തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ഇതിനാൽ മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനും തടസ്സമുണ്ടായി. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം തുടങ്ങി.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക നമ്പറിലാണോ അതോ ജില്ലാതല ഓഫീസുകളിലെ നമ്പരുകളിലാണോ ഹാക്കിങ് നടന്നതെന്ന് പരിശോധിച്ചുവരികയാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ പ്രധാന നമ്പറാണ് ഹാക്ക് ചെയ്തതെന്ന് സ്ഥിരീകരിച്ചാൽ ഉടനടി പോലീസിൽ പരാതി നൽകുമെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് ഐടി വിഭാഗം വിശദമായ പരിശോധന നടത്തി വരികയാണ്. ഇന്ന് വൈകുന്നേരത്തോടെ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ദുരന്ത സന്ദേശങ്ങൾ കൈമാറുന്ന സംവിധാനത്തിലെ തടസ്സം ആശങ്കയുളവാക്കുന്നുണ്ട്.