കാലിഫോർണിയ: ട്വിറ്ററിൽനിന്നും കൂടുതൽ പേർ രാജിവെച്ച് പോയാലും താൻ ആശങ്കപ്പെടുന്നില്ലെന്ന് കമ്പനിയുടെ പുതിയ ഉടമ ഇലോൺ മസ്‌ക്. കമ്പനിയിൽ കഠിനമായി ജോലിചെയ്യാൻ തയ്യാറാവുക അല്ലെങ്കിൽ കമ്പനിയിൽ തുടരേണ്ട എന്ന മസ്‌കിന്റെ അന്ത്യശാസനമാണ് ഒരു വിഭാഗം ജീവനക്കാരെ രാജിവെക്കാൻ പ്രേരിപ്പിച്ചത്. നൂറുകണക്കിനാളുകളാണ് വെള്ളിയാഴ്ച ട്വിറ്ററിൽനിന്ന് രാജിവെച്ചത്.

ജീവനക്കാർ പലരും കൂട്ടത്തോടെ കമ്പനി വിടാൻ തീരുമാനിച്ചതോടെ ട്വിറ്ററിന്റെ ഓഫീസുകളിൽ പലതും താൽക്കാലികമായി അടച്ചുപൂട്ടേണ്ടി വന്നു. ഇതിന് പിന്നാലെ ട്വിറ്റർ അടച്ചുപൂട്ടാൻ പോവുകയാണെന്ന അഭ്യൂഹങ്ങളും ഉയർന്നു. ഇക്കാര്യം പലരും ട്വിറ്ററിൽ ചോദിക്കുകയും ചെയ്തു. അത്തരം ഒരു ട്വീറ്റിന് 'മികച്ചയാളുകളാണ് നിൽക്കുന്നത്. എനിക്ക് ആശങ്കയില്ല'. എന്നാണ് മസ്‌ക് മറുപടി നൽകിയത്.

4,400 കോടി ഡോളറിന് ഏറ്റെടുത്ത ട്വിറ്ററിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മസ്‌ക് കൊണ്ടുവന്ന മാറ്റങ്ങൾ വലിയ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. 7,500 ജീവനക്കാരിൽ പകുതിയോളം പേരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. വർക്ക് ഫ്രം ഹോം പിൻവലിക്കുകയും ജോലി സമയം വർധിപ്പിക്കുകയും ചെയ്തു. ജീവനക്കാർക്കുള്ള സൗജന്യ ഭക്ഷണം ഒഴിവാക്കുകയും ചെയ്തിരുന്നു.

ട്വിറ്ററിലെ വെരിഫിക്കേഷൻ പ്രക്രിയ പരിഷ്‌കരിച്ച് ഏർപ്പെടുത്തിയ പുതിയ ട്വിറ്റർബ്ലൂ സബ്സ്‌ക്രിപ്ഷൻ സംവിധാനം വിവാദമാവുകയും ചെയ്തു. ഇത് വെരിഫിക്കേഷൻ ബാഡ്ജുള്ള വ്യാജ അക്കൗണ്ടുകൾ കുന്നുകൂടുന്നതിനിടയാക്കി. ഇക്കാരണത്താൽ പരസ്യവിതരണക്കാരും ട്വിറ്ററിൽനിന്ന് പിൻവലിഞ്ഞിരുന്നു.

ഒപ്പം ട്വിറ്ററിൽ തന്നോടു പരസ്യമായി തർക്കിച്ച ജീവനക്കാരനെ ഇലോൺ മസ്‌ക് ട്വീറ്റിലൂടെ പുറത്താക്കിയിരുന്നു. ആൻഡ്രോയ്ഡ് എൻജിനീയർ എറിക് ഫ്രോൻഹോഫറിനാണ് ഈ ദുര്യോഗമുണ്ടായത്. പല രാജ്യങ്ങളിലും ട്വിറ്ററിന്റെ വേഗം കുറവായതിന്റെ കാരണം ചൂണ്ടിക്കാട്ടിയുള്ള മസ്‌കിന്റെ ട്വീറ്റ് ശരിയല്ലെന്നു പറഞ്ഞതാണ് പ്രകോപനം.

ട്വിറ്ററിലെ ജീവനക്കാരുടെ ആഭ്യന്തര ആശയവിനിമയത്തിനുള്ള 'സ്ലാക്' പ്ലാറ്റ്ഫോമിൽ മസ്‌കിനെ വിമർശിച്ച പത്തിലധികം പേരെ പുറത്താക്കിയതായും റിപ്പോർട്ടുണ്ട്. 'നിങ്ങളുടെ അടുത്തയിടയ്ക്കുള്ള പെരുമാറ്റം കമ്പനി പോളിസിക്ക് നിരക്കുന്നതല്ല' എന്നു പറഞ്ഞുള്ള ഇമെയിലാണ് ഇവർക്കു ലഭിച്ചത്. ചിലർ ഇതിന്റെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തിരുന്നു.

എൻജിനീയർമാർ ഉൾപ്പെടെ നൂറുകണക്കിനു ജീവനക്കാർ രാജി വച്ചതോടെ കമ്പനിയുടെ ഓഫിസുകൾ പലതും താൽക്കാലികമായി പൂട്ടേണ്ട അവസ്ഥയായി.സല്യൂട്ട് ഇമോജികളും വിടപറയൽ സന്ദേശങ്ങളും കൊണ്ട് കമ്പനിയുടെ ഇന്റർനെറ്റ് ചാറ്റ് ഗ്രൂപ്പുകൾ നിറഞ്ഞു. കമ്പനി രഹസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. അന്ത്യശാസനം നൽകുന്നതിനു മുൻപ് ജീവനക്കാരെ ബോധ്യപ്പെടുത്താൻ മസ്‌ക് നടത്തിയ ശ്രമങ്ങൾ പാളിയെന്നാണ് കൂട്ടരാജി നൽകുന്ന സൂചന.