- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
ന്യൂറാലിങ്കിന് മെക്കാനിക്കൽ പ്രശ്നങ്ങളെന്ന് കമ്പനി
ന്യൂയോർക്ക്: മനുഷ്യന്റെ ചിന്തകളെ കമ്പ്യൂട്ടറുകലിലേക്ക് എത്തിക്കാൻ കൊതിക്കുന്ന വ്യക്തിയാണ് ഇലോൺ മസ്‌ക്ക്. ന്യൂറാലിങ്ക് കോർപ്പറേഷൻ എന്ന ഗവേഷണ സ്ഥാപനത്തിലൂടെ അദ്ദേഹം അതിന് വേണ്ട പ്രവർത്തനങ്ങളെല്ലാം നടത്തിവരികയായിരുന്നു. എന്നാൽ ഇപ്പോൾ മസ്‌ക്കിന്റെ ചരിത്ര ദൗത്യത്തിൽ വൻ തിരിച്ചടികൾ നേരിടുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മാസങ്ങൾക്ക് മുമ്പായിരുന്നു ന്യൂറാലിങ്ക് 'ടെലിപ്പതി' എന്ന ഉപകരണം മനുഷ്യന്റെ തലച്ചോറിൽ പരീക്ഷിച്ചത്. കുരങ്ങിലും പന്നിയിലും പരീക്ഷണം നടത്തിയതിന്റെ തുടർച്ചയായാണ് ഇത് മനുഷ്യനിൽ പരീക്ഷണം തുടങ്ങിയത്.
പക്ഷാഘാതമോ മറ്റോ കാരണം തളർന്നുപോയവരെയും കൈ-കാലുകൾ ഇല്ലാത്തവരെയും അവരുടെ ചിന്തകൾ ഉപയോഗിച്ച് സ്മാർട്ട്‌ഫോണും കംപ്യൂട്ടറുമൊക്കെ പ്രവർത്തിപ്പിക്കാൻ തങ്ങളുടെ ബ്രെയിൻ ചിപ്പ് സഹായിക്കുമെന്നാണ് ന്യൂറാലിങ്ക് അവകാശപ്പെടുന്നത്. എന്നാൽ, ആദ്യത്തെ മനുഷ്യ രോഗിയുടെ തലച്ചോറിൽ ഘടിപ്പിച്ച ഉപകരണത്തിന് മെക്കാനിക്കൽ പ്രശ്നങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ന്യൂറാലിങ്ക്. ഇലോൺ മസ്‌കിന്റെ ബ്രെയിൻ ചിപ്പ് കമ്പനി ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരിയിൽ നോലൻഡ് അർബാഗ് എന്നയാളിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ, തുടർന്നുള്ള ആഴ്ചകളിൽ ഉപകരണം ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത സാഹചര്യം വരികയായിരുന്നു. ന്യൂറാലിങ്കിന്റെ പ്രവർത്തനം ചെറിയ ഇലക്ട്രോഡുകൾ ഉപയോഗിച്ചാണ്. അവ തലച്ചോറിനുള്ളിലേക്ക് കടന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
എന്നാൽ, മസ്തിഷ്‌ക കോശത്തിലേക്ക് ബന്ധിപ്പിച്ച ഇലക്ട്രോഡ് അടങ്ങിയ ത്രെഡുകൾ ആ കോശത്തിൽ നിന്ന് പിൻവാങ്ങാൻ തുടങ്ങിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. അതോടെ ബ്രെയിൻ ചിപ്പ് ശരിയായി പ്രവർത്തിക്കുന്നില്ലെന്നും കമ്പനി വെളിപ്പെടുത്തി. വാൾസ്ട്രീറ്റ് ജേർണൽ നേരത്തെ തകരാർ സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. മസ്തിഷ്‌ക കോശത്തിന്റെ ഉപരിതലത്തിന് പകരം, തലയോട്ടിയിലെ അസ്ഥിക്കുള്ളിൽ ഇരിക്കുന്ന ഒരു ഉപകരണവുമായി ത്രെഡുകൾ ബന്ധിപ്പിക്കുന്നത് മൂലമാകാം സങ്കീർണതകൾ ഉണ്ടായതെന്ന് ബ്രെയിൻ-ഇംപ്ലാന്റ് ഫീൽഡിൽ പ്രവർത്തിക്കുന്ന ആളുകൾ പറയുന്നു.
അതേസമയം, തുടർച്ചയായ സോഫ്റ്റ്‌വെയർ ഫിക്‌സുകളിലൂടെ എല്ലാം പരിഹരിച്ചതായാണ് ന്യൂറാലിങ്കിന്റെ വിശദീകരണം. തുടക്കത്തിലുള്ളതിനേക്കാൾ മികച്ച പ്രകടനം ഇപ്പോൾ അദ്ദേഹം കാഴ്ചവെക്കുന്നുണ്ടെന്നും അവർ പറയുന്നു. ഉപകരണത്തിന്റെ 'ടെക്സ്റ്റ് എൻട്രിയും കഴ്സർ നിയന്ത്രണവും' മെച്ചപ്പെടുത്തുന്നതിനായി നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും റോബോട്ടിക് കൈകളും വീൽചെയറുകളും പോലുള്ള ഭൗതിക ഉപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന രീതിയിൽ ചിപ്പിന്റെ കഴിവുകൾ വ്യാപിപ്പിക്കാനാണ് അടുത്തതായി ലക്ഷ്യമിടുന്നതെന്നും കമ്പനി പറഞ്ഞു.
തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കി, അതിലൂടെ ചെറിയ ഒരു കംപ്യൂട്ടർചിപ് വച്ച്, തലച്ചോറും കംപ്യൂട്ടറുമായി ലിങ്ക് ചെയ്തു പ്രവർത്തിപ്പിക്കുക എന്നതാണ് ന്യൂറാലിങ്ക് സാങ്കേതികവിദ്യ. സന്നദ്ധരായവരെ ക്ഷണിച്ച് കമ്പനി ഇറക്കിയ കുറിപ്പിന് മികച്ച പ്രതികരണം ലഭിച്ചെന്നാണ് നേരത്തെ കമ്പനി അവകാശപ്പെട്ടത്. ടെസ്ലാ മേധാവി ഇലോൺ മസ്‌കിന്റെ മറ്റൊരു ഭ്രാന്തമായ സ്വപ്നമാണ് ന്യൂറാലിങ്കും.
മനുഷ്യന്റെ ചിന്തകളെ കംപ്യൂട്ടറിലേക്ക് എത്തിക്കാൻ സാധിക്കുന്ന ഒരു ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫെയ്‌സ് വികസിപ്പിച്ചെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി. ഒരു സ്വതന്ത്ര റിവ്യൂ ബോർഡിന്റെ അനുമതി ലഭിച്ചതിന് ശേഷം പക്ഷാഘാത രോഗികളിൽ ബ്രെയിൻ ഇംപ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. പ്രിസൈസ് റോബോട്ടിക്കലി ഇംപ്ലാന്റഡ് ബ്രെയിൻ കംപ്യൂട്ടർ ഇന്റർ ഫെയ്‌സ് എന്നാണ് ഈ പദ്ധതിക്ക് പേര്. മനുഷ്യന്റെ തലയോട്ടിക്കുള്ളിൽ സ്ഥാപിക്കുന്ന യന്ത്രത്തിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയുമാണ് പരീക്ഷിക്കുക.
തലയോട്ടിയുടെ ഒരു ഭാഗം തുറന്ന് അതിനുള്ളിൽ സ്ഥിരമായിഒരു കംപ്യൂട്ടർ പ്രൊസസർ വയ്ക്കുക എന്ന സംവിധാനത്തിനു ഭാവിയിൽ പല ഉദ്ദേശലക്ഷ്യങ്ങളും, ഉണ്ടെങ്കിലും ന്യൂറാലിങ്കിന്റെ തുടക്ക ഘട്ടം, ശരീരം തളർന്നു പോയവർക്കും, കാഴ്ചശക്തിയില്ലാത്തവർക്കുമൊക്കെ തുണയാകാനാകുമോ എന്നറിയാനുള്ള ശ്രമമായിരിക്കും നടത്തുക. ഇതുവരെ പന്നികളിലും കുരങ്ങുകളിലുമാണ് ടെസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഒരു കുരങ്ങ് ചത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ന്യൂറാലിങ്ക് എങ്ങനെ പ്രവർത്തിക്കും?
ഒരാളുടെ തലച്ചോറിൽ സൃഷ്ടിക്കപ്പെടുന്ന സിഗ്നലുകൾ ന്യൂറാലിങ്ക് വഴി വ്യാഖ്യാനിച്ച് ആ വിവരം തലച്ചോറിനു വെളിയിലുള്ള ഉപകരണങ്ങളിലേക്ക് ബ്ലൂടൂത് ഉപയോഗിച്ചു കണക്ട് ചെയ്യുക എന്ന ലക്ഷ്യമാണ് പരീക്ഷണത്തിന്. അങ്ങനെ സ്വന്തം ചിന്ത മാത്രം ഉപയോഗിച്ച് ഒരു കംപ്യൂട്ടർ കേഴ്‌സർ അല്ലെങ്കിൽ കീബോഡ് നിയന്ത്രിക്കാനാകുമോ എന്നറിയാനാണ് ആദ്യ ശ്രമം.
ഈ പരീക്ഷണത്തിന് വിധേയമാവുന്ന രോഗികളുടെ മസ്തിഷ്‌കത്തിൽ ചലനങ്ങൾ നിയന്ത്രിക്കുന്ന ഭാഗത്തായാണ് ശസ്ത്രക്രിയയിലൂടെ ന്യൂറാലിങ്ക് ചിപ്പ് ഘടിപ്പിക്കുക. ഒരു റോബോട്ട് ഉപയോഗിച്ചായിരിക്കും ഈ ശസ്ത്രക്രിയ. ശേഷം മസ്തിഷ്‌കത്തിൽ നിന്നുള്ള സിഗ്നലുകൾ പിടിച്ചെടുക്കുകയും അവയെ ഒരു ആപ്പിലേക്ക് അയക്കുകയും ചെയ്യും. ചിന്തകളിലൂടെ ഒരു കമ്പ്യൂട്ടർ കഴ്‌സറും കീബോർഡും നിയന്ത്രിക്കുന്നതിന് രോഗികളെ പ്രാപ്തമാക്കുകയാണ് പരീക്ഷണത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് കമ്പനി പറയുന്നു.
ആറ് വർഷം നീണ്ട പഠനമായിരിക്കും ഇത്. നട്ടെല്ലിന് ക്ഷതമേറ്റ് തളർന്ന ക്വാഡ്രിപ്ലീജിയ, എഎൽഎസ്, രോഗാവസ്ഥകളിലുള്ളവരിലായിരിക്കും പരീക്ഷണം. കഴിഞ്ഞ അഞ്ച് വർഷക്കാലമായി തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന ഒരു ഇന്റർഫെയ്‌സ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക്. ഇത് വരെ മൃഗങ്ങളിൽ മാത്രമാണ് ഈ ചിപ്പുകൾ പരീക്ഷിച്ചത്. 2022 ൽ ഈ പരീക്ഷണത്തിന് വിധേയമായ കുരങ്ങ് ചത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ലെയിൻ ബാങ്ക്‌സിനെ പോലുള്ള എഴുത്തുകാരുടെ ശാസ്ത്ര കഥകളിൽ നിന്നാണ് മനുഷ്യരുടെ ചിന്തകളെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയെന്ന ആശയം മസ്‌കിന് ലഭിച്ചതെന്ന് എഴുത്തുകാരനായ വാൾട്ടർ ഐസക്‌സണിന്റെ മസ്‌കിനെ കുറിച്ചുള്ള ഒരു പുസ്തകത്തിലുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് പറയുന്നു. അതേസമയം മസ്‌ക് ഇക്കാര്യത്തിൽ ദൃതികൂട്ടുന്നുണ്ടെന്ന വിമർശനം വ്യാപകമായുണ്ട്. പരീക്ഷണ വിധേയമായ മൃഗങ്ങളുടെ മരണം ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് വിമർശനം.
ജൂലൈ 2016ൽ കാലിഫോർണിയയിൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തതാണ് ന്യൂറാലിങ്ക് കമ്പനി. ഇതിന് മുഴുവൻ പണവുംതന്നെ ഇറക്കിയിരിക്കുന്നത് മസ്‌ക് ആണ്. തുടക്കത്തിൽ അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് (എഎൽഎസ്) പോലെയുള്ള കടുത്ത പ്രശ്‌നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശമാണ് ഉള്ളതെങ്കിലും, വർഷങ്ങൾക്കുള്ളിൽ വൻ ലക്ഷ്യങ്ങളാണ് ഈ പദ്ധതിക്കുള്ളത്. ചിന്തകളെപ്പോലും അപ്ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും വരെ ശേഷി ആർജ്ജിച്ചേക്കുമെന്നു കരുതുന്ന 'ന്യൂറൽ ലെയ്‌സ്' ടെക്‌നോളജി അടക്കമാണ് പുതിയ ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫെയ്‌സിന്റെ സാധ്യതയായി കാണുന്നത്.
മനുഷ്യരുടെ ചരിത്രത്തിൽ ദൂരവ്യാപകപ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഒരു പരീക്ഷണമാണിത് എന്ന് വിലയിരുത്തപ്പെടുന്നു. ഇപ്പോൾ പ്രാഥമിക ഘട്ടത്തിൽമാത്രം എത്തിനിൽക്കുന്ന ഈ പരീക്ഷണം 2024ൽ 11 പേരിൽ നടത്താനാണ് ഉദ്ദേശം. ഇതിൽ നിന്ന് എത്തിച്ചേരാവുന്ന നിഗമനങ്ങൾ കൂടെ ഉൾപ്പെടുത്തി, രണ്ടാം ഘട്ടത്തിൽ 2030നു മുമ്പ് 22,000 പേരിൽ ഈ പരീക്ഷണം നടത്തുമെന്നാണ് മസ്‌കിന്റെ ജീവചരിത്രകാരന്മാരിൽ ഒരാളായ ആഷ്‌ലിവാൻസ് പറയുന്നത്. ഇതിൽ സ്വമേധയാ പങ്കെടുക്കാൻ എത്തുന്നവർക്ക് പണം നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ട് പറയുന്നു. ഇത് വിജയിച്ചാൽ മനുഷ്യരാശിയുടെ ചരിത്രം തന്നെ പാടെ മാറിയേക്കാം.
ആദ്യ ഘട്ട പരീക്ഷണത്തിൽ എത്താൻ ധൈര്യമുള്ളവർ 40 വയസിൽ താഴെയുള്ള, അവയവങ്ങൾ തളർന്ന മുതിർന്നവരിലാണ് പരീക്ഷണം. തലയോട്ടിക്ക് തുളയിടുന്ന ശസ്ത്ര്ക്രീയയെ ക്രെനിയക്ടെമി എന്നാണ് വിളിക്കുന്നത്. ന്യൂറാലിങ്കിന്റെ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചെത്തുന്നവർക്ക് ക്രെനിയക്ടെമി നടത്താൻ ഒരു വിദഗ്ധനായ സർജന് 2 മണിക്കൂറോളം എടുത്തേക്കും. ചിപ് വയ്ക്കുന്നത്റോബോട്ട് ആയിരിക്കും. അതിന് 25 മിനിറ്റും എടുത്തേക്കുമെന്നാണ് കണക്കുകൂട്ടൽ.
കൈകൾ, മണിബന്ധം, കൈത്തണ്ട എന്നിങ്ങനെയുള്ള ഭാഗങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിലെ മേഖലയെ ആയിരിക്കും ചിപ്പുമായി ബന്ധിപ്പിക്കുക. രോഗിക്ക് പ്രശ്‌നം സൃഷ്ടിക്കാതെ, ഇവിടെ നിന്ന് പ്രയോജനപ്രദമായ ഡേറ്റ ശേഖരിക്കാനാകുമെന്ന് തെളിയിക്കുക എന്നതായിരിക്കും പ്രഥമ ഘട്ട പരീക്ഷണത്തിന്റെ ലക്ഷ്യം. ന്യൂറാലിങ്ക് ചിപ്പ് ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ അടുത്തിരിക്കുന്ന ഒരു ലാപ്‌ടോപ്പിലേക്കോ ടാബ്ലറ്റിലേക്കോ വയർലെസായി പ്രക്ഷേപണം ചെയ്യും.
ഇത്തരം ഒരു ഉപകരണം തലച്ചോറിൽ പിടിപ്പിക്കുന്നതിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ സാധിക്കുമോ എന്ന പേടിയായിരുന്നു ന്യൂറാലിങ്കിന്റെ ഗവേഷകർക്ക്. ചിപ്പിൽ ഉള്ള ലിതിയം ബാറ്ററി തലയോട്ടിക്കുള്ളിൽ എത്തുമ്പോൾ എന്തു സംഭവിക്കും എന്നുള്ള പേടിയും, ഉപകരണത്തിന്റെ വയറുകൾ തലച്ചോറിലേക്ക് പറ്റിപ്പിടിച്ചുപോകുമോ എന്ന പേടിയും ഒക്കെയായിരുന്നു ഗവേഷകർ നേരിട്ട പ്രധാന വെല്ലുവിളികൾ. എന്തായാലും, ഇക്കാര്യങ്ങളിലൊക്കെ കമ്പനി നൽകിയ വിശദീകരണങ്ങൾ അമേരിക്കയിലെ, ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ അംഗീകരിച്ചതോടെയാണ് രോഗികളിൽ പരീക്ഷണം ആരംഭിക്കുന്നത്. വരുന്ന കാലത്ത്അമിത വണ്ണം, ഓട്ടിസം, വിഷാദരോഗം, സ്‌കിറ്റ്‌സോഫ്രീനിയ തുടങ്ങിയ രോഗങ്ങളുള്ളവർക്കും ചിപ് ഗുണകരമായേക്കുമെന്നാണ് മസ്‌ക് കരുതുന്നത്.