പാലക്കാട്: ആർഎസ്എസ് പാലക്കാട് ജില്ലാ മുൻ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഇമാമിന്റെ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യം. കൊലയാളികൾക്ക് എല്ലാവിധ സഹായവും നൽകിയത് ഇമാമുമാരാണെന്ന് പരിവാറുകാർ ആരോപിക്കുന്നുണ്ട് അറസ്റ്റിലായ ശംഖുവാരത്തോട് പള്ളി ഇമാം കാഞ്ഞിരപ്പുഴ അക്കിയംപാടം അലിയുടെ മകൻ സദാം ഹുസൈനെ (30)റിമാൻഡ് ചെയ്തു. പ്രതികളിലൊരാളെ ഒളിപ്പിച്ചതിനാണ് ഇമാം സദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. കൊലയാളികളിലൊരാളുടെ മൊബൈൽ പള്ളിയിൽ ഒളിപ്പിച്ചതും ഇയാളാണെന്നാണ് ആ്‌ക്ഷേപം. എന്നാൽ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

പാലക്കാട്ടെ രണ്ട് ആർഎസ്എസ് പ്രവർത്തകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ശംഖുവാരത്തോട്ടെ പോപ്പുലർ ഫ്രണ്ടിന്റെ പള്ളിയിലെ രണ്ട് ഇമാമുമാരാണ് പ്രതികളായത്. തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുൻ ഇമാം മലപ്പുറം വണ്ടൂർ അർപ്പോയിൽ മുഹമ്മദ് ഇബ്രാഹിം മൗലവി ഒളിവിലാണ്. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സദാം ഹുസൈൻ ഇപ്പോഴത്തെ ഇമാമാണ്.

1999ലെ എൻഡിഎഫ് പരിശീലനത്തിന് നേതൃത്വം നല്കിയ കരാട്ടെ ഹക്കീമിന്റെ മക്കളാണ് മുഖ്യപ്രതികളിൽപ്പെട്ട അബ്ദുൾ റഹ്‌മാനും ആദ്യം അറസ്റ്റിലായ മുഹമ്മദ് ബിലാലും. റഹ്‌മാൻ ഒളിവിലാണ്. അതിനിടെ മുഖ്യപ്രതികളായ ആറംഗ സംഘം കേരളം വിട്ടിട്ടില്ലെന്നും അവർ ആരൊക്കെയാണെന്നും എവിടെയുണ്ടെന്ന് അറിയാമെന്നും ഉത്തരമേഖല ഐജി അശോക് യാദവ് പറഞ്ഞു.

കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത പ്രതി ഉൾപ്പെടെ 2 പേർ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. മുണ്ടൂർ ഒൻപതാംമൈൽ നായമ്പാടം സ്വദേശി അബ്ദുൽ ഖാദർ (ഇക്‌ബാൽ 34), പാലക്കാട് ചടനാംകുറുശ്ശി സ്വദേശി ഫയാസ് (28) എന്നിവരാണ് അറസ്റ്റിലായത്. അബ്ദുൽ ഖാദർ പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019ൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

പ്രതികൾ ഉപയോഗിച്ച മൂന്ന് ഇരുചക്ര വാഹനങ്ങളും ആയുധം കടത്തിയ പെട്ടി ഓട്ടോയും പിടിച്ചെടുത്തു. പള്ളിയിൽനിന്ന് പ്രതികളുപേക്ഷിച്ച മൊബൈലുകളും വ്യക്തിഗത രേഖകളും കണ്ടെത്തി. ജില്ലയിലെ നിരോധനാജ്ഞ 28 വരെ നീട്ടി. 3 ഇരുചക്രവാഹനങ്ങളിലായി എത്തിയ 6 അംഗ സംഘമാണ് ഏപ്രിൽ 16നു മേലാമുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇതിൽ 3 പേരാണു കടയിൽ കയറി ശ്രീനിവാസനെ വെട്ടിവീഴ്‌ത്തിയത്.

കൊലയാളികൾ എത്തിയ ഇരുചക്രവാഹനങ്ങളിൽ വെള്ള സ്‌കൂട്ടർ ഓടിച്ചിരുന്നത് അബ്ദുൽ ഖാദർ ആണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ശ്രീനിവാസന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയ സംഘാംഗമാണു ഫയാസ്. കഴിഞ്ഞ 15ന് എലപ്പുള്ളി നോമ്പിക്കോട് പോപ്പുലർ ഫ്രണ്ട് നേതാവ് എ. സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പ്രതികാരമായി അന്നു രാത്രി തന്നെ പകരം കൊലപാതകം നടത്താൻ ഫയാസ് ശ്രമിച്ചിരുന്നതായും ഇതിനായി 2 പേരെ തേടിപ്പോയിരുന്നെന്നും പൊലീസ് പറഞ്ഞു.

പരിശോധന കൂടുതൽ കർശനമാക്കി. ജില്ലയിൽ കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. വിവിധ മേഖലകളിൽ റെയ്ഡ് തുടരുന്നു. ചില നിർണായക തെളിവുകൾ പൊലീസിനു ലഭിച്ചതായി സൂചനയുണ്ട്. പ്രതികൾക്ക് സഹായം നൽകിയതിനും ഗൂഢാലോചനയ്ക്കുമാണ് ഇമാം സദ്ദാംഹുസൈൻ അറസ്റ്റിലായത്. വ്യാഴാഴ്ച അറസ്റ്റിലായ കൽപ്പാത്തി ശംഖുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാൽ (22), റിയാസുദ്ദീൻ (35), മുഹമ്മദ് റിസ്വാൻ (20), പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് താഴെമുരളി പരപ്പത്തുതൊടി സ്വദേശി സഹദ് (22) എന്നിവരുമായി തെളിവെടുപ്പ് നടത്തി.

ഇവർ കൊലപാതക ദിവസം ഉപയോഗിച്ച രണ്ട് ഇരുചക്രവാഹനം പുതുപ്പരിയാരത്തുനിന്ന് കണ്ടെടുത്തു. കൽമണ്ഡപത്തുനിന്ന് ഒരു ബൈക്കുകൂടി കണ്ടെടുത്തു. ശംഖുവാരത്തോട് നിന്നാണ് കൊല്ലാനുപയോഗിച്ച വാൾ എടുത്തതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇവിടത്തെ പള്ളിയിലാണ് മൊബൈലും വ്യക്തിഗത രേഖകളും സൂക്ഷിച്ചതെന്നും ഇവർ പറഞ്ഞു.