- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 അടി വ്യാസമുള്ള 313 ഡിഷുകൾ സദാസമയവും സൂര്യനെ നിരീക്ഷിക്കും; സൗരജ്വാലയും കൊറോണൽ മാസ് ഇജക്ഷനും സസൂക്ഷ്മം പഠിക്കും; ഭൂമിക്ക് നേരെ പാഞ്ഞുവരുന്ന സൗരകൊടുങ്കാറ്റിനെ കുറിച്ച് വളരെ നേരത്തേ വിവരം നൽകാൻ കഴിയും; ചൈന വികസിപ്പിച്ചത് ഭീമൻ ടെലസ്‌കോപ്പ്; ഭൂമിയെ ലാക്കാക്കി സൗരവാതം അതിവേഗമെത്തുമ്പോൾ
ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെലസ്‌കോപ്പിന്റെ നിർമ്മാണം ചൈന പൂർത്തിയാക്കിയിരിക്കുന്നു. സൂര്യനെ നേരിട്ട് നിരീക്ഷിച്ച്, സൂര്യന്റെ പ്രകൃതത്തിൽ വരുന്ന മാറ്റങ്ങൾ ഭൂമിയെ എപ്രകാരം ബാധിക്കും എന്ന് കണ്ടെത്താൻ ഇതുമൂലം കഴിയും. ഡവോചെംഗ് സോളാർ റേഡിയോ ടെലെസ്‌കോപ് (ഡി എസ് ആർ ടി) തെക്ക് പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഒരു പീഠഭൂമിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 313 ഡിഷുകളാണ് അതിനുള്ളത്. ഓരോന്നിനും 19.7 അടി വ്യാസമാണുള്ളത്. അവയെല്ലാം കൂടി രൂപീകരിക്കുന്ന വൃത്തത്തിന് 3 കിലോമീറ്ററിലധികം ചുറ്റളവുണ്ട്.
സൗരജ്വാലകൾ, കൊറോണൽ മാസ് ഇജക്ഷൻസ് (സി എം ഇ) എന്നിവയെ കുറിച്ചുള്ള വിശദമായ പഠനത്തിനാണ് 14 മില്യൺ ഡോളർ ചെലവു വരുന്ന ഈ കൂറ്റൻ ടെലസ്‌കോപ് നിർമ്മിച്ചിരിക്കുന്നത്. സൂര്യനിൽ നടക്കുന്ന ഈ രണ്ട് പ്രതിഭാസങ്ങളും ഭൂമിയിലെ ഇലക്ട്രോണിക് സംവിധാനങ്ങളേയും പവർ ഗ്രിഡുകളേയും അതുപോലെ കൃത്രിമോപഗ്രഹങ്ങളേയും വിപരീതമായി ബാധിക്കാൻ കെല്പുള്ള പ്രതിഭാസങ്ങളാണ്. അതുകൊണ്ടു തന്നെ ഇവയുടെ പഠനത്തിന് ശാസ്ത്രത്തിൽ അതീവ പ്രാധാന്യവുമുണ്ട്.
വൈദ്യൂത ചാർജ്ജുള്ള കണങ്ങൾ ഒരുമിച്ചു ചേർന്ന് രൂപപ്പെടുത്തുന്ന വലിയ മേഘപാളികളാണ് കൊറോണൽ മാസ് എമിഷൻ അഥവാ സി എം ഇ എന്നറിയപ്പെടുന്നത്. ഈ കണങ്ങൾ അളവറ്റ് ചൂടാവുകയും പിന്നീട് സൗരജ്വാലയിൽ ഊർജ്ജം വമിക്കപ്പെടുന്നതിനോട് തുല്യമായവേഗതയിൽ പുറന്തള്ളപ്പെടുകയും ചെയ്യും. ഈ പുതിയ ടെലസ്‌കോപ്പ് ഉപയോഗിച്ച് എപ്പോഴാണ് ഇത്തരത്തിലുള്ള പുറന്തള്ളലുകൾ ഭൂമിക്ക് നേരെ ഉണ്ടാവുക എന്നത് കൃത്യമായി പറയാൻ ആവുമെന്നാണ് ഇതിന്റെ ഡെപ്യുട്ടി ചീഫ് ഡിസൈനർ ആയ വു ലിൻ പറയുന്നത്.
അത്തരത്തിൽ മേഘപാളികൾ ഉരുണ്ടു കൂടുകയും അവ ഭൂമിയെ ലക്ഷ്യമാക്കി പുറന്തള്ളപ്പെടുകയും ചെയ്താൽ ഇതുപയോഗിച്ച് വളരെ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകാൻ കഴിയും. അതുപോലെ സൗര കൊടുങ്കാറ്റ്, സൗരജ്വാല എന്നിവയെ കുറിച്ചും മുന്നറിയിപ്പ് നൽകാൻ കഴിയും. അത്തരത്തിൽ, ഭൂമിക്ക് ചുറ്റുമുള്ള കൃത്രിമ ഉപഗ്രഹങ്ങളുടെയും ഭൂമിയിലെ ഇലക്ട്രോണിക് സംവിധാനങ്ങളേയും പവർ ഗ്രിഡുകളേയുമൊക്കെ വലിയൊരു പരിധി വരെ സംരക്ഷിക്കാനും കഴിയും.
ഇതിന്റെ സംയോജിത പരീക്ഷണങ്ങൾക്ക് ശേഷം ഈ കൂറ്റൻ സംവിധാനം 2023 ജൂൺ മുതൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് ചൈനീസ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. മറ്റിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ടേലസ്‌കോപ്പുകൾക്ക് ദൃശ്യമല്ലാത്ത സൂര്യഭാഗങ്ങളും ഈ കൂറ്റൻ ടെലസ്‌കോപ്പിനാൽ ദൃശ്യമാകും എന്നതിനാൽ ഇനിമുതൽ സൂര്യനെ കുറിച്ചുള്ള പഠനം കൂടുതൽ കാര്യക്ഷമവും വിപുലവും ആക്കാൻ സാധിക്കും.
ഭൂമിയെ ലക്ഷ്യമാക്കി സൗരവാതം എത്തുന്നു
2018-ൽ വിക്ഷേപിച്ച നാസയുടെ സോളാർ പാർക്കർ പ്രോബ്, 2020-ൽ വിക്ഷേപിച്ച യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സോളാർ ഓർബിറ്റർ എന്നിവയാണ് സൗരപഠനം നടത്തുന്ന മറ്റു ടെലസ്‌കോപ്പുകൾ. സൗരോപരിതലത്തിലെ ആഗാധ ഗർത്തത്തിൽനിന്നും ഒരു സൗര കൊടുങ്കാറ്റ് ഇന്ന് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മണിക്കൂറിൽ 1.8 മില്യൺ മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ഈ സൗരവാതം പവർഗ്രിഡുകളിൽ തകരാറുകൾ ഉണ്ടാക്കിയേക്കും എന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
നവംബർ 28 തിങ്കളാഴ്‌ച്ച കണ്ടെത്തിയ ഈ ഗർത്തത്തിൽ നിന്നുള്ള സൗരവാതം ഭൂസമീപ ഉപഗ്രഹങ്ങളേയും ബഹിരാകാശയാനങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വടക്കൻ സ്‌കോട്ട്ലാൻഡിന്റെ ആകാശത്ത് ഈ സൗരവാതത്തിന്റെ ദീപ്തി ദൃശ്യമാകുമെന്നും അവർ പറയുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ