തിരുവനന്തപുരം: രണ്ടു വ്യത്യസ്ത ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് രാത്രി 10 മണിക്കാണ് പി.എസ്.എല്‍.വി. 60 റോക്കറ്റ് വിക്ഷേപിച്ചത്.

220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്സ്. 02) ഉപഗ്രഹങ്ങളാണ് പ്രധാന പേ ലോഡുകള്‍. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍കൂടി ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്‌പെരിമെന്റല്‍ മൊഡ്യൂളിലാണ് (പോയെം) ഈ ഉപകരണങ്ങള്‍ ഭൂമിയെചുറ്റുക. ഇസ്രൊയുടെ ഈ വര്‍ഷത്തെ അവസാന വിക്ഷേപണമാണിത്.



ചേസറും ടാര്‍ജറ്റും ഒന്നിച്ച് വിക്ഷേപിച്ച ശേഷം ബഹിരാകാശത്ത് വച്ച് രണ്ട് വഴിക്ക് പിരിയുന്ന ഇവ വീണ്ടും ഒത്തുചേരും. അതാണ് സ്പേസ് ഡോക്കിംഗ് എക്സ്പെരിമെന്റ് അഥവാ സ്‌പേഡെക്സ് ദൗത്യം. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റല്‍ മൊഡ്യൂളിലാണ് (പോയെം) ഈ ഉപകരണങ്ങള്‍ ഭൂമിയെചുറ്റുക. പേടകങ്ങളെ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുക എളുപ്പമല്ല. രണ്ട് പേടകങ്ങളുടെയും വേഗ നിയന്ത്രണം കൃത്യമായിരിക്കണം. കൂടിച്ചേര്‍ന്ന് കഴിഞ്ഞാല്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും വേണം. ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍ എന്ന സ്വന്തം ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സാങ്കേതിക വിദ്യ സ്വന്തമാക്കേണ്ടതുണ്ട്. നിലയത്തെ ഒരൊറ്റ വിക്ഷേപണത്തില്‍ ബഹിരാകാശത്ത് എത്തിക്കുക സാധ്യമല്ല. ഘട്ടം ഘട്ടമായി വിക്ഷേപിച്ച് പിന്നീട് ബഹിരാകാശത്ത് വച്ച് കൂടിച്ചേര്‍ക്കുക മാത്രമാണ് പ്രായോഗികം.

ഭൂമിയില്‍ നിന്ന് 476 കിലോമീറ്റര്‍മാത്രം ഉയരെയുള്ള വൃത്താകൃതിയുള്ള ഭ്രമണപഥത്തിലെത്തുന്ന എസ്.ഡി.എക്‌സ്. 01, എസ്.ഡി.എക്‌സ്. 02 ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററുകളോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്നശേഷമാണ് രണ്ടും കൂട്ടിയോജിപ്പിക്കുക. ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റപേടകംപോലെ പ്രവര്‍ത്തിച്ചശേഷം അവയെ വേര്‍പെടുത്തും. അതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി രണ്ടുവര്‍ഷത്തോളം അവ പ്രവര്‍ത്തിക്കും.

യു.എസ്., റഷ്യ, ചൈന, എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ സ്‌പെയ്‌സ് ഡോക്കിങ് നടപ്പാക്കിയിട്ടുള്ളത്. ഈ രാജ്യങ്ങള്‍ ബഹിരാകാശ നിലയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത് ഇങ്ങനെയാണ്. സ്‌പേഡെക്സ് ദൗത്യം വിജയിച്ചാല്‍ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ. ചന്ദ്രയാന്‍ നാല് ദൗത്യത്തിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് ഇസ്രൊ തീരുമാനം. ബഹിരാകാശത്ത് നിന്ന് മാലിന്യങ്ങള്‍ പിടിച്ചെടുക്കാന്‍ കെല്‍പ്പുള്ള യന്ത്രക്കൈയും, ഭാവിയില്‍ ബഹിരാകാശ നിലയത്തില്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്ന വാള്‍ക്കിംഗ് റോബോട്ടിക് ആര്‍മും, ബഹിരാകാശത്ത് വിത്ത് മുളപ്പിക്കുന്ന ക്രോപ്സ് പേ ലോഡും ഇതില്‍ ചിലതാണ്.

ബഹിരാകാശത്തേക്ക് പയര്‍വിത്തും

ഐ.എസ്.ആര്‍.ഒ.യുടെ പുതിയ ദൗത്യത്തില്‍ ബഹിരാകാശത്ത് പയറും ചീരയും മുളപ്പിക്കാനുള്ള പരീക്ഷണങ്ങളുമുണ്ട്. ആദ്യമായാണ് ഇന്ത്യ ബഹിരാകാശത്തേക്ക് ജൈവകോശങ്ങള്‍ അയക്കുന്നത്. ബഹിരാകാശ സാഹചര്യങ്ങളില്‍ കോശവളര്‍ച്ചയും സ്വഭാവവും പഠിക്കുന്നതിന് മുംബൈയിലെ അമിറ്റി സര്‍വകലാശാല തയ്യാറാക്കിയ അമിറ്റി പ്ലാന്റ് എക്‌സ്‌പെരിമെന്‍ല്‍ മൊഡ്യൂളിലാണ് ഈ പരീക്ഷണം നടക്കുക. പരീക്ഷണ മോഡ്യൂളില്‍ 14 എണ്ണം ഐ.എസ്.ആര്‍.ഒ.യും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണവകുപ്പും നിര്‍മിച്ചതാണ്. സ്റ്റാര്‍ട്ടപ്പുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നിര്‍മിച്ചവയാണ് ബാക്കിയുള്ള 10.