2026-ലെ ആദ്യ പൂർണ്ണചന്ദ്രൻ ഇന്ന് ആകാശത്ത് 'സൂപ്പർമൂൺ' പ്രതിഭാസമായി ദൃശ്യമാകും. 'വുൾഫ് മൂൺ' എന്നും അറിയപ്പെടുന്ന ഈ ജനുവരിയിലെ പൂർണ്ണചന്ദ്രൻ, ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന അപൂർവ കാഴ്ചയൊരുക്കുമെന്നതിനാൽ വാനനിരീക്ഷകർക്കും പൊതുജനങ്ങൾക്കും ഏറെ പ്രതീക്ഷ നൽകുന്നു.

ഇന്ന് രാത്രിയിൽ ചന്ദ്രൻ ഭൂമിയിൽനിന്ന് ഏകദേശം 3,62,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും. സാധാരണയേക്കാൾ 14 ശതമാനം വരെ വലുപ്പത്തിലും ഏകദേശം 30 ശതമാനം വരെ കൂടുതൽ തിളക്കത്തിലുമായിരിക്കും ഈ പ്രതിഭാസം ദൃശ്യമാകുക. ഇത് സാധാരണ പൂർണ്ണചന്ദ്രനേക്കാൾ കൂടുതൽ പ്രകാശമാനവും വലുതുമായി കാണപ്പെടാൻ കാരണമാകും.

ഇന്ത്യയിലുള്ളവർക്ക് ഇന്ന് (ജനുവരി 3) വൈകുന്നേരം 5:45-നും 6:00-നും ഇടയിലുള്ള സമയത്ത് കിഴക്കൻ ആകാശത്ത് സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ചന്ദ്രൻ ഉദിച്ചുയരുന്നത് കാണാൻ സാധിക്കും. രാത്രി മുഴുവൻ ആകാശത്ത് ദൃശ്യമാകുന്ന ചന്ദ്രൻ നാളെ പുലർച്ചെയോടെയായിരിക്കും അസ്തമിക്കുക. ഇന്ത്യയിൽ അർദ്ധരാത്രിയോടെ ചന്ദ്രൻ ആകാശത്തിന്‍റെ മധ്യഭാഗത്ത് എത്തുമ്പോൾ ഏറ്റവും മിഴിവുള്ള കാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ. ഗ്രീനിച്ച് സമയം (GMT) അനുസരിച്ച് ജനുവരി 3-ന് രാത്രി 10:02-നും 10:04-നും ഇടയിലായിരിക്കും ചന്ദ്രൻ അതിന്‍റെ പൂർണ്ണതയിലെത്തുക.

പുരാതനകാലത്ത്, കഠിനമായ ശൈത്യകാലത്ത് ഭക്ഷണത്തിനായി ചെന്നായകൾ ഓരിയിടുന്ന സമയത്താണ് ജനുവരിയിലെ പൂർണ്ണചന്ദ്രൻ ദൃശ്യമായിരുന്നത്. ഈ കാരണംകൊണ്ടാണ് വടക്കൻ ഗോത്രവർഗക്കാർ ഈ പ്രതിഭാസത്തെ 'വുൾഫ് മൂൺ' എന്ന് വിശേഷിപ്പിച്ചുതുടങ്ങിയത്. പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ നഗ്നനേത്രങ്ങൾകൊണ്ടുതന്നെ ഈ മനോഹര ദൃശ്യം ആസ്വദിക്കാം. നഗരങ്ങളിലെ പ്രകാശത്തിൽനിന്ന് മാറിയുള്ള സ്ഥലങ്ങളിൽനിന്ന് നോക്കിയാൽ ചന്ദ്രന്‍റെ തിളക്കം കൂടുതൽ വ്യക്തമായി കാണാൻ സാധിക്കും.

ഈ വർഷം പ്രതീക്ഷിക്കുന്ന മൂന്ന് സൂപ്പർമൂണുകളിൽ ആദ്യത്തേതാണിത്. ജനുവരി 2, 3 തീയതികളിൽ ചന്ദ്രൻ ആകാശത്ത് താഴ്ന്ന് നിൽക്കുന്ന സമയത്തും (ചന്ദ്രോദയ സമയത്ത്) ഏറെ മനോഹരമായ കാഴ്ചയായിരിക്കും സമ്മാനിക്കുക. ഏകദേശം മൂന്ന് ദിവസത്തോളം ചന്ദ്രൻ പൂർണ്ണരൂപത്തിൽ ദൃശ്യമാകും എന്നത് ഈ ആകാശവിസ്മയത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.