ലണ്ടൻ: യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനിടെയും ബ്രെക്‌സിറ്റിനെ എതിർത്ത ലണ്ടൻ വാസികൾ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യമാവശ്യപ്പെട്ട് രംഗത്ത്. ബ്രിട്ടനിൽനിന്ന് വേർപെട്ട് യൂറോപ്യൻ യൂണിയനിൽ ചേരണമെന്ന ആവശ്യമുന്നയിച്ച് അറുപതിനായിരത്തോളം പേരാണ് രംഗത്തുവന്നിരിക്കുന്നത്. ലണ്ടൻ മേയർ സാദിഖ് ഖാനെ അഭിസംബോധന ചെയ്തുകൊണ്ട് ലണ്ടൻ ഇൻഡിപ്പെൻഡൻസ് എന്ന ഹാഷ് ടാഗിൽ ട്വിറ്ററിൽ ഇവർ പ്രചരണം തുടങ്ങുകയും ചെയ്തു.

ബ്രെക്‌സിറ്റിന് പിന്നാലെ ബ്രിട്ടനിൽ അങ്ങോളമിങ്ങോളം സ്വാതന്ത്ര്യവാദികൾ തലപൊക്കുന്നതിന്റെ സൂചനയാണ് ലണ്ടന്റെ സ്വാതന്ത്ര്യവാദത്തിന് പിന്നിലും. ലണ്ടനിലെ അഞ്ച് പ്രദേശങ്ങളൊഴിച്ച് 60 ശതമാനത്തിലേറെപ്പേരും യൂറോപ്യൻ യൂണിയനിൽ തുടരണമെന്നാണ് ഹിതപരിശോധനയിൽ വോട്ട് ചെയ്തത്. തുടരണമെന്ന ആവശ്യം മൊത്തത്തിലുള്ള ജനവിധിക്ക് എതിരായതോടെയാണ് ലണ്ടൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായത്.

ബ്രിട്ടനിൽനിന്ന് ലണ്ടൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കണമെന്ന തരത്തിലുള്ള ആവശ്യങ്ങൾക്ക് ചെവിക്കൊടുത്തേക്കില്ലെങ്കിലും യൂറോപ്യൻ യൂണിയനിൽ നിൽക്കുന്നതായിരുന്നു ഭേദമെന്ന അഭിപ്രായം മേയർ സാദിഖ് ഖാൻ ഇപ്പോഴും തുടരുന്നുണ്ട്. ലണ്ടനിലുള്ള പത്തുലക്ഷത്തോളം യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് എല്ലാത്തരത്തിലുമുള്ള പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലണ്ടന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള കുടിയേറ്റക്കാരുടെ സംഭാവനകളെ ഒരിക്കലും വിസ്മരിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

ബ്രെക്‌സിറ്റ് വന്നതോടെ സ്‌കോട്ട്‌ലൻഡ് വീണ്ടും മറ്റൊരു ഹിതപരിശോധനയുടെ ഭീഷണിയിലേക്ക് വീഴുകയും ചെയ്തു. യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന നിലപാടാണ് സ്‌കോട്ട്‌ലൻഡ് സ്വീകരിച്ചിരുന്നത്. അതിന് അംഗീകാരം കിട്ടാതെ വന്നതോടെയാണ് സ്‌കോട്ടിഷ് ജനതയ്ക്ക് ബ്രിട്ടനിൽനിന്ന് വേർപിരിയണമെന്ന ചിന്ത വീണ്ടും ശക്തമായത്.

സ്‌കോട്ട്‌ലൻഡിന്റെ മനസ്സ് അറിയാനുള്ള പുതിയ ഹിതപരിശോധന നടത്താൻ അവസരമൊരുങ്ങിയിരിക്കുകയാണെന്ന് സ്‌കോട്ട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർഗൺ പറഞ്ഞു. ബ്രിട്ടനിൽനിന്ന് പിരിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവർഷം സ്‌കോട്ട്‌ലൻഡിൽ ഹിതപരിശോധന നടന്നിരുന്നുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. തങ്ങളുടെ താത്പര്യം മാനിക്കാതെ യൂറോപ്യൻ യൂണിയനിൽനിന്ന് ഒഴിവാക്കപ്പെട്ടതുപോലെയാണ് ബ്രെക്‌സിറ്റ് സ്‌കോട്ടിഷ് ജനതയ്ക്ക് അനുഭവപ്പെടുകയെന്ന് നിക്കോള പറഞ്ഞു.