ഇൻസ്റ്റഗ്രാമിൽ കണ്ടന്റ് ക്രിയേറ്റർമാർക്കായി 'സീരീസ്' എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഒന്നിലധികം റീൽസ് വീഡിയോകളെ ഒരുമിച്ച് കോർത്തിണക്കി ഒരു പരമ്പരയായി അവതരിപ്പിക്കാൻ സഹായിക്കുന്നതാണ് ഈ സംവിധാനം. ഇതോടെ ഒരു പരമ്പരയിലെ അടുത്ത ഭാഗം കണ്ടെത്തുന്നത് കാഴ്ചക്കാർക്ക് കൂടുതൽ എളുപ്പമാകും.

കണ്ടന്റ് ക്രിയേറ്റർമാരുടെ ഫീഡിൽ പരന്നുകിടക്കുന്ന ഭാഗങ്ങൾക്കിടയിൽ നിന്ന് അടുത്ത വീഡിയോ കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന ലക്ഷ്യം. പശ്ചാത്തലം, വിഷയം എന്നിവയുടെ അടിസ്ഥാനത്തിൽ ക്രിയേറ്റർമാർക്ക് പുതിയതും നിലവിലുള്ളതുമായ റീലുകളെ പരസ്പരം ബന്ധിപ്പിക്കാം. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലൂടെ പ്ലാറ്റ്‌ഫോമിൽ പ്രേക്ഷകരെ കൂടുതൽ നേരം നിലനിർത്താനുള്ള ഇൻസ്റ്റഗ്രാമിന്റെ തന്ത്രപരമായ നീക്കമാണിത്.

ക്രിയേറ്റർമാർ റീലുകൾ ബന്ധിപ്പിച്ചു കഴിഞ്ഞാൽ, വീഡിയോയുടെ താഴെ ഇടതുവശത്തായി ഒരു നാവിഗേഷൻ ബട്ടൺ ദൃശ്യമാകും. ഇതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ പരമ്പരയിലെ അടുത്ത റീലിലേക്ക് കാഴ്ചക്കാർക്ക് നേരിട്ട് പ്രവേശിക്കാനാകും. എന്നാൽ, സബ്സ്ക്രൈബർമാർക്ക് മാത്രമുള്ള (Subscriber-only) റീലുകളെ ഈ രീതിയിൽ ബന്ധിപ്പിക്കാൻ സാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഒരു റീൽ സീരീസിലേക്ക് ചേർക്കുന്ന വിധം

1. ഒരു റീൽ പോസ്റ്റ് ചെയ്യുമ്പോൾ ക്യാപ്ഷൻ ബോക്സിന് താഴെ കാണുന്ന 'ലിങ്ക് റീൽ' ഓപ്ഷൻ തിരഞ്ഞെടുക്കുക.

2. തുടർന്ന് ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന റീൽ തിരഞ്ഞെടുക്കുക (ഒരു സമയം ഒരെണ്ണം മാത്രം).

3. ലിങ്ക് ചെയ്ത റീൽ സീരീസിന് ഒരു പേര് നൽകുക. ഈ തലക്കെട്ട് പിന്നീട് മാറ്റാനോ നീക്കം ചെയ്യാനോ സാധിക്കും.

4. വിവരങ്ങൾ നൽകിയ ശേഷം റീൽ ഷെയർ ചെയ്യാം.