ന്യൂയോര്‍ക്ക്: ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് അവരുടെ ബ്രൗസര്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പുമായി കമ്പനി. ഹാക്കര്‍മാര്‍ ഇതിനെ ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ് ഗൂഗിള്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ വെബ് ബ്രൗസറാണ് ഇത്. മൂന്നര ബില്യണിലധികം കമ്പ്യൂട്ടറുകളിലാണ് ഗൂഗിള്‍ക്രോം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്. സൈബര്‍ കുറ്റവാളികള്‍ നുഴഞ്ഞു കയറാന് നടത്തിയ ഒരു

ശ്രമം പരാജയപ്പെടുത്തിയതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

സൈബര്‍ കുറ്റവാളികള്‍ മാത്രമല്ല ചില രാജ്യങ്ങള്‍ പോലും ഈ അവസരം മുതലെടുത്തിട്ടുള്ളതായി ഗൂഗിള്‍ സംശയിക്കുന്നുണ്ട്. ക്രോം വി 8 എന്ന സിസ്റ്റത്തിലാണ് പ്രശ്നം കണ്ടെത്തിയത്. ഉപഭോക്താക്കളുടെ

ഡാറ്റ, പാസ്വേഡുകള്‍ എന്നിവ മോഷ്ടിക്കാനോ വൈറസുകളും റാന്‍സംവെയറും വിന്യസിക്കാനോ കഴിയുന്ന തട്ടിപ്പ് വെബ്‌പേജുകള്‍ സൃഷ്ടിക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഇതിലൂടെ സാധിച്ചിരുന്നു.

അപകടസാധ്യതകള്‍ പരിഹരിച്ചതായി ഗൂഗിള്‍ വ്യക്തമാക്കി. എന്നാല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി നിങ്ങളുടെ ബ്രൗസര്‍ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉപഭോക്താക്കള്‍ ഉറപ്പാക്കണം എന്നാണ് ഗൂഗിള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആഗോള സൈബര്‍ സുരക്ഷാ ഉപദേഷ്ടാവായ ജെയ്ക്ക് മൂര്‍ പറയുന്നത് നിങ്ങളുടെ ഉപകരണങ്ങളും ആപ്പുകളും അപ്‌ഡേറ്റ് ചെയ്യുന്നത് ഏറ്റവും അവശ്യമാണ് എന്നാണ്.

ഇല്ലെങ്കില്‍ ഇപ്പോള്‍ ഉണ്ടായത് പോലെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് അത് വഴിവെയ്ക്കുമെന്നാണ് അവര്‍ പറയുന്നത്. ബ്രൗസറിന്റെ മെമ്മറിയില്‍ സംഭരിച്ചിരിക്കുന്ന എന്തും വായിക്കാന്‍ ക്രിമിനല്‍ ഹാക്കര്‍മാര്‍ക്ക് ഇതിലൂടെ കഴിയുമായിരുന്നു. അവയില്‍ പാസ്വേഡുകള്‍ പോലെയുള്ള വളരെ പ്രധാനപ്പെട്ട വിവരങ്ങളും ഉള്‍പ്പെടാം. ഇരകളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവരെയും ഇവര്‍ക്ക് കടന്നാക്രമിക്കാന്‍ കഴിയും.

എന്നാല്‍ എല്ലാ ഉപഭോക്താക്കളും അപ്ഡേറ്റ് ചെയ്തതിന് ശേഷം മാത്രമേ ഇനി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുകയുളളൂ എന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്. ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പിലെ ക്ലെമെന്റ് ലെസിഗ്നെ ആണ് ഈ അപകടസാധ്യത കണ്ടെത്തിയത്. പെഗാസസ് സ്‌പൈവെയര്‍ പോലെ, സര്‍ക്കാര്‍ ജീവനക്കാരേയും മറ്റും ലക്ഷ്യം വെയ്ക്കാന്‍ ഇത്തരക്കാര്‍ നിരന്തരമായി ശ്രമിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

സാധാരണയായി ഗൂഗിള്‍ ക്രോം ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യപ്പെടുകയും ഏറ്റവും പുതിയ സുരക്ഷാ പാച്ചുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയുമാണ് ചെയ്യുന്നത്. എങ്കിലും സുരക്ഷ ഉറപ്പാക്കാനായി ഉപഭോക്താക്കള്‍ അവരുടെ സോഫ്‌റ്റ്വെയര്‍ പതിപ്പ് സ്വയം പരിശോധിച്ച് ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യണം എന്നാണ് ഗൂഗിള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.