വിമാനത്താവളങ്ങളിലെ മനം മടുപ്പിക്കുന്ന കാത്തിരിപ്പിൽ നിന്നും രക്ഷനേടാൻ പലപ്പോഴും സഹായകരമാകുന്നത് സ്മാർട്ട് ഫോണുകൾ തന്നെയാണ്. വായനയും വീഡിയോ കാണലുമായി സമയം കളയുമ്പോൾ മൊബൈൽ ഫോണിന് റീചാർജ്ജ് ആവശ്യമായി വരും. വിമാനത്താവളങ്ങളിലെ ചാർജ്ജിങ് യൂണിറ്റുകൾ ഇവിടെയാണ് നമുക്ക് അനുഗ്രഹമാകുന്നത്. എന്നാൽ, ഈ അനുഗ്രഹം പലപ്പോഴും ശാപമായി മാറുമെന്ന് ഓർക്കുക.

നിങ്ങളുടെ ഫോൺ റീചാർജ്ജിങ് എന്ന അത്യാവശ്യമാണ് ഹാക്കർമാർ കാത്തിരിക്കുന്ന അവസരം. എയർപോർട്ടുകളിലേയും ഹോട്ടലുകളിലേയും യു എസ് ബി ചാർജ്ജിങ് പോയിന്റുകൾ നിരുപദ്രവകാരികളായി തോന്നാമെങ്കിലും അവ അങ്ങനെയല്ല എന്നാണ് എഫ് ബി ഐ പറയുന്നത്. അത്തരത്തിലുള്ള ചാർജ്ജിങ് പോയിന്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അവർ സ്മാർട്ട്ഫോൺ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഹാക്കർമാർ ഇത്തരം പോയിന്റുകളിൽ വൈറസുകളെ കൊണ്ട് നിറച്ചിരിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ഈ മുന്നറിയിപ്പ്.

ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റലിജൻസ് ആൻഡ് സെക്യുരിറ്റി ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജ്ജിങ് സ്റ്റേഷനുകൾ ഒഴിവാക്കണം എന്നാണ് ഈ മുന്നറിയിപ്പിൽ പറയുന്നത്. ഇത്തരത്തിലുള്ള പൊതു യു എസ് ബി പോർട്ടുകൾ ഉപയോഗിച്ച് മാൽവെയറുകൾ കടത്തിവിടാനും അതുവഴി നിങ്ങളുടെ ഫോണിലേക്ക് നുഴഞ്ഞു കയറാനും ഹാക്കർമാർ കാത്തിരിക്കുകയാണെന്നും അവർ പറയുന്നു.

അതിനു പകരമായി എപ്പോഴും സ്വന്തം ചാർജ്ജർ കൊണ്ടുനടക്കാനും ഇലക്ട്രിക്കൽ ഔട്ട്ലെറ്റുകൾ ഉപയോഗിച്ച് റീചാർജ്ജ് ചെയ്യുവാനുമാണ് മുന്നറിയിപ്പിൽ നൽകുന്ന നിർദ്ദേശം. നേരത്തെ ലോസ് ഏഞ്ചലസ് ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് ജ്യുസ് ജാക്കിങ് എന്ന് പേരുള്ള ഇത്തരത്തിലുള്ള ഹാക്കിംഗിനെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. നിങ്ങൾ പൊതു യു എസ് ബി ചാർജ്ജിങ് സ്റ്റേഷനുകളിൽ നിങ്ങളുടെ ഫോൺ ഘടിപ്പിച്ചാൽ, ഹാക്കർമാർക്ക് അവരുടെ ഫോണിൽ നിന്നോ ലാപ്ടോപ്പിൽ നിന്നോ യു എസ് ബി പോർട്ടിലേക്ക് മാലൊവെയർ അയയ്ക്കുവാൻ സാധിക്കും.

അതുവഴി നിങ്ങളുടെ ഫോൺ ലോക്ക് ആവുകയോ അല്ലെങ്കിൽ പ്രവർത്തനരഹിതമാവുകയോ ചെയ്യും. മാത്രമല്ല. നിങ്ങളുടെ ഫോണിലുള്ള വിവരങ്ങൾ എല്ലാം തന്നെ ഹാക്കർമാർക്ക് ലഭിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള പൊതു ചാർജ്ജിങ് ഹബ്ബുകൾ വൈറസുകളുടെ വിതരണ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.

വേറെ നിവർത്തിയില്ലാതെ ഇത്തരം സ്റ്റേഷനുകൾ ഉപയോഗിക്കേണ്ടി വന്നാൽ, നിങ്ങളുടെ ഡാറ്റ ഷെയർ ചെയ്യുവാനുള്ള അനുമതി നൽകാതിരിക്കുക. അനുമതി ചോദിച്ച് പോപ്പ് അപ് വരുമ്പോൾ അനുമതി നിഷേധിക്കുക. ചാർജിങ് ഓൺലി ഓപ്ഷൻ വഴി നിങ്ങളുടെ ഫോൺ ഒരു പരിധിവരെ സുരക്ഷിതമാക്കാൻ നിങ്ങൾക്ക് കഴിയും. അതുപോലെ, ഇത്തരം സ്റ്റേഷനുകളിൽ കേബിളുകൾ ഉണ്ടെങ്കിൽ അവ ഉപയോഗിച്ച് ചാർജ്ജിങ് ചെയ്യാതിരിക്കുക എന്നതും ജ്യുസ് ജാക്കിങ് ഒരു പരിധിവരെ തടയുന്നതിന് നല്ലൊരു മാർഗ്ഗമാണ്.