- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
മറ്റന്നാള്‍ പുലര്‍ച്ചെ മാനത്ത് പ്രതീക്ഷയുടെ വെളിച്ചം മിന്നിമറയും; പുത്തന്‍ ചരിത്രം കുറിക്കാൻ മസ്ക്; സ്റ്റാര്‍ഷിപ്പ് 11-ാം പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ 14ന് നടക്കും; ആകാംക്ഷയോടെ ശാസ്ത്ര ലോകം
ടെക്സസ്: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനി വികസിപ്പിക്കുന്ന, മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയതും ശക്തവുമായ ബഹിരാകാശ പേടകമായ സ്റ്റാർഷിപ്പിന്റെ 11-ാം പരീക്ഷണ വിക്ഷേപണം നാളെ (ഒക്ടോബർ 14) പുലർച്ചെ നടക്കും. ഇന്ത്യൻ സമയം പുലർച്ചെ 4.45ന് ദക്ഷിണ ടെക്സസിലെ ബൊക്കാ ചിക്കയിലുള്ള സ്റ്റാർബേസിൽ നിന്നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്കായി വിക്ഷേപണത്തിന്റെ ഓർബിറ്റൽ ലോഞ്ചും പൂർണ്ണമായ വാഹന വീണ്ടെടുക്കലും സ്പേസ് എക്സിന് നിർണായകമാണ്. ഈ പരീക്ഷണ വിക്ഷേപണം ശാസ്ത്രലോകം ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. 2025-ൽ നടക്കാനിരിക്കുന്ന സ്റ്റാർഷിപ്പിന്റെ അഞ്ചാമത്തെ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ് സ്പേസ് എക്സ്.
കഴിഞ്ഞ ഓഗസ്റ്റ് 27-ന് നടന്ന സ്റ്റാർഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്റെ 10-ാം പരീക്ഷണ വിക്ഷേപണം വലിയ വിജയമായിരുന്നു. തുടർച്ചയായ മൂന്ന് തിരിച്ചടികൾക്ക് ശേഷമാണ് ഈ വിജയം സ്പേസ് എക്സിന് ലഭിച്ചത്. വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്റെ സൂപ്പർ ഹെവി ബൂസ്റ്റർ ഗൾഫ് ഓഫ് മെക്സിക്കോയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും, റോക്കറ്റിന്റെ മുകൾഭാഗം എട്ട് സ്റ്റാർലിങ്ക് ഡമ്മി സാറ്റലൈറ്റുകൾ ആദ്യമായി ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു.
തുടർന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ കടന്ന മുകൾഭാഗം ഇന്ത്യൻ മഹാസമുദ്രത്തിൽ വിജയകരമായി സ്പ്ലാഷ്ഡൗൺ ചെയ്യുകയും ചെയ്തു. ഹെവി ബൂസ്റ്റർ ഭാഗത്തെ യന്ത്രക്കൈ വായുവിൽ വെച്ച് മുമ്പ് പിടികൂടിയത് മാറ്റിനിർത്തിയാൽ, സ്റ്റാർഷിപ്പിന്റെ പരീക്ഷണ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്.
എഞ്ചിനീയറിംഗ് വിസ്മയം സ്റ്റാർഷിപ്പ്
വിജയകരമായി പൂർത്തിയാക്കിയാൽ, സ്റ്റാർഷിപ്പ് സ്പേസ് എക്സിന്റെ ഒരു വലിയ എഞ്ചിനീയറിംഗ് വിസ്മയമായി കണക്കാക്കപ്പെടും. 121 മീറ്റർ ഉയരമുള്ള ഈ മെഗാ റോക്കറ്റിന് രണ്ട് പ്രധാന ഭാഗങ്ങളുണ്ട്: താഴെ സൂപ്പർ ഹെവി ബൂസ്റ്റർ, മുകളിൽ സ്റ്റാർഷിപ്പ് സ്പേസ്ക്രാഫ്റ്റ് (ഷിപ്പ്). സൂപ്പർ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്റർ ഉയരമുണ്ട്. 33 റാപ്റ്റർ എഞ്ചിനുകളുടെ കരുത്താണ് സൂപ്പർ ഹെവി ബൂസ്റ്ററിന്. ഇത് വലിയ പേലോഡുകൾ ബഹിരാകാശത്തേക്ക് ഉയർത്താൻ കഴിവുള്ളതാണ്. സ്റ്റാർഷിപ്പ് സ്പേസ്ക്രാഫ്റ്റിന് 52 മീറ്റർ ഉയരമുണ്ട്.
ഭാവി ലക്ഷ്യങ്ങൾ
നാസയുടെ ആർട്ടെമിസ് പോലുള്ള ദൗത്യങ്ങൾ വഴി ചന്ദ്രനിലും പിന്നീട് ചൊവ്വയിലും മനുഷ്യരെ എത്തിക്കുക എന്നതാണ് സ്റ്റാർഷിപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിനായി സ്പേസ് എക്സ് വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾ തുടർച്ചയായി നടത്തിവരികയാണ്. ഭൂമിയിൽ നിന്നും മറ്റ് ഗ്രഹങ്ങളിൽ നിന്നും വിക്ഷേപിക്കാൻ ശേഷിയുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ ഒരു ബഹിരാകാശ വാഹനമായി സ്റ്റാർഷിപ്പിനെ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്.
സ്റ്റാർഷിപ്പിന്റെ ഓരോ പരീക്ഷണ വിക്ഷേപണവും ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ സാധ്യതകളാണ് തുറന്നുതരുന്നത്. നാളെ നടക്കുന്ന 11-ാം പരീക്ഷണവും കൂടുതൽ മുന്നേറ്റങ്ങൾക്കും വിജയങ്ങൾക്കും വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര സമൂഹം.