കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി ഷെരീഫ് (79) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു.

അവളുടെ രാവുകൾ, ഉൽസവം, ഈറ്റ, അലാവുദ്ദീനും അത്ഭുത വിളക്കും അടക്കം നൂറിലധികം സിനിമകളുടെ രചന നിർവഹിച്ചിട്ടുണ്ട്. എ.ബി.രാജ് സംവിധാനം ചെയ്ത കളിപ്പാവയാണ് ആദ്യ ചിത്രം. പിന്നീട് ഐ.വി.ശശിയുമായി കൂട്ടുചേരുകയും നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് രചന നിർവഹിക്കുകയും ചെയ്തു. അസ്തമിക്കാത്ത പകലുകൾ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

കൊപ്രക്കട ഹമീദ് ബാവയുടെയും റഹീമ ബീവിയുടെയും മകനായി 1936ൽ ജനനം. നിരവധി ചെറുകഥകളും നോവലുകളും എഴുതിയിട്ടുണ്ട്. നസീമയാണ് ഭാര്യ. മക്കൾ: ഷഫീസ്, ഷിഹാസ്, ഷെർന. മരുമക്കൾ: ഷബ്‌നം, ഷാമില, ഷഹനാസ്.