കാലിഫോര്‍ണിയ: ക്രൂ-10 ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി. നാസയുടെ ബഹിരാകാശയാത്രികരായ ആന്‍ മക്ലെയിന്‍, നിക്കോള്‍ അയേഴ്സ്, ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയുടെ ബഹിരാകാശയാത്രികന്‍ തകുയ ഒനിഷി, റഷ്യയുടെ റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നിവരാണ് ഭൂമിയിലേക്ക് മടങ്ങിയെത്തിയത്.

ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 9.03-നാണ് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം കാലിഫോര്‍ണിയയിലെ സാന്‍ ഡിയേഗോയുടെ തീരത്തോടടുത്ത് കടലില്‍ സുരക്ഷിതമായി വാട്ടര്‍ ലാന്‍ഡിങ് ചെയ്തത്.

വെള്ളിയാഴ്ച വൈകീട്ടാണ് ഇവരുടെ പേടകം നിലയത്തില്‍നിന്ന് വേര്‍പെട്ടത്. അഞ്ച് മാസം നീണ്ട ദൗത്യത്തിനൊടുവിലാണ് ഇവര്‍ ഭൂമിയില്‍ തിരികെ എത്തിയത്. ഇക്കാലയളവിനിടെ ഒട്ടേറെ ശാസ്ത്രദൗത്യങ്ങള്‍ ദൗത്യസംഘം പൂര്‍ത്തിയാക്കി.

വിജയകരമായി വീണ്ടുമൊരു ദൗത്യസംഘത്തെ നിലയത്തിലെത്തിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്ത് ഈ ദൗത്യത്തിലൂടെ വാണിജ്യ ബഹിരാകാശ യാത്രയില്‍ സ്പേസ് എക്സ് വീണ്ടും മികവ് തെളിയിച്ചു.

കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന ആക്സിയം 4 ദൗത്യത്തിലെ നാലംഗ സംഘം 14 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരികെ എത്തിയത്. സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം തന്നെയാണ് ഇതിനായി ഉപയോഗിച്ചത്.