സാൻഫ്രാൻസിസ്കോ: ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മെറ്റാ പ്ലാറ്റ്‌ഫോംസ്. 18 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകളിൽ ഇനിമുതൽ പി.ജി-13 സിനിമാ റേറ്റിങ്ങിന് സമാനമായ ഉള്ളടക്ക നിലവാരം നടപ്പിലാക്കും. ദോഷകരമായ ഉള്ളടക്കങ്ങളിലേക്ക് കൗമാരക്കാർ കടന്നുചെല്ലുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നയം ആദ്യം യു.എസ്, യു.കെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ പരീക്ഷിക്കാനാണ് തീരുമാനം.

കൗമാരക്കാർക്ക് അവരുടെ അക്കൗണ്ടുകളിൽ ഈ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ മാതാപിതാക്കളുടെ അനുമതി ആവശ്യമായിരിക്കും. കൂടാതെ, മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്നതിനായി "സ്റ്റിക്റ്റർ" (ലിമിറ്റഡ് കണ്ടൻ്റ്) എന്ന പുതിയ ക്രമീകരണവും അവതരിപ്പിച്ചിട്ടുണ്ട്. ഈ സെറ്റിംഗ്സ് ഓൺ ചെയ്യുമ്പോൾ, ഫിൽട്ടർ ചെയ്ത പോസ്റ്റുകൾ കാണാനോ ഷെയർ ചെയ്യാനോ അഭിപ്രായങ്ങൾ രേഖപ്പെടുത്താനോ കൗമാരക്കാർക്ക് കഴിയില്ല. ലൈംഗിക ചിത്രങ്ങൾ, നഗ്നത, അപകടകരമായ സ്റ്റണ്ടുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഉള്ളടക്കങ്ങൾ കൗമാരക്കാരുടെ അക്കൗണ്ടുകളിൽ നിന്ന് ഒഴിവാക്കും.

കൗമാരക്കാർ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്ത്, പ്രായം കണ്ടെത്താനുള്ള സാങ്കേതികവിദ്യയും മെറ്റ ഉപയോഗിക്കുന്നുണ്ട്. സിസ്റ്റം പൂർണ്ണമല്ലെന്നും കാലക്രമേണ മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷമാണ് മെറ്റ കൗമാര അക്കൗണ്ടുകൾ അവതരിപ്പിച്ചത്. ഇത് ആദ്യത്തെ പ്രധാനപ്പെട്ട അപ്‌ഡേറ്റാണ്. പുതിയ നിയന്ത്രണങ്ങളെ വിശദീകരിക്കുന്ന ഒരു വീഡിയോ മെറ്റ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.