തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ജെ ബി കോശി അധ്യക്ഷനായി സംസ്ഥാന സർക്കാർ നിയോഗിച്ച പുതിയ കമ്മീഷന്റെ അന്വേഷണ വിഷയങ്ങളിൽ ദലിത് (പരിവർത്തിത) ക്രൈസ്തവരുടെ വിഷയം പഠിക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ മുഖ്യമന്ത്രിക്കും ന്യനപക്ഷ ക്ഷേമ മന്ത്രിക്കും നിവേദനം നൽകി.

കേരളത്തിലെ ജനസംഖ്യയിൽ 18 ശതമാനം വരുന്ന ക്രൈസ്തവരിൽ 10 ശതമാനമുള്ള പരിവർത്തിത ക്രൈസ്തവർ, ലത്തീൻ ക്രൈസ്തവർ എന്നിവരുടെ സാമൂഹിക, വിദ്യാഭ്യാസ മേഖലയിലെ പ്രാതിനിധ്യം ഏറെ പിന്നാക്കമാണ്. ഇതിൽ തന്നെ പരിവർത്തിത ക്രൈസ്തവരിൽ നിന്ന് കഴിഞ്ഞ 60 വർഷമായി എംപി മാരോ എംഎ‍ൽഎ മാരോ ഉണ്ടായിട്ടില്ല. പരിവർത്തിത ക്രൈസ്തവർക്ക് നിലവിൽ ഒരു ശതമാനമാണ് സംവരണം നൽകി വരുന്നത്. മുന്നാക്ക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി മുന്നാക്ക ക്രൈസ്തവർ ഉൾപ്പെടെയുള്ളവർക്ക് 10 ശതമാനം സംവരണം അനുവദിച്ചിരിക്കുകയാണ്.

കേരളത്തിലെ 25 ലക്ഷത്തോളം വരുന്ന പരിവർത്തിത ക്രൈസ്തവർക്ക് വിദ്യാഭ്യാസ, ഉദ്യോഗ മേഖലകളിൽ കേവലം ഒരു ശതമാനം സംവരണം നൽകുന്നത് സാമൂഹിക നീതിക്കു നിരക്കുന്നതല്ല. അതുപോലും നികത്തപ്പെട്ടിട്ടില്ല എന്നു നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിൽ ഏറ്റവുമധികം നീതി നിഷേധത്തിനും അവഗണനയ്ക്കും ഇരയാകുന്നത് പരിവർത്തിത ക്രൈസ്തവരാണ്. ഇവരുടെ പ്രശ്നം പഠിച്ച് പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും തുളസീധരൻ പള്ളിക്കൽ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.