കൊച്ചി: എസ് സി എം എസ് എജ്യൂക്കേഷണൽ ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ. പ്രദീപ് പി തേവന്നൂർ (46) കാറപകടത്തിൽ മരിച്ചു. ഗ്രൂപ്പ് ചെയർമാൻ ജി പി സി നായരുടെ മകനാണ്. എസ് സി എം എസ് ഗ്രൂപ്പിന്റെ ഡയറക്ടർ ഇൻ ചാർജ്ജും പ്രൊഫസറുമായിരുന്നു പ്രദീപ്,

എസ് സി എം എസ് ബംഗളൂരുവിൽ ആരംഭിക്കുന്ന സ്‌കൂൾ ഓഫ് ബിസിനസിന്റെ ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാനായി കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകും വഴി കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. പ്രദീപ് സഞ്ചരിച്ചിരുന്ന കാർ കൃഷ്ണഗിരിയിൽ വച്ച് മുന്നിൽ പോയ ലോറിയിൽ ഇടിച്ചതാണ് അപകടകാരണം. ഗുരുതരമായി പരുക്കേറ്റ ഡോ.പ്രദീപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

എസ് സി എം എസ് ഗ്രൂപ്പിലെ കോളേജുകളിൽ മാർക്കറ്റിങ്ങിലാണ് പ്രദീപ് ക്ലാസെടുത്തിയുരന്നത്. പ്രോജക്ട് മാനേജ്‌മെന്റിന്റേയും പൊതുഭരണത്തിന്റെ ചുമതലയുള്ള ഡയറക്ടറുമായിരുന്നു. കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംകോം പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിലെ ഒക് ലോഹ്മ സർവ്വകലാശാലയിൽ നിന്ന് എംബിഎയും നേടി. അതിന് ശേഷം മക്‌ഡൊണാൾഡ് അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര കമ്പനികളിൽ പ്രവർത്തിച്ചു. അതിന് ശേഷമാണ് എസ് സി എം എസ് എജ്യൂക്കേഷണൽ ഗ്രൂപ്പിന്റെ ചുമതലകളിലെത്തിയത്.

എസ് സി എം എസ് എജ്യൂക്കേഷണൽ ഗ്രൂപ്പ് ചെയർമാൻ ജി പി സി നായരുടെ മകനാണ്. ഭാര്യ ഡോ. രാധ പി തേവന്നൂർ എസ് സി എം എസ് സ്‌കൂൾ ഓഫ് ടെക്‌നോളജീസ് ഡയറക്ടറാണ്. രണ്ട് മക്കൾ; +2 വിദ്യാർത്ഥിയായ പ്രദീക് നായരും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പാർവതി നായരും.