- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
ഇന്ത്യൻ ഐടി മേഖലയ്ക്ക് തിരിച്ചടി ?; ജിപിടി-5 വരുമാനത്തിൽ നഷ്ടമുണ്ടാക്കുമെന്ന് റിപ്പോർട്ട്
മുംബൈ: ഓപ്പൺ എഐയുടെ ഏറ്റവും പുതിയ നിർമിത ബുദ്ധി (എഐ) മോഡലായ ജിപിടി-5 ഇന്ത്യയുടെ 283 ബില്യൺ ഡോളർ മൂല്യമുള്ള ഐടി സേവന വ്യവസായത്തിന് കാര്യമായ വെല്ലുവിളി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ ധനകാര്യ സ്ഥാപനമായ കോട്ടക് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസിൻ്റെ റിപ്പോർട്ടിലാണിത് വിശദമാക്കുന്നത്. അടുത്ത രണ്ടുമൂന്നു വർഷത്തിനുള്ളിൽ ഇന്ത്യൻ ഐടി കമ്പനികളുടെ വരുമാനത്തിൽ 2 മുതൽ 3 ശതമാനം വരെ കുറവുണ്ടാകാൻ ഇത് കാരണമായേക്കാമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
ജിപിടി-5 ൻ്റെ അതിവികസിതമായ കോഡിംഗ് ശേഷിയും ജനറേറ്റീവ് എഐ സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന ഉപയോഗവുമാണ് ഈ പ്രവചനത്തിന് അടിസ്ഥാനം. സോഫ്റ്റ്‌വെയർ സേവനങ്ങൾ, കസ്റ്റമർ സർവീസ് ഔട്ട്‌സോഴ്‌സിങ് തുടങ്ങിയ മേഖലകളെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം. നിലവിൽ നിർമിത ബുദ്ധി കാരണം ഉത്പാദനക്ഷമത 20-40 ശതമാനം വരെ വർധിച്ചത് എഞ്ചിനീയർമാരുടെ ആവശ്യകത കുറയ്ക്കുകയും പരമ്പരാഗത ബില്ലിംഗ് രീതികളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജിപിടി-5 ൻ്റെ വരവ് കൂടുതൽ ആശങ്കയുളവാക്കുന്നത്.
കോഡിംഗ്, ഗണിതം, എഴുത്ത് തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റം വാഗ്ദാനം ചെയ്യുന്ന ജിപിടി-5, ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും മികച്ച എഐ സംവിധാനമാണെന്നാണ് ഓപ്പൺഎഐ അവകാശപ്പെടുന്നത്. ഈ സാങ്കേതികവിദ്യ ഹ്രസ്വകാലത്തേക്ക് വരുമാന നഷ്ടമുണ്ടാക്കുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ നേട്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും കോട്ടക് റിപ്പോർട്ട് വിലയിരുത്തുന്നു. നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള പുതിയ സേവനങ്ങളും അവസരങ്ങളും കാലക്രമേണ ഈ നഷ്ടം നികത്തിയേക്കാം. എന്നാൽ, ഈ നേട്ടങ്ങൾ യാഥാർത്ഥ്യമാകാൻ കാലതാമസം നേരിടാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.