ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നടത്തിയ ഇന്ത്യ സന്ദർശനത്തിന് രണ്ടു മാസം മാത്രം തികയാവേ ബ്രിട്ടീഷ് മന്ത്രിസഭയിലെ രണ്ടാമൻ എന്ന് വിശേഷിപ്പിക്കാവുന്ന വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണും ഇന്ത്യയിൽ എത്തിയിരിക്കുന്നു. സ്വതവേ ഇന്ത്യ എന്ന് കേട്ടാൽ അത്ര പ്രീതി ഒന്നും ഇല്ലാത്ത ജോൺസന്റെ സന്ദർശനവും ഏതു വിധത്തിലും കച്ചവടം പിടിക്കുക എന്നത് തന്നെയാണ്. എന്നാൽ ജോൺസന് കൈ നിറയെ വാരിക്കോരി കൊടുക്കാൻ ആവശ്യമായ ഓർഡർ ഒന്നും ഇന്ത്യയുടെ കയ്യിൽ ഇല്ല എന്നതാണ് വാസ്തവം.

അതേ സമയം ബ്രെക്‌സിറ്റിനെ തുടർന്ന് ഇന്ത്യയിലേക്ക് ഒർജിനൽ സ്‌കോച്ച് വിസ്‌കി ഒഴുകാൻ സാധ്യത തെളിയുന്നു എന്നത് ജോൺസനെയും സന്തോഷിപ്പിക്കുന്ന കാര്യമാണ്. മദ്യ (വിസ്‌കി) ഉപഭോഗ കണക്കിൽ നാലു ശതമാനം വർദ്ധന ഇന്ത്യയിൽ ഉണ്ടായിരിക്കുന്നു എന്നത് ബ്രിട്ടനെ സന്തോഷിപ്പിക്കുന്ന കണക്കാണ്. ഇതിനിയും ഉയരും എന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. കാറ്റുള്ളപ്പോൾ തൂറ്റുക എന്ന പ്രയോഗം പോലെ ബ്രെക്‌സിറ്റ് മൂലം വിഷമിക്കുന്ന രാജ്യത്തെ ഏതു വിധത്തിലും പിടിച്ചു നിർത്താൻ ശ്രമിക്കുന്ന ബ്രിട്ടന് ഇന്ത്യയുടെ പുതിയ ശീലങ്ങൾ ഏറെ ആശ്വാസം പകരുകയാണ്.

ഇക്കഴിഞ്ഞ ബുധനാഴ്ച പാർലമെന്റിൽ ലങ്കാസ്റ്റർ ഹാളിൽ തെരേസ മേ ബ്രെക്‌സിറ്റ് പ്രസംഗം നടത്തുമ്പോൾ അതിലെ സിംഹഭാഗവും കവർന്നത് യൂറോപ്പ് പരാമർശങ്ങൾ തന്നെയായിരുന്നു. എന്നാൽ യൂറോപ്പിൽ നിന്നും വിടുന്ന ബ്രിട്ടന്റെ ഭാവി എന്തെന്ന ചോദ്യത്തിന് ഉത്തരം തേടാനായിരുന്നു കേട്ടിരുന്നവരിൽ ഭൂരിഭാഗത്തിന്റെയും ആഗ്രഹം. യൂറോപ്പ് ഉപേക്ഷിക്കുന്ന ബ്രിട്ടൻ തുടർന്ന് ആരുമായിട്ടാകും കച്ചവട താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്ന ചോദ്യത്തിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് മുന്നിൽ വരുന്ന ഉത്തരം.

ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ഏതാനും വർഷമായി ബ്രിട്ടീഷ് മന്ത്രാലയങ്ങൾ നിയന്ത്രിക്കുന്ന സെക്രട്ടറിമാർ അടിക്കടി ഇന്ത്യയെ തേടി എത്തുന്നതും. എന്നാൽ ബ്രെക്‌സിറ്റ് നടത്തിയ ബ്രിട്ടനു അഥവാ ബ്രെക്‌സിറ്റ് മൂലം ഇന്ത്യയുമായി കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയില്ലെന്നാണ് തുടരെ തുടരെ എത്തുന്ന വിശകലനങ്ങൾ വ്യക്തമാക്കുന്നത്.

അതേ സമയം ലോകത്തു ഏറ്റവും അധികം സ്‌കോച്ച് വിസ്‌കി കഴിക്കുന്നതിൽ മുൻ നിരയിൽ നിൽക്കുന്ന ഫ്രാൻസിനും രണ്ടാം സ്ഥാനത്തു നിൽക്കുന്ന അമേരിക്കയ്ക്കും പിന്നിലായി മൂന്നാം സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യ. നിലവിലെ ട്രെൻഡിൽ ഒന്നോ രണ്ടോ വർഷത്തിനകം അമേരിക്കയെ പിന്തള്ളി സ്‌കോച്ച് ഉപയോഗത്തിൽ ഇന്ത്യ രണ്ടാം സ്ഥാനം പിടിച്ചാലും അത്ഭുതപ്പെടാനില്ല.

ഓരോ വർഷവും 91 മില്യൺ കുപ്പികൾ കുടിച്ചു തള്ളുന്ന ഫ്രഞ്ചുകാർ കീഴടക്കാൻ 53 മില്യൺ കുപ്പികൾ അകത്താക്കുന്ന അമേരിക്കക്കാർക്ക് കഴിയില്ലെന്ന് ഉറപ്പാണ്. എന്നാൽ ആഞ്ഞുപിടിച്ചാൽ 41 മില്യൺ കുപ്പികൾ തീർക്കുന്ന ഇന്ത്യക്കാർക്ക് അമേരിക്കയെ കീഴടക്കാൻ കഴിഞ്ഞേക്കും എന്നാണ് നിലവിലെ വിൽപ്പന ട്രെന്റ് തെളിയിക്കുന്നത്.

അതിനിടെ ബ്രെക്‌സിറ്റ് നടത്തിയ ബ്രിട്ടന് സ്‌കോച്ച് വിസ്‌കി കച്ചവടത്തിൽ ഇനിയുള്ള വർഷങ്ങളിൽ ഇന്ത്യയാകും മികച്ച പങ്കാളി എന്ന് കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയുടെ കച്ചവട കണക്കുകൾ തെളിയിക്കുന്നു. ബ്രിട്ടണിൽ നിന്നുള്ള സ്‌കോച്ച് കയറ്റുമതിയിൽ വൻ വർദ്ധനയാണ് കാണിക്കുന്നത്. ഇന്ത്യൻ മദ്യ വിപണി മൊത്തത്തിൽ മൂന്നു ശതമാനം വർദ്ധനയാണ് കഴിഞ്ഞ വർഷം നേടിയിരിക്കുന്നത്.

ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ ഉള്ള ചർച്ചകൾ ഇപ്പോൾ ഇന്ത്യയിലുള്ള ബ്രിട്ടീഷ് വിദേശ കാര്യാ സെക്രട്ടറി ബോറിസ് ജോൺസൻ നടത്തും എന്നാണ് വിലയിരുത്തലുകൾ. സാദ്ധ്യമായ ഏതു മേഖലയിലും കടന്നു കയറി ഇന്ത്യൻ വിപണിയിൽ സാന്നിധ്യം കൂട്ടാനുള്ള ശ്രമാണ് ബ്രിട്ടൻ നടത്തുന്നത്. ഉന്നത ഗുണമേന്മയുള്ള, സ്‌കോച്ച് വിസ്‌ക്കിക്കു വില പ്രശ്‌നമാക്കാതെ ഇന്ത്യയിലെ പുതുതലമുറ മദ്യപർ പണം മുടക്കും എന്ന വിലയിരുത്തലാണ് സ്‌കോച്ച് വിപണി നൽകുന്നത്.

ഇന്ത്യൻ മദ്യ വിപണി ഉപയോഗ കണക്കിൽ 41% വളർച്ചയും മൂല്യ അടിസ്ഥാനത്തിൽ 28% വളർച്ചയുമാണ് നേടിയിരിക്കുന്നത്. ലോകത്താകെ മദ്യ കച്ചവടം 553 മില്യൺ കുപ്പികളായി ഉയർത്താൻ ഇന്ത്യയുടെ ലഹരി ഭ്രമം സഹായിച്ചു എന്നാണ് തെളിയിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ആദ്യമായാണ് സ്‌കോച് മദ്യ വിപണി ഈ നേട്ടം സ്വന്തമാക്കുന്നത്. ലോകത്തിന്റെ മറ്റിടങ്ങളിൽ സ്‌കോച് ഭ്രമം കുറഞ്ഞപ്പോൾ ഇന്ത്യക്കാർക്ക് ഇടയിൽ സ്‌കോച്ച് താരമായി മാറുന്നത് ബ്രെക്‌സിറ്റ് മൂലം വിഷമിക്കുന്ന ബ്രിട്ടീഷ് വിപണിക്ക് അപ്രതീക്ഷിത താങ്ങായി മാറുകയാണ്.

ഇതോടെ ബ്രെക്‌സിറ്റ് മൂലം നഷ്ടമാകാൻ ഇടയുള്ള യൂറോപ്യൻ വിപണിക്ക് പകരം കൂടുതൽ സാദ്ധ്യതകൾ ഉള്ള ഇന്ത്യയെ കൂടെനിർത്തുകയാണ് സ്‌കോച്ച് വിസ്‌കി ഉൽപ്പാദക സംഘടനയായ എസ്ഡബ്ലിയുഎയുടെ തീരുമാനം. ഇതിനു ഗുണകരമായ വിധത്തിൽ ഇന്ത്യയുടെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടാകണം എന്നായിരിക്കും ചർച്ചകളിൽ ബോറിസ് ജോൺസൻ ആവശ്യപ്പെടുക എന്നും കരുതപ്പെടുന്നു.

മദ്യ കയറ്റുമതിക്ക് ഇന്ത്യയുമായി വാണിജ്യ ചർച്ചകളിൽ മുഖ്യ പരിഗണന നൽകണം എന്നാണ് നിർമ്മാതാക്കൾ ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൗണ്ട് വിലയിടിഞ്ഞു നിൽക്കുന്നതിനാൽ ഏതു തരത്തിലുള്ള കയറ്റുമതിയും രാജ്യത്തിന് ഗുണമായി മാറും എന്നതിനാൽ സർക്കാരും ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് എടുക്കും എന്നുറപ്പാണ്. ബ്രിട്ടണിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഭക്ഷണ പാനീയങ്ങളുടെ കണക്കെടുപ്പിൽ സ്‌കോച്ച് വിസ്‌ക്കിക്കു നിർണ്ണായക റോൾ ആണുള്ളത്. ഈ രംഗത്തെ മൊത്തം കയറ്റുമതിയിൽ നാലിൽ ഒന്നും സ്‌കോച്ച് വിസ്‌കിയാണ്.

ലോകത്തു ഏറ്റവും കൂടുതൽ സ്‌കോച്ച് വിസ്‌കി ആരാധകർ ഉള്ള ഫ്രാൻസിലേക്കാണ് ബ്രിട്ടന്റെ വിസ്‌കി കയറ്റുമതിയിൽ കൂടുതലും പോകുന്നത്. ഓരോ വർഷവും 91 മില്യൺ കുപ്പികളാണ് ഫ്രഞ്ചുകാർ കുടിച്ചു തള്ളുന്നത്. ഫ്രാൻസും അമേരിക്കയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് ബ്രിട്ടീഷ് സ്‌കോച്ച് വിസ്‌കി കയറ്റുമതിൽ ഇന്ത്യക്കുള്ള സ്ഥാനം. ഇന്ത്യയിലേക്കുള്ള വിസ്‌കി കയറ്റുമതിയിൽ നിന്നും 80 മില്യൺ പൗണ്ടാണ് ബ്രിട്ടന്റെ കൈകളിൽ എത്തുന്നത്.