- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ ഉറങ്ങി ക്കിടക്കുമ്പോൾ വാട്ട്സ്അപ്പ് മൈക്ക് ഓൺ ചെയ്ത് റിക്കോർഡിങ് തുടങ്ങുന്നു; എലൺ മസ്‌ക് ആരോപിച്ച വീഴ്ചക്ക് പരിഹാരം അറിയാം; നിങ്ങളുടെ ഇ-മെയിൽ നിർമ്മിതി ബുദ്ധിയുടെ സഹായത്തോടെ ഇനി ഗൂഗിൾ തന്നെ ടൈപ്പ് ചെയ്ത് തരും
നമ്മളറിയാതെ വാട്ട്സ്അപ്പ് നമ്മളെ ശ്രദ്ധിക്കുന്നുണ്ടോ? നിരീക്ഷിക്കുന്നുണ്ടോ? ഉണ്ട് എന്നാണ് നിരവധി ഉപഭോക്താക്കൾ പറയുന്നത്. സ്വകാര്യതയുമായി ബന്ധപ്പെട്ട ഒരു വിവാദം ഇപ്പോൾ വാട്ട്സ്അപ്പിനെ ചുറ്റിപ്പറ്റി ഉണ്ടായിരിക്കുകയാണ്. ഈ വിവാദം അതിന്റെ മൂർദ്ധന്യത്തിൽ എത്തിയത് കഴിഞ്ഞ ദിവസം എലൺ മസ്‌ക് വാട്ട്സ്അപ്പിനെതിരെ ആഞ്ഞടിച്ചപ്പോഴായിരുന്നു.
ട്വിറ്ററിൽ തന്റെ സ്വന്തം എൻക്രിപ്റ്റഡ് മെസേജിങ് സിസ്റ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മസ്‌ക്. അതിനിടയിലാണ് വാട്ട്സ്അപ് വിശ്വസിക്കാൻ കൊള്ളാത്ത ഒന്നാണെന്ന് അദ്ദേഹം പരസ്യമായി പറയുന്നത്. ഇതോടെ വിവാദം കൂടുതൽ കൊഴുക്കുകയായിരുന്നു. താൻ ഉറങ്ങിക്കിടക്കുമ്പോൾ വാട്ട്സ്അപ്പ് തന്റെ ഫോണിലെ മൈക്കിലേക്ക് ആക്സസ് നേടുന്നു എന്ന് ഒരു ഉപയോക്താവ് ചൂണ്ടിക്കാണിച്ചതിനെ തുടർന്നായിരുന്നു വിവാദം ആരംഭിക്കുന്നത്.
എന്നാൽ, ഇത് ദീർഘകാലമായി നിൽക്കുന്ന ഒരു പ്രശ്നമാണെന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. കസ്റ്റമർ സർവീസ് ബോർഡുകൾ റെഡിറ്റ് മറ്റു ചില സമൂഹ മാധ്യമങ്ങൾ എന്നിവയിലെല്ലാം ഇത് സംബന്ധിച്ച പരാതികൾ അഞ്ചു വർഷം മുൻപേ വന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, യഥാർത്ഥ പ്രശ്നം ആൻഡ്രോയിഡിലെ ഒരു ബഗ് ആണെന്നാണ് വാട്ട്സ്അപ്പ് പറയുന്നത്.
ഉപയോക്താവിന്റെ പ്രൈവസി ഡാഷ്ബോർഡിലേക്ക് അത് തെറ്റായ വിവരങ്ങൾ നൽകുകയാണെന്നും വാട്ട്സ്അപ്പ് വ്യക്തമാക്കുന്നു. ഇത് മറികടക്കാൻ ഏറ്റവും നല്ല വഴി ഫോൺ റീസ്റ്റാർട്ട് ചെയ്യുകയും, ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഉണ്ടെന്ന് ഉറപ്പു വരുത്തുകയുമാണെന്ന് ചിലർ പറയുന്നു.
ഇനി ഇ-മെയിൽ സന്ദേശങ്ങൾ തയ്യാറാക്കാനും ഗൂഗിൾ
തുടരെ തുടരെ ഇ-മെയിൽ സന്ദേശങ്ങൾ അയച്ച് മടുത്തുവോ? അതല്ല, മറുപടികൾ നൽകാൻ മടിയുണ്ടോ? എങ്കിൽ വിഷമിക്കണ്ട. നിങ്ങൾക്ക് വേണ്ടി ഈമെയിൽ സന്ദേശങ്ങൾ തയ്യാറാക്കാൻ ഇത് ഗൂഗിളിന്റെ ഹെൽപ് മീ റൈറ്റ് വരുന്നു. ഇന്നലെ, 2023 ലെ ഗൂഗിൾ ഐ ഒ സമ്മേളനത്തിൽ വെച്ച് ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള ഈ സംവിധാനം, നിങ്ങൾക്ക് വരുന്ന ഇ-മെയിലുകളൊട് പ്രതികരിക്കാൻ നിങ്ങളെ സഹായിക്കും.
ഈ പുതിയ ടൂൾ പരിചയപ്പെടുത്തുന്ന സമയത്ത് മെയിലിലേക്ക് വന്നത് വിമാനം റദ്ദ് ചെയ്തു എന്ന ഒരു സന്ദേശമായിരുന്നു. ഉടനടി, ടിക്കറ്റ് കാൻസലേഷന്റെ മുഴുവൻ പൈസയും തിരികെ ആവശ്യപ്പെടുക എന്ന് ഈ ടൂൾ പ്രോംപ്റ്റ് ബോക്സിൽ എൻടർ ചെയ്തു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ വിശദ വിവരങ്ങളോടെയുള്ള സന്ദേശം തയ്യാറായി.
ഒരിക്കൽ ഈ ടൂൾ എഴുതിയ സന്ദേശം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ? വിഷമിക്കണ്ട. അതിനും പരിഹാരമുണ്ട്. റിഫൈൻ എന്നൊരു ഓപ്ഷൻ ഇതിനുണ്ട്. അത് ഉപയോഗിച്ച് നിങ്ങൾക്ക് സന്ദേശം കൂടുതൽ വലുതാക്കുകയോ, ചെറുതാക്കുകയോ, ഔപചാരികമാക്കുകയോ ഒക്കെ ചെയ്യാം.
മറുനാടന് ഡെസ്ക്