ക്കൗണ്ട് തുറന്നവരുടെ വ്യക്തിഗത വിവരങ്ങളും അവരുടെ ഫ്രണ്ട്സ് ലിസ്റ്റുമൊക്കെ മൂന്നാമതൊരു കക്ഷിക്ക് കൈമാറ്റം ചെയ്ത നടപടിയിൽ ഫേസ്‌ബുക്കിന് ശിക്ഷ വിധിച്ചിരിക്കുന്നു. നഷ്ടപരിഹാരമായി 725 മില്യൺ ഡോളർ നൽകാമെന്നാണ് ഇപ്പൊൾ ഫേസ്‌ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ സമ്മതിച്ചിരിക്കുന്നത്. 2007 മെയ്‌ 24 മുതൽ 2022 ഡിസംബർ 22 വരെ ഫേസ്‌ബുക്കിൽ അക്കൗണ്ട് ഉണ്ടായിരുന്നവർക്ക് ഇതിന്റെ ഒരു വിഹിതം ലഭിക്കും. അതിനായി നിങ്ങളുടെ ആവകാശവാദം 2023 ഓഗസ്റ്റ് 25 ന് മുൻപായി സമർപ്പിക്കേണ്ടതുണ്ട്.

ഉപയോക്താക്കളുടെ വിവരങ്ങളും അവരുടെ സുഹൃത്തുക്കളുടെ വിവരങ്ങളും മൂന്നാമതൊരു കക്ഷിക്ക് കൈമാറി എന്ന് സമ്മതിച്ച സമൂഹമാധ്യമം പക്ഷെ അങ്ങനെ ചെയ്തത് വഴി തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ആവർത്തിക്കുകയൂം ചെയ്യുന്നു. ഫേസ്‌ബുക്കിൽ നിന്നും ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചു എന്ന കേംബ്രിഡ്ജ് അനലിറ്റിക്ക തട്ടിപ്പിൽ നിന്നാണ് എല്ലാം ആരംഭിക്കുന്നത്.

ഏതാണ്ട് 30 മില്യൂൺ ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചു എന്നായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്ക നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ചുരുങ്ങിയത് 87 മില്യൺ ഉപയോക്താക്കളുടെയെങ്കിലും വിവരങ്ങൾ ശേഖരിച്ചു കാണും എന്നാണ് ലോ ഓഫീസ് ആയ കെല്ലെർ റോർബാക്ക് പറയുന്നത്. കേംബ്രിഡ് അനലിറ്റിക്ക അനധികൃതമായി ഡാറ്റ ശേഖരിക്കുന്നത് 2015 മുതൽ തന്നെ ഫേസ്‌ബുക്കിന് അറിയാമായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

എന്നാൽ ഇത് തടയുന്നതിനോ ഇതേക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിനോ 2018 മാർച്ച് വരെ ഫേസ്‌ബുക്കിന് കഴിഞ്ഞില്ല. ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനോ, ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനോ കമ്പനിക്ക് കഴിഞ്ഞില്ല എന്ന് കാണിച്ച് നിരവധി പരാതികളായിരുന്നു നിയമനടപടി ആവശ്യപ്പെട്ട് എത്തിയത്. തേർഡ് പാർട്ടി ആപ്പുകൾക്ക് ആക്സസ് അനുവദിക്കുകയും അതുവഴി ഫേസ്‌ബുക്ക് ഉപയോക്താക്കളുടേ വിവരങ്ങൾ ശേഖരിച്ച് വിൽക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ വാങ്ങിയവരിൽ ഒന്നായിരുന്നു പൊളിറ്റിക്കൽ കൺസൾട്ടിങ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക.

കഴിഞ്ഞ മാസം കാലിഫോർണിയ ഫെഡറൽ ജഡ്ജ് ഇറക്കിയ 725 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര നിർദ്ദേശം മെറ്റ അംഗീകരിക്കുകയായിരുന്നു. അടിസ്ഥാന വിവരങ്ങളായ പേര്, ലിംഗഭേദം, വയസ്സ് എന്നിവ മാത്രമല്ല, ഫോട്ടോഗ്രാഫുകളും വീഡിയോകളും വരെ ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടതായി 2019-ൽ ഫയൽ ചെയ്ത പരാതിയിൽ പറയുന്നു. പ്രൊഫൈലിൽ പൊസ്റ്റ് ചെയ്ത വീഡിയോകൾ മാത്രമല്ല, ഉപയോക്താക്കൾ കണ്ട വീഡിയോകളും, പേഴ്സണൽ മെസേജും വരെ കൈമാറ്റം ചെയ്യപ്പെട്ടുവത്രെ.

കഴിഞ്ഞവർഷം ആഗസ്റ്റിലായിരുന്നു ഇതിൽ ഒരു ഒത്തു തീർപ്പുണ്ടായത്. പിന്നീട് നീണ്ട ചർച്ചകൾക്ക് ഒടുവിൽ ഡിസംബർ 22 നായിരുന്നു ഈ ഒത്തു തീർപ്പിന് പ്രാഥമികമായ അംഗീകാരം നൽകണം എന്നാവശ്യപ്പെട്ട് വാദികൾ കോടതിയെ സമീപിച്ചത്. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചരിത്ര പ്രാധാന്യം അർഹിക്കുന്ന ഒരു വിധിയാണിതെന്നായിരുന്നു ഇതിനെ കുറിച്ച് നിയമജ്ഞർ പറഞ്ഞത്.

ഈ ഒത്തു തീർപ്പിന് പ്രാഥമിക അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് 2023 മാർച്ച് 2 ന് കോടതി വാദം കേട്ടു. പിന്നീട് മാർച്ച് 29 ന് ആയിരുന്നു പ്രാഥമിക അംഗീകാരം നൽകിയത്. ഈ നഷ്ട പരിഹാരത്തിന് അർഹതയുണ്ടെന്ന് നിങ്ങല്ക്ക് തോന്നുന്നുവെങ്കിൽ അതിനായി ഒരു ഫോം പൂരിപ്പിച്ച് നൽകണം. മുൻപ് പരാമർശിച്ച കാലയളവിൽ നിങ്ങൾ അമേരിക്കയിൽ താമസിച്ചിരുന്നുവോ എന്നും ഇക്കാലയളവിൽ നിങ്ങൾക്ക് ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നുവോ എന്നും ഫോമിൽ വെളിപ്പെടുത്തണം.

അപ്രകാരമാണെങ്കിൽ, നിങ്ങളുടെ ഫേസ്‌ബുക്ക് യൂസർ നെയിമും അതുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും നിങ്ങൾ നൽകേണ്ടതുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഒത്തുതീർപ്പ് വ്യവസ്ഥകൾക്ക് പ്രാഥമികാംഗീകാരം നൽകി കോടതി വിധി ഉണ്ടായ ഉടൻ തന്നെ മെറ്റ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.