- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രൗസര്‍ അപ്ഡേയ്റ്റ് എന്ന രീതിയില്‍ നിങ്ങളോട് ക്ലിക്ക് ചെയ്യാന്‍ പറയുന്നത് ഫോണിലെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തുന്ന മാല്‍വെയര്‍; ഐഫോണുകളും ഐപ്പാടുകളും ലക്ഷ്യമിട്ട് വൈറസ് പരക്കുന്നു: ക്ലിക്ക് ചെയ്ത് പണി വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക
ബ്രൗസര്‍ അപ്ഡേയ്റ്റ് എന്ന രീതിയില്‍ നിങ്ങളോട് ക്ലിക്ക് ചെയ്യാന്‍ പറയുന്നത് ഫോണിലെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തുന്ന മാല്‍വെയര്‍
ഒരു സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് എന്ന വ്യാജേന എത്തുന്ന ഒരു പുതിയ മാല്‍വെയര്‍ തട്ടിപ്പിനെ കുറിച്ച് സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. പുരസ്‌കാര ജേതാവ് കൂടിയായ ടെക് ജേര്‍ണലിസ്റ്റ് കുള്‍ നുട്ട്‌സണ്‍ എന്ന 57 കാരനാണ് ആപ്പിള്‍ ഉപയോക്താക്കളോട് ജാഗരൂകരായിരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ അതീവ പ്രധാന്യമുള്ള ഡാറ്റ ഇത്തരം മാല്‍വെയറുകളില്‍ നിന്നും സംരക്ഷിക്കേണ്ടത് എങ്ങിനെയെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ഒരു ഇന്റര്‍നെറ്റ് ബ്രൗസറില്‍ നിന്നുള്ള അപ്‌ഡേറ്റ് എന്ന വ്യാജേന ഉപയോക്താക്കളെ അത്യന്തം അപകടകാരിയായ ഒരു സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്‍- 'ഇന്‍ഫോസ്റ്റീലര്‍' എന്നറിയപ്പെടുന്ന ഈ തട്ടിപ്പിന്റെ രീതി. അത് ഡൗണ്‍ലോഡ് ചെയ്താല്‍ നിങ്ങളുടെ പാസ്സ്വേര്‍ഡ്, വ്യക്തിഗത വിവരങ്ങള്‍ തുടങ്ങി എല്ലാ വിലപ്പെട്ട വിവരങ്ങളും ആക്സസ് ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും. അടുത്തിടെയായി ഇത്തരം തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2023 ആരംഭം മുതല്‍ 2024 അവസാനം വരെ ഏകദേശം 26 മില്യന്‍ ആളുകളെയാണ് ഇന്‍ഫോസ്റ്റീലര്‍ വലയില്‍ വീഴ്ത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കാസ്പെര്‍സ്‌കിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 14 ല്‍ ഒന്നു വീതം കേസുകളില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. വിന്‍ഡോസ് ഉപയോഗിക്കുന്ന ഡിവൈസുകളാണ് തട്ടിപ്പിന് കൂടുതല്‍ ഇരകളായിട്ടുള്ളത് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ കണക്കാണിത്.
നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ മാല്‍വെയര്‍ ശരിക്കും ഒരു ചതിയനാണെന്ന് നുട്ട്‌സണ്‍ പറയുന്നു. മാത്രമല്ല, സമര്‍ത്ഥമായി ആളുകളെ ചതിക്കുഴിയില്‍ വീഴ്ത്താനും ഇതിന് കഴിയും. ഇക്കഴിഞ്ഞ ബുധനാഴ്ച ഫോക്സ് ആന്‍ഡ് ഫ്രണ്ട്‌സിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇത് തടയുവാനായി വ്യാജ സോഫ്റ്റ്വെയ്റ്റര്‍ അപ്‌ഡേറ്റുകള്‍ക്കെതിരെയും പ്പൊപ് അപ് സന്ദേശങ്ങള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
വ്യാജ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റുകള്‍ ഒരു പോപ്പ് അപ് സന്ദേശമായോ ഈമെയില്‍ വഴിയോ ടെക്സ്റ്റ് മെസേജ് വഴിയോ ലിങ്ക് ആയോ വരാം. അതില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് അദ്ദേഹം പറയുന്നു. സാധാരണ അപ്‌ഡേറ്റുകള്‍ ഓട്ടോമാറ്റിക് ആയി അപ്‌ഡേറ്റ് ആകുന്നതുപോലെ ഇതും ഓട്ടോമാറ്റിക് ആയി അപ്‌ഡേറ്റ് ആകാന്‍ കാത്തിരിക്കുക. അതല്ലെങ്കില്‍, സെറ്റിംഗ്‌സില്‍ പോയി ജനറല്‍ ഓപ്ഷന്‍ എടുക്കുക. പിന്നീട് സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് എന്ന ഓപ്ഷനില്‍ പോയി അതില്‍ വരുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുക. അതല്ലാതെ ലഭിക്കുന്നതെന്തിലും ക്ലിക്ക് ചെയ്യരുതെന്ന് അദ്ദേഹം പറയുന്നു.
രണ്ട് വ്യത്യസ്ത തരത്തിലുള്ള ഐഡെന്റിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്ന ടു ഫാക്റ്റര്‍ ഓഥെന്റിക്കേഷന്‍ ഇത്തരം തട്ടിപ്പുകള്‍ തടയുവാന്‍ വലിയൊരു പരിധിവരെ സഹായകരമാകുമെന്നും അദ്ദേഹം പറയുന്നു. അതുപോലെ ഉപയോക്താക്കള്‍ക്ക് പാസ്സ്വേര്‍ഡുകള്‍ ഉണ്ടാക്കുന്നതിനും, സുരക്ഷിതമായി പരിപാലിക്കുന്നതിനും സഹായിക്കുന്ന പാസ്സ്വേര്‍ഡ് മാനേജര്‍ ടൂള്‍ ഉപയോഗിക്കുന്നതും നല്ലതായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.