സിനിമ പൂർത്തിയാക്കാൻ ഈ സാങ്കേതിക വിദ്യക്ക് കഴിയുമെന്ന് അദ്ദെഹം പറയുന്നു. ആർട്ട് ജനറേറ്ററുകളിൽ കുറച്ച് വർഷം താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും, ഏകദേശ ധാരണയിൽ നിന്നും എത്ര വേഗത്തിലാണ് അവ ഒരു സമ്പൂർണ്ണ ഫോട്ടോയിലേക്ക് എത്തുന്നതെന്നും കാണേണ്ടതാണ്. എ ഐ ഫോട്ടോഗ്രാഫിയിൽ നിന്നും എ ഐ കലയേ വേർതിരിച്ചു കാണേണ്ടതില്ല.
നിർമ്മിത ബുദ്ധിയാൽ ഉണ്ടാക്കുന്ന സിനിമകൾ ഇപ്പോൾ ആദ്യ ദശയിലാണ്. ഇതുവരെ ഒന്നോ രണ്ടോ പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പൂർണ്ണത കൈവരിക്കാൻ ഇനി ഏറെ കാലതാമസം വരില്ലെന്നും അദ്ദേഹം പറയുന്നു. ആദ്യമാദ്യം അത്തരം സിനിമകളിൽ കലാപരമായ മേന്മയൊന്നും ഉണ്ടാകില്ലെങ്കിലും, അധികം താമസിയാതെ അക്കാര്യത്തിലും നിർമ്മിത ബുദ്ധി പെർഫെക്ഷൻ കൈവരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
അതേസമയം, ലണ്ടൻ റേവൻസ്ബോൺ യൂണിവേഴ്സിറ്റിയിലെ ബിസിനസ്സ് ആൻഡ് കമ്പ്യുട്ടിങ് വിഭാഗത്തിന്റെ മേധാവിയായ ഡോ. ഇജാൽ അലി പറയുന്നത് അധികം വൈകാതെ അദ്ധ്യാപകരുടെ റോളുകൾ നിർമ്മിത ബുദ്ധി ഏറ്റെടുക്കും എന്നാണ്. ഓരോ കുട്ടിക്കും ഓരോ വ്യക്തിഗത എ ഐ ട്യുട്ടർ ഉണ്ടാകുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറയുന്നു. ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസ്സുകൾ ഉപയൊഗിച്ചോ റോബോട്ടുകളുടെ സഹായത്തോടെയോ ആയിരിക്കും ഇത് നടപ്പിലാവുക എന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരുടെ ജോലികൾ ഏറ്റെടുത്ത്, തൊഴിലില്ലായ്മ സൃഷ്ടിക്കുമ്പോഴും ആഗോള സംബദ്വ്യവസ്ഥയിൽ 2030 ആകുമ്പോഴേക്കുജ്ം 15.7 ട്രില്ല്യൺ ഡോളറിന്റെ വർദ്ധനവ് കൊണ്ടുവരാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിയുമെന്നാണ് ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അക്കൗണ്ടൻസി സ്ഥപനമായ പി ഡബ്ല്യൂ സിയിലെ അനലിസ്റ്റുകൾ പ്രവചിക്കുന്നത്. കൂടുതൽ വ്യക്തിഗതമായ ഉത്പന്നങ്ങളുടെ ഉത്പാദനം ഈ സാങ്കേതിക വിദ്യകൊണ്ട് സാധ്യമാകുമെന്നും അത് ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അവർ പറയുന്നു. അതുവഴി ആഗോള സമ്പദ്വ്യവസ്ഥ കുതിച്ചുയരും.
ചാറ്റ് ജി പി ടിയെ സൃഷ്ടിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ചൂടൻ ചർച്ചാവിഷയമാക്കിയ ഓപ്പൺ എ ഐയുടെ സ്ഥാപകൻ സാം ആൾട്ട്മാൻ പറയുനന്ത് 2030 ആകുമ്പോഴേക്കും ലോകത്തിലെ ഊർജ്ജക്ഷാമം പരിഹരിക്കാൻ എ ഐക്ക് ആകുമെന്നാണ്. ഇന്ന് ലോകം നേരിടുന്ന കടുത്ത ഊർജ്ജ പ്രതിസന്ധിയെ മറികടക്കാൻ ആധുനിക സാങ്കേതിക വിദ്യക്കാവും. പ്രപഞ്ചം ഊർജ്ജത്തിന്റെ വറ്റാത്ത ഉറവയാണ്. എന്നാൽ, അത് ഒളിച്ചിരിക്കുന്ന ഖനികളിൽ നിന്നും അവയെ പുറത്തെത്തിക്കുക എന്നതാണ് ദുഷ്കരം . നിർമ്മിത ബുദ്ധിക്ക് വളരെ എളുപ്പത്തിൽ ആണവ സംയോജനം നടത്തി ആറ്റങ്ങൾക്ക് ഉള്ളിലെ ഊർജ്ജത്തെ ഉപയോഗയോഗ്യമാക്കി മാറ്റാൻ കഴിഞ്ഞേക്കും എന്ന് അദ്ദേഹം പറയുന്നു.
2030 ആകുമ്പോഴേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യ ബുദ്ധി സ്വാംശീകരിക്കുമെന്ന് പലരും മുന്നറിയിപ്പ് നൽകുന്നു. ഗൂഗിൾ എഞ്ചിനീയർ ആയ റേ കുർസ്വെൽ ആയിരുന്നു ഇക്കാര്യം ആദ്യം ഉന്നയിച്ചത്. മനുഷ്യരെ പോലെ തന്നെ തമാശ പറയുവാനും, കഥകൾ പറയൂവാനും ശൃംഗരിക്കാനുമൊക്കെ ഇവ സജ്ജമാകും.അതേസമയം മറ്റൊരു എ ഐ വിദഗ്ധനായ സൈമൺ ബെയ്ൻ പറയുന്നത് 2030 ആകുമ്പോഴേക്കും ആരോഗ്യ സ്ഥിതിയെ കുറിച്ച് തെറ്റാത്ത പ്രവചനങ്ങൾ നടത്താൻ ഈ സാങ്കേതിക വിദ്യക്ക് കഴിയും എന്നാണ്. മാത്രമല്ല, പ്രായമായവരുടെ കാര്യങ്ങൾ നോക്കാനും അവരെ ശുശ്രൂഷിക്കുവാനുമൊക്കെ ഈ സാങ്കേതിക വിദ്യ പ്രാപ്തനാകും.
2030 ആകുമ്പോഴേക്കും നിർമ്മിത ബുദ്ധി എന്ന സാങ്കേതിക വിദ്യ മനുഷ്യജീവിതത്തിൽ വരുത്തിയേക്കാവുന്ന അനുകൂല മാറ്റങ്ങളെ കുറിച്ച് വിദഗ്ദ്ധർ പ്രവചിക്കുമ്പോഴും അതിന് നേർ വിപരീതമാകും കാര്യങ്ങൾ എന്ന് പറയുന്നവരും ഉണ്ട്. അമേരിക്കൻ കമ്പ്യുട്ടർ ശാസ്ത്ര്ജ്ഞനായ എലിസർ യുദ്കോവ്സ്കിയാണ് അവരിൽ പ്രധാനി. 2030 ജനുവരി 1 ആകുമ്പോഴേക്കും ഭൂമുഖത്തു നിന്ന് മനുഷ്യകുലത്തെ മുഴുവൻ തുടച്ചു നീക്കിയിരിക്കും എന്നാണ് എലിസർ പറയുന്നത്. ഇക്കാര്യത്തിൽ 100 ഡോളറിന്റെ ബെറ്റും അദ്ദേഹം വയ്ക്കുന്നു.
മാൻഹാട്ടൻ ഇന്റലിജൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ എലിസർ യുദ്കോവ്സ്കി ഈ വർഷം ആദ്യം ടൈംസിൽ എഴുതിയ ഒരു ലേഖനത്തിലും ഇക്കാര്യം പരാമർശിച്ചിരുന്നു.ൽ നിലവിലെ സാഹചര്യത്തിൽ ആരെങ്കിലും അതിശക്തമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിച്ചാൽ അധികം വൈകാതെ ഈ ഭൂമുഖത്ത് നിന്നും ജീവന്റെ അവസാന തുടിപ്പും ഇല്ലാതെയാകും എന്നായിരുന്നു അതിൽ അദ്ദേഹം എഴുതിയത്.
മറുനാടന് ഡെസ്ക്