ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഗ്നി-5 മിസൈലിന്റെ പരീക്ഷണം വിജയകരമെന്ന് പ്രധാനമന്ത്രി. എക്‌സിലെ പോസ്റ്റിൽ, ദിവ്യാസ്ത്ര ദൗത്യം വിജയകരമാക്കിയതിന് ഡി ആർ ഡി ഒ ശാസ്ത്രജ്ഞരെ നരേന്ദ്ര മോദി അഭിനന്ദിച്ചു. മൾട്ടിപ്പിൾ ഇൻഡിപെൻഡൻലി ടാർജറ്റബിൾ റീ എൻട്രി വെഹിക്കിൾ ടെക്‌നോളജി( എം ആർ വി) ഉപയോഗിച്ചുള്ള അഗ്നി-5 മിസൈൽ പരീക്ഷണമാണ് വിജയകരമായത്.

എംഐആർവി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരൊറ്റ മിസൈലിന് വിവിധ പോർമുനകൾ ഉപയോഗിച്ച് വ്യത്യസ്ത പ്രദേശങ്ങളിൽ ആക്രമിക്കാൻ സാധിക്കും. പദ്ധതിയുടെ ഡയറക്ടർ ഒരു വനിതയായിരുന്നു. നിരവധി സ്ത്രീകളുടെ കഠിന പ്രവർത്തനം ഈ ആയുധം വികസിപ്പിച്ചതിന് പിന്നിലുണ്ട്. ഇതോടെ എംഐആർവി സാങ്കേതിക വിദ്യയുള്ള ചുരുക്കം രാജ്യങ്ങളുടെ ഗണത്തിലേക്ക് ഇന്ത്യയെത്തി.

ഡിആർഡിഒ വികസിപ്പിച്ച ദീർഘദൂര മിസൈലാണ് അഗ്‌നി 5. 2 ടൺ വരെ ഭാരമുള്ള പോർമുനകൾ വഹിക്കാനാകും ഇതിന് 7500 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ആക്രമണം നടത്താനാവും. 17 മീറ്റർ നീളമുള്ള മിസൈലിന്റെ ഭാരം മിസൈലിനു ചൈനയുടെ മുഴുവൻ ഭൂപരിധിയും ലക്ഷ്യമിടാനാകും. അരുണാചലിലെ തവാങ്ങിൽ ഇന്ത്യ ചൈന അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായതിനു പിന്നാലെയാണ്, ഇന്ത്യ വിജയകരമായി അഗ്നി -5 മിസൈലിന്റെ രാത്രി പരീക്ഷണം 2022 ഡിസംബറിൽ നടത്തിയത്. ഈ മിസൈലിന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് ഉൾപ്പെടെ ചൈനയിലെ എല്ലാ പ്രമുഖ നഗരങ്ങളെയും ലക്ഷ്യമിടാനുള്ള ശേഷിയുണ്ട്.

2012 ലാണ് ആദ്യമായി അഗ്നി 5 മിസൈൽ പരീക്ഷണ വിക്ഷേപണം നടത്തിയത്.അഗ്്‌നി-1 (ദൂരപരിധി: 700 കിലോമീറ്റർ), അഗ്‌നി2 (2000 കിലോമീറ്റർ), അഗ്‌നി3, 4 (2500-3000 കിലോമീറ്റർ) എന്നീ മിസൈലുകൾ നിലവിൽ ഇന്ത്യക്കുണ്ട്.

ഇവയ്ക്കു പുറമെ, 8000 കിലോമീറ്റർ മുതൽ 10,000 കിലോമീറ്റർ വരെ ദൂരപരിധി പ്രതീക്ഷിക്കുന്ന 'അഗ്‌നി 6'ന്റെ പണിപ്പുരയിലാണ് ഇന്ത്യയെന്നും റിപ്പോർട്ടുകളുണ്ട്. കടലിൽനിന്നും കരയിൽനിന്നും വിക്ഷേപിക്കാവുന്ന തരത്തിലാകും ഇതിന്റെ നിർമ്മാണം.