ഫോണിലെ അലാറം ആപ്പില്‍ വന്ന ഒരു ചെറിയ സാങ്കേതിക പിശക് കാരണം അമേരിക്കയിലെ ഷിക്കാഗോയിലേക്കുള്ള വിമാനം നഷ്ടമായ ഒരു യുവതിയുടെ അനുഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ബ്രെറ്റ് ചോഡി എന്ന യുവതിയാണ് തനിക്കുണ്ടായ ഈ ദുരനുഭവം ടിക് ടോക്കിലൂടെ പങ്കുവെച്ചത്. അലാറം കൃത്യസമയത്ത് അടിച്ചെങ്കിലും ശബ്ദമില്ലാത്തതിനാലാണ് തനിക്ക് ഉണരാന്‍ കഴിയാതിരുന്നതെന്ന് അവര്‍ പറയുന്നു.

രാവിലെ 6:30-ന് സ്വയം ഉറക്കമുണര്‍ന്നപ്പോഴാണ് വിമാനം പുറപ്പെട്ട കാര്യം അവര്‍ അറിയുന്നത്. അപ്പോള്‍ ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ അലാറം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെങ്കിലും യാതൊരു ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഏകദേശം രണ്ടര മണിക്കൂറോളമായി അലാറം ശബ്ദമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു. ബ്രെറ്റിന് ഉണ്ടായ അതേ അനുഭവം തങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടെന്നും ജോലിക്ക് പോകാനും പരീക്ഷകള്‍ക്കും ഇത് തടസ്സമായെന്നും നൂറുകണക്കിന് ആളുകള്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.

ഐഫോണിലെ 'അറ്റന്‍ഷന്‍ അവയര്‍ ഫീച്ചേഴ്‌സ്' എന്ന സെറ്റിംഗ്‌സിലെ പ്രത്യേകതയാണ് ഈ പ്രശ്‌നത്തിന് കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നമ്മള്‍ ഫോണിലേക്ക് നോക്കുന്ന സമയത്ത് അലാറത്തിന്റെ ശബ്ദം കുറയ്ക്കുന്ന സംവിധാനമാണിത്. എന്നാല്‍ അലാറം അടിക്കുമ്പോള്‍ സെന്‍സറുകള്‍ക്ക് ഉണ്ടാകുന്ന ചില പിശകുകള്‍ കാരണം ഫോണ്‍ നോക്കുന്നില്ലെങ്കിലും ശബ്ദം തനിയെ കുറഞ്ഞുപോകാന്‍ സാധ്യതയുണ്ട്.

ഇത്തരം അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ ഐഫോണ്‍ ഉപയോക്താക്കള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

ഫോണിലെ 'Settings' എടുത്ത ശേഷം 'Face ID & Passcode' എന്നതിലേക്ക് പോകുക. അവിടെയുള്ള 'Attention Aware Features' എന്ന ഓപ്ഷന്‍ ഓഫ് ചെയ്തു വെക്കുക.

'Sounds & Haptics' എന്ന സെറ്റിംഗ്‌സില്‍ പോയി റിംഗ് ടോണിന്റെയും അലേര്‍ട്ടുകളുടെയും വോളിയം പരമാവധിയിലാണെന്ന് ഉറപ്പുവരുത്തുക.

രാത്രിയില്‍ ഫോണ്‍ കമഴ്ത്തി വെക്കുന്നതും (Face-down) അലാറം ശബ്ദം കുറയാതിരിക്കാന്‍ സഹായിക്കും.

ഐഫോണ്‍ അലാറത്തെ മാത്രം വിശ്വസിച്ച് യാത്രകള്‍ക്കും മറ്റും തയ്യാറെടുക്കുന്നവര്‍ ഈ സെറ്റിംഗ്‌സ് പരിശോധന ഗുണം ചെയ്യും.