- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
ഇപ്പോൾ എക്‌സ് തുറക്കുമ്പോൾ കാണുന്നത് അത്ര നല്ല കാര്യങ്ങളല്ല; ഗ്രോക്ക് എഐ മുഴുവൻ അശ്ലീല ഉള്ളടക്കങ്ങള് കൊണ്ട് നിറയുന്ന കാഴ്ച; കടുത്ത നടപടികളുമായി ഇന്ത്യ
ഡൽഹി: ചാറ്റ്‌ബോട്ടായ ഗ്രോക് എഐ (Grok AI) ഉപയോഗിച്ച് സൃഷ്‌ടിച്ച ലൈംഗികവും അശ്ലീലകരവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും എക്‌സ് കോർപ്പറേഷന് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകി. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (MeitY) മന്ത്രാലയം നൽകിയ 72 മണിക്കൂർ സമയപരിധി അവസാനിക്കാറായ സാഹചര്യത്തിൽ, വിഷയത്തിൽ എക്‌സ് ഉടൻതന്നെ കേന്ദ്രത്തിന് റിപ്പോർട്ട് കൈമാറേണ്ടതുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ അശ്ലീല ഉള്ളടക്കങ്ങളാക്കി മാറ്റാൻ ഗ്രോക് എഐ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിലാണ് കേന്ദ്രം കടുത്ത ആശങ്ക പ്രകടിപ്പിച്ചത്.
2000-ലെ ഐടി ആക്‌ട്, 2021-ലെ ഐടി റൂൾസ് എന്നിവയിൽ എക്‌സ് അധികൃതർ വീഴ്ച വരുത്തിയതായി കേന്ദ്രമയച്ച നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ഗ്രോക്കിന്റെ എഐ ശേഷികൾ ദുരുപയോഗം ചെയ്‌ത് ഉപയോക്താക്കൾ സിന്തറ്റിക് ചിത്രങ്ങളും വീഡിയോകളും സൃഷ്‌ടിച്ച് വ്യക്തികളുടെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതായി മന്ത്രാലയം എക്‌സിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. ലൈംഗിക ഉള്ളടക്കങ്ങൾ സൃഷ്‌ടിക്കാനും വ്യക്തികളെ തേജോവധം ചെയ്യാനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ആഗോള ആശങ്കകൾ വർധിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഈ നിർണായക നടപടി സ്വീകരിച്ചത്.
സാധാരണ ഫോട്ടോകൾ ഗ്രോക് എഐ ഉപയോഗിച്ച് അശ്ലീലവും അധിക്ഷേപകരവുമായ ചിത്രങ്ങളാക്കി മാറ്റുന്ന പ്രവണത കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് എക്‌സ് പ്ലാറ്റ്‌ഫോമിൽ വ്യാപകമായത്. പുതുവത്സര ദിനത്തിൽ ഈ അപകടകരമായ രീതി കൂടുതൽ പ്രചാരം നേടി. എക്‌സ് ഉപയോക്താക്കൾ സ്ത്രീകളുടെയും കുട്ടികളുടെയും സാധാരണ ചിത്രങ്ങൾ ഗ്രോക്കിൽ അപ്‌ലോഡ് ചെയ്‌ത് നിർദ്ദേശങ്ങൾ (പ്രോംപ്റ്റുകൾ) നൽകി ഇത്തരം ഉള്ളടക്കങ്ങൾ നിർമ്മിക്കുകയും അവ പ്ലാറ്റ്‌ഫോമിൽ വ്യാപകമായി പങ്കുവെക്കുകയും ചെയ്‌തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.




