ബെയ്ജിംഗ്: ലോകത്തിലെ ആദ്യത്തെ മാനുഷിക റോബോട്ട് ഗെയിംസിന് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ തിരശ്ശീല വീണു. 16 രാജ്യങ്ങളിൽ നിന്നുള്ള 280 റോബോട്ടിക്സ് ടീമുകളാണ് നൂതന മത്സരത്തിൽ പങ്കെടുത്തത്. 500-ൽ അധികം മാനുഷിക റോബോട്ടുകളാണ് 100 മീറ്റർ ഹർഡിൽസ് മുതൽ കുങ്ഫു വരെയുള്ള വിവിധ കായിക ഇനങ്ങളിലും പ്രായോഗിക ജോലികളിലും മത്സരിച്ചത്.

ബെയ്ജിംഗിന്റെ നാഷണൽ സ്പീഡ് സ്കേറ്റിംഗ് ഓവലിൽ നടന്ന മത്സരങ്ങളിൽ അത്‌ലറ്റിക്സ്, ബാസ്കറ്റ്ബോൾ തുടങ്ങിയ പരമ്പരാഗത കായിക വിനോദങ്ങൾക്ക് പുറമെ മെഡിസിൻ വർഗ്ഗീകരണം, ശുചീകരണം തുടങ്ങിയ പ്രായോഗിക ജോലികളും ഉൾപ്പെടുത്തിയിരുന്നു. മത്സരങ്ങളുടെ ആദ്യ ദിവസങ്ങളിൽ, പ്രത്യേകിച്ച് ഫുട്ബോൾ മത്സരത്തിൽ, മനുഷ്യരൂപത്തിലുള്ള റോബോട്ടുകൾ പലപ്പോഴും വീഴുകയും പരസ്പരം കൂട്ടയിടിക്കുകയും ചെയ്തത് കാണികൾക്ക് കൗതുകമായി.

എന്നാൽ 1500 മീറ്റർ ഓട്ടമത്സരത്തിൽ യൂണിട്രി എന്ന കമ്പനിയുടെ റോബോട്ട് മികച്ച പ്രകടനം കാഴ്ചവെച്ച് എതിരാളികളെ പിന്നിലാക്കി. ഒരു മാനുഷിക റോബോട്ട് ട്രാക്കിൽ ഓടുന്നതിനിടയിൽ ഒരു മനുഷ്യ പ്രവർത്തകനെ ഇടിച്ചു തെറിപ്പിച്ചത് ശ്രദ്ധേയമായി. റോബോട്ട് വീഴാതെ നിന്നപ്പോൾ മനുഷ്യൻ നിലത്തുവീണെങ്കിലും പരിക്കുകൾ ഒന്നും സംഭവിച്ചില്ല.

2025 ലോക മാനുഷിക റോബോട്ട് ഗെയിംസ്, മനുഷ്യ ശരീരത്തോട് സാമ്യമുള്ള റോബോട്ടുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആദ്യത്തെ മത്സരമാണ്. ദശകങ്ങളായി റോബോട്ട് മത്സരങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഈ ഇവന്റ് മാനുഷിക റോബോട്ടുകളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ പ്രത്യേകമായി സംഘടിപ്പിച്ചതാണ്.

ഈ രംഗത്ത് മുന്നേറാനുള്ള ചൈനീസ് സർക്കാരിൻ്റെ ശക്തമായ പിന്തുണയും താല്പര്യവും മത്സരങ്ങളിൽ ഉടനീളം പ്രകടമായിരുന്നു. സമീപ കാലത്തായി ചൈന റോബോട്ടിക്സ് മേഖലയിൽ വൻ തോതിലുള്ള നിക്ഷേപം നടത്തി വരുന്നുണ്ട്. ലോകത്തിൻ്റെ അംഗീകാരം നേടാനും സാങ്കേതികവിദ്യയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ ലോകോത്തര ഗെയിംസിന് ബെയ്ജിംഗ് വേദിയായത്. അടുത്ത ദശകത്തോടെ മനുഷ്യരുടെ നിലവാരത്തിലേക്ക് റോബോട്ടുകൾ എത്തുമെന്ന പ്രതീക്ഷയാണ് ഒരു പതിനെട്ടുകാരനായ പ്രേക്ഷകൻ പങ്കുവെച്ചത്.