കാലിഫോര്‍ണിയ സിറ്റി: ഓണ്‍ലൈന്‍ പരസ്യ സാങ്കേതികവിദ്യയ്ക്കായി രണ്ട് വിപണികളില്‍ ഗൂഗിള്‍ നിയമവിരുദ്ധമായി ആധിപത്യം സ്ഥാപിച്ചുവെന്ന് കണ്ടെത്തി അമേരിക്കന്‍ കോടതി. വിര്‍ജീനിയയിലെ അലക്സാണ്ട്രിയയിലുള്ള ജില്ലാ ജഡ്ജി ലിയോണി ബ്രിങ്കെമയാണ് പ്രസാധകരുടെ പരസ്യ സെര്‍വറുകള്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഇടയിലുള്ള പരസ്യ എക്സ്ചേഞ്ചുകളുടെയും വിപണി ഗൂഗിള്‍ നിയമവിരുദ്ധമായി കുത്തകയാക്കിയെന്ന് വിധിച്ചത്.

ഗൂഗിളിനെ പോലെയുള്ള ഒരു ടെക് ഭീമനെ സംബന്ധിച്ച് ഇത് വലിയൊരു തിരിച്ചടിയാണ്. വെബ്‌സൈറ്റുകള്‍ അവരുടെ പരസ്യ ഇന്‍വെന്ററി സംഭരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളാണ് പ്രസാധക പരസ്യ സെര്‍വറുകള്‍. പരസ്യദാതാവിന്റെ പരസ്യ നെറ്റ്വര്‍ക്കുകളില്‍ കമ്പനിക്ക് കുത്തകയുണ്ടെന്ന പ്രത്യേക അവകാശവാദം തെളിയിക്കുന്നതില്‍ ആന്റിട്രസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റുകള്‍ പരാജയപ്പെട്ടുവെന്ന് കോടതി ചൂണ്ടി്ക്കാട്ടി.

കോടതി വിധിക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കുമെന്ന് റെഗുലേറ്ററി അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ലീ-ആന്‍ മുല്‍ഹോളണ്ട് പറഞ്ഞു. കേസില്‍ കമ്പനി പകുതി വിജയിച്ചതായിട്ടാണ് മുല്‍ ഹോളണ്ട് വ്യക്തമാക്കിയത്. ബാക്കി കാര്യത്തിനായിട്ടാണ് കോടതിയെ സമീപിക്കുന്നത് എന്നാണ് കമ്പനിയുടെ വാദം. പ്രസാധകര്‍ക്ക് ഇക്കാര്യത്തില്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാം എന്നും ഗൂഗിളിന്റെ പരസ്യ സാങ്കേതിക സംവിധാനം മികച്ച നിലവാരം പുലര്‍ത്തുന്നത് കൊണ്ടാണ് അവര്‍ തങ്ങളെ സ്വീകരിച്ചത് എന്നുമാണ് കമ്പനി പറയുന്നത്.

ആസ്തികള്‍ വില്‍ക്കാനോ ബിസിനസ്സ് രീതികള്‍ മാറ്റാനോ അമേരിക്കന്‍ കോടതികള്‍ ഉത്തരവിടാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഗൂഗിള്‍ നേരിടുന്നത്. ഏറ്റെടുക്കലുകളിലൂടെ എതിരാളികളായ കമ്പനികളെ ഇല്ലാതാക്കുക, ഉപഭോക്താക്കളെ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ തടയുക, ഓണ്‍ലൈന്‍ പരസ്യ വിപണിയില്‍ ഇടപാടുകള്‍ എങ്ങനെ നടക്കുന്നു എന്ന് നിയന്ത്രിക്കുക തുടങ്ങിയ തന്ത്രങ്ങള്‍ ഗൂഗിള്‍ പ്രയോഗിച്ചു എന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ വിചാരണ വേളയില്‍ വാദിച്ചത്.

പഴയ കാലത്ത് നടന്ന ചില സംഭവങ്ങളിലാണ് കേസ് അന്വേഷണം ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നാണ് ഗൂഗിള്‍ ഇപ്പോഴും വിശദീകരിക്കുന്നത്. ആമസോണ്‍, കോംകാസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള വ്യവസായ ഭീമന്‍മാരില്‍ നിന്നുള്ള മത്സരവും പ്രോസിക്യൂട്ടര്‍മാര്‍ അവഗണിച്ചുവെന്ന് ഗൂഗിളിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.