ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ സ്‌കോട്ട്ലൻഡ് യുകെയിൽ നിന്നും വേറിട്ട് പോകാനുള്ള സാധ്യത മുമ്പില്ലാത്ത വിധത്തിൽ ശക്തമായി വരുകയാണല്ലോ. ഇവിടുത്തെ ഫസ്റ്റ് മിനിസ്റ്ററായ നിക്കോള സ്ടർജൻ ഇതിനായി അരയും തലയും മുറുക്കി ശക്തമായി രംഗത്തെത്തിയിട്ടുമുണ്ട്. ഈ ഒരു അവസരത്തിൽ സ്‌കോട്ട്ലൻഡിന് യുകെയിൽ നിന്നും വേറിട്ട് കാനഡയിൽ ചേരാമെന്ന നിർദേശവുമായി കനേഡിയൻ എഴുത്തുകാരനായ കെൻ മാക് ഗൂഗൻ രംഗത്തെത്തി. തന്റെ സൃഷ്ടിയായ ' ഹൗ ദി സ്‌കോട്ട്സ് ഇൻവെന്റഡ് കാനഡ' യിലൂടെയാണ് അദ്ദേഹം ഈ നിർണായക നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കാനഡയുമായി ആഴത്തിൽ ബന്ധമുള്ള സ്‌കോട്ട്ലൻഡിനെ വിദൂരത്തിൽ ഇരുന്ന് ഒറ്റരാജ്യമാക്കാൻ തടസ്സങ്ങൾ ഇല്ലെന്നാണ് അദ്ദേഹം വാദിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിൽ ഭൂമിശാസ്ത്രപരമായി അടുത്തിട്ടല്ലെങ്കിലും ആധുനിക സാങ്കേതികവിദ്യകളുള്ള ഇക്കാലത്ത് പരസ്പരം ചേർന്ന് പ്രവർത്തിക്കുക അകലത്ത് നിന്നാണെങ്കിലും പ്രശ്നമുള്ള കാര്യമല്ലെന്നാണ് ഗൂഗൻ നിർദേശിക്കുന്നത്. ബ്രിട്ടനുമായി ചേർന്ന് മുന്നോട്ട് പോകുന്നതിൽ സ്‌കോട്ട്ലൻഡുകാർക്ക് സന്തോഷമില്ലെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. വെസ്റ്റ്മിൻസ്റ്റർ വലതുപക്ഷത്തേക്ക് നീങ്ങുന്നതിൽ അവർ അസംതൃപ്തരാണെന്നും ഗൂഗൻ പറയുന്നു. യൂറോപ്യൻ യൂണിയൻ എന്ന ബഹുരാഷ്ട്രസംഖ്യത്തിൽ നിന്നും യുകെ വിട്ട് പോകുന്നതിലും അവർക്ക് യോജിപ്പില്ലെന്നാണ് കനേഡിയൻ എഴുത്തുകാരൻ ചൂണ്ടിക്കാട്ടുന്നത്.

അതിനാൽ യുകെയും സ്‌കോട്ട്ലൻഡും തമ്മിലുള്ള ബന്ധം ഇരു ഭാഗത്തിനും അസഹനീയമായിത്തീർന്ന് കൊണ്ടിരിക്കുകയാണെന്നാണ് ഗൂഗന്റെ പക്ഷം. അതിനാൽ ഒന്റാറിയോ, ക്യൂബെക്ക് എന്നിവയ്ക്ക് ശേഷം കാനഡയുടെ മൂന്നാമത് വലിയ പ്രവിശ്യയായി മാറുന്നതായിരിക്കും സ്‌കോട്ട്ലൻഡിന് നല്ലതെന്നും അദ്ദേഹം നിർദേശിക്കുന്നു. ഈ ഒരു സന്ദർഭത്തിൽ കാനഡ ഇതിനായുള്ള ക്ഷണം നൽകേണ്ടുന്ന അവസരമാണ്. ഇന്നത്തെ സാങ്കേതികവിദ്യകളുടെ ബലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ അകലത്തെ അനായാസം മറികടന്ന് സുഖകരമായ ഭരണം സാധ്യമാകുമെന്നും ഗൂഗൻ ആവർത്തിക്കുന്നു.

കാനഡയ്ക്ക് കീഴിൽ വരുന്നതോടെ തീർത്തും സ്വതന്ത്രരാജ്യമായിരിക്കാൻ സ്‌കോട്ട്ലൻഡിന് സാധിക്കില്ലെങ്കിലും പ്രവിശ്യയെന്ന നിലയിൽ അധികാരങ്ങളുണ്ടായിരിക്കും. ഉദാഹരണമായി സ്‌കൂളുകൾ,ആശുപത്രികൾ, എന്നിവയ്ക്കായി നേരിട്ട് നികുതി പിരിക്കാനാവും. ഇതിന് പുറമെ സിവിൽ-ക്രിമിനൽ നീതിനിർവഹണത്തിനും അധികാരമുണ്ടായിരിക്കും. രണ്ടാമതൊരു റഫറണ്ടത്തിന് അനുവദിക്കണമെന്ന് യുകെ ഗവൺമെന്റിനോട് ആവശ്യപ്പെട്ട് സ്‌കോട്ടിഷ് പാർലിമെന്റിൽ കഴിഞ്ഞ ആഴ്ച വോട്ടെടുപ്പ് നടന്നിരുന്നു. എന്നാൽ രണ്ടാമത് റഫറണ്ടത്തിനുള്ള അനുമതി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ നിഷേധിച്ചിരിക്കുകയാണ്. ചുരുങ്ങിയത് ബ്രെക്സിറ്റ് പൂർത്തിയാകുന്നത് വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് അവർ പറയുന്നത്. കാനഡയിലെ രാഷ്ട്രീയം, വിദ്യാഭ്യാസം, ബാങ്കിങ് സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം സ്‌കോട്ട്ലൻഡിന് കനത്ത സ്വാധീനം ചെലുത്താനാകുമെന്നും അത് ഇരുകൂട്ടർക്കും ഗുണകരമാകുമെന്നുമാണ് ഗുഗൻ നിർദേശിക്കുന്നത്.