മെൽബൺ: ക്യൂൻസ് ലാൻഡിലെ ഒരു നഴ്‌സിന് എബോള ബാധിച്ചുവെന്ന റിപ്പോർട്ടിനെതുടർന്ന് രാജ്യത്ത് സുരക്ഷാ നടപടികൾ ശക്തമാക്കി. എയർപോർട്ടുകളിലും മറ്റും എബോളയ്‌ക്കെതിരേയുള്ള പരിശോധന കർശനമാക്കിയിരിക്കുകയാണ്. അതേസമയം എബോള ബാധിച്ചുവെന്നു പറയപ്പെടുന്ന അമ്പത്തേഴുകാരിയായ സ്യൂ എലൻ കോവാക്ക് സുഖം പ്രാപിച്ചുവരികയാണെന്ന് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ഇവർ ഇപ്പോഴും ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണെന്നും എബോള വൈറസ് കണ്ടെത്താനായി നടത്തിയ രക്തപരിശോധന നെഗറ്റീവ് ആണെന്നുമാണ് ഹെൽത്ത് അധികൃതർ പറയുന്നത്. എന്നിരുന്നാലും ഇവർ അപകടനില തരണം ചെയ്തിട്ടില്ലെന്നും ഈ ആഴ്ച മുഴുവൻ അവർ കടുത്ത നിരീക്ഷണത്തിൽ തന്നെയാണെന്നും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് പറയുന്നു.

റെഡ് ക്രോസ് പ്രവർത്തകയായ സ്യൂ കോവാക്ക് എബോള ബാധിതരാജ്യങ്ങളായ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ സന്നദ്ധ സേവനപ്രവർത്തനങ്ങളിലായിരുന്നു. എബോള ബാധിതരെ ചികിത്സിച്ച ശേഷം മടങ്ങിയെത്തിയ ഇവർക്ക് കടുത്ത പനിയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 21 ദിവസത്തോളം കടുത്ത പനി തുടർന്നതാണ് ഇവർക്ക് എബോള ബാധിച്ചുവെന്ന് സംശയം തോന്നാൽ ഇടയായത്. എന്നാൽ രക്തപരിശോധന നെഗറ്റീവ് ആണെന്നു കണ്ടെങ്കിലും മറ്റു രോഗങ്ങളിൽ നിന്നും വിമുക്തയാകുന്നതിനാണ് സ്യൂ കോവാക്കിനെ കുറച്ചു ദിവസം കൂടി ഐസിയുവിൽ നിലനിർത്തുന്നതെന്ന് ഇവരെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു.
എബോള ബാധിത രാജ്യങ്ങളിൽ സന്നദ്ധ സേവനം നടത്തിയ ശേഷം തിരിച്ചെത്തിയിട്ടുള്ളവർ പ്രധാന സിറ്റികൾക്കു സമീപം താമസിക്കണമെന്നാണ് ക്യൂൻസ് ലാൻഡ് ചീഫ് ഹെൽത്ത് ഓഫീസർ ജാനറ്റ് യംഗ് ആവശ്യപ്പെടുന്നത്. ഏതെങ്കിലും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ രക്തപരിശോധനയും ചികിത്സയും എളുപ്പം സാധ്യമാക്കാനാണ് സിറ്റികൾക്കു സമീപം താമസിക്കാൻ ഡോ.യംഗ് ആവശ്യപ്പെട്ടത്.

എബോള പടരാനുള്ള സാധ്യത രാജ്യത്ത് ഇപ്പോഴും താരതമ്യേന കുറവാണെങ്കിലും ഇതിനെതിരേയുള്ള നടപടികൾ ഇപ്പോൾ ശക്തമാക്കിയിട്ടുണ്ട്. എബോള ബാധയുണ്ടെന്ന് സംശയം തോന്നിയ 11 ഓസ്‌ട്രേലിയക്കാരുടെ രക്തപരിശോധന നെഗറ്റീവ് തന്നെയായിരുന്നു. ഇവരെല്ലാം തന്നെ പൂർണമായും സുഖം പ്രാപിച്ചു കഴിഞ്ഞു.

ഏതെങ്കിലും കാരണവശാൽ എബോള വൈറസ് ഓസ്‌ട്രേലിയയിൽ എത്തുന്ന സാഹചര്യത്തിൽ ഇതിനെ നേരിടാൻ രാജ്യത്തെ ആശുപത്രികൾ സജ്ജമാണെന്നാണ് ഹെൽത്ത് മിനിസ്റ്റർ പീറ്റർ ഡട്ടൻ ചൂണ്ടിക്കാട്ടുന്നത്. പ്രധാന ടെറിട്ടറി ആശുപത്രികളിലെല്ലാം തന്നെ ഇതിനനുസരിച്ചുള്ള പദ്ധതികളാണ് തയാറാക്കിയിട്ടുള്ളത്. ഏതു സാഹചര്യത്തിലും എബോളയെ നേരിടാൻ അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയയ്ക്ക് സാധിക്കുമെന്നും പീറ്റർ ഡട്ടൻ വ്യക്തമാക്കി.

ജനുവരി മുതൽ പടർന്നു പിടിക്കാൻ തുടങ്ങിയ എബോള ഇതുവരെ നാലായിരത്തോളം പേരുടെ ജീവനാണ് കവർന്നത്. സ്‌പെയിനിലെ ഒരു നഴ്‌സിനും യുഎസിൽ ഏതാനും പേർക്കും എബോള പിടിപെട്ടതോടെ ലോകം മുഴുവൻ എബോള ഭീഷണിയിലാണെന്ന് വ്യക്തമായിരിക്കുകയാണ്.