- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം നിലനിൽപ്പിനായി ഡിസിസി നേതാവ് വോട്ടുമറിച്ചു: കോൺഗ്രസിന്റെ വാർഡിൽ എസ്ഡിപിഐക്ക് അട്ടിമറി വിജയം; വിശ്വസിക്കാൻ കഴിയാതെ പത്തനംതിട്ട നഗരസഭ 10-ാം വാർഡിലെ വോട്ടർമാർ; വോട്ടു വിറ്റ കോൺഗ്രസ് നേതാവിനും പരാജയം
പത്തനംതിട്ട: സ്ഥാപിത താൽപര്യത്തിനായി ഡി.സി.സി നേതാവ് വോട്ടുമറിച്ചു കൊടുത്തപ്പോൾ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്ക് അട്ടിമറി വിജയം. വോട്ടു മറിച്ചു കൊടുത്ത കോൺഗ്രസ് നേതാവ് മറ്റൊരു വാർഡിൽ തോറ്റമ്പി. നഗരസഭ പത്താം വാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി നേടിയ അട്ടിമറി വിജയം വിശ്വസിക്കാനാകാതെ മുന്നണികളും വോട്ടർമാരും നിൽക്കുന്നു. മുസ്‌ലിം സമുദായത്തിന
പത്തനംതിട്ട: സ്ഥാപിത താൽപര്യത്തിനായി ഡി.സി.സി നേതാവ് വോട്ടുമറിച്ചു കൊടുത്തപ്പോൾ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്ക് അട്ടിമറി വിജയം. വോട്ടു മറിച്ചു കൊടുത്ത കോൺഗ്രസ് നേതാവ് മറ്റൊരു വാർഡിൽ തോറ്റമ്പി. നഗരസഭ പത്താം വാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി നേടിയ അട്ടിമറി വിജയം വിശ്വസിക്കാനാകാതെ മുന്നണികളും വോട്ടർമാരും നിൽക്കുന്നു. മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുള്ള, കോൺഗ്രസിന് മികച്ച നേട്ടമുള്ള വാർഡിൽ എസ്.ഡി.പി.ഐ വിജയിച്ചതിനെ ഞെട്ടലോടെയാണ് സമുദായാംഗങ്ങൾ കാണുന്നത്.
ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ നേട്ടത്തിനു വേണ്ടി യു.ഡി.എഫ് വോട്ടുകൾ മറിച്ചു കൊടുത്തതാണ് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയുടെ വിജയത്തിന് വഴിയൊരുക്കിയതെന്ന് ആരോപണം. ഇതേച്ചൊല്ലി യു.ഡി.എഫ് പാളയത്തിൽ പട.
പട്ടികജാതി സംവരണ വാർഡായ പേട്ട സൗത്തിൽ എസ്.ഡി.പി.ഐ. സ്ഥാനാർത്ഥി വൽസല വിജയിച്ചത് 23 വോട്ടുകൾക്കാണ്. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയും കഴിഞ്ഞ സഭയിലെ കൗൺസിലറുമായ സുഗന്ധ സുകുമാരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാർത്ഥിയായ സ്വപ്നയ്ക്ക് വെറും രണ്ടു വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്. കഴിഞ്ഞ തവണ വാർഡ് പുനർവിഭജനം നടത്തുന്നതിന് മുമ്പ് യു.ഡി.എഫിന്റെ ഉരുക്കു കോട്ടയായിരുന്നു പത്താം വാർഡ്.
നഗരസഭാ ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരെ സംഭാവന ചെയ്ത ഈ വാർഡിന് ചെയർമാൻസ് വാർഡ് എന്ന് വിളിപ്പേരു പോലുമുണ്ടായിരുന്നു. ഹാജി സി. മീരാസാഹിബ്, അജീബ എം. സാഹിബ് എന്നിവർ ഇവിടെനിന്ന് നഗരസഭയുടെ അധ്യക്ഷ സ്ഥാനത്ത് എത്തി. എ. ഷംസുദ്ദീൻ വൈസ് ചെയർമാനാകുകയും ചെയ്തു. പുനർനിർണയത്തിന് ശേഷം കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ അഡ്വ. ടി. സക്കീർ ഹുസൈൻ എൽ.ഡി.എഫിന് വേണ്ടി വാർഡ് പിടിച്ചെടുത്തു. 63 വോട്ടിനായിരുന്നു സക്കീർ യു.ഡി.എഫിലെ എം. ഷംസുദീനെ തോൽപിച്ചത്. എന്നിരുന്നാലും വാർഡ് കോൺഗ്രസിന്റെ തന്നെയാണ്.
അന്ന് 240 ൽപ്പരം വോട്ട് കോൺഗ്രസിന് കിട്ടിയ ഇവിടെ ഇത്തവണ ലഭിച്ചത് വെറും 111 വോട്ട് മാത്രമാണ് എന്ന് അറിയുമ്പോഴാണ് വോട്ട് കച്ചവടം നടന്നതായി വ്യക്തമാകുന്നത്. കഴിഞ്ഞ തവണത്തേക്കാൾ 100 വോട്ട് കുറവാണ് ഇവിടെ പോൾ ചെയ്തിരുന്നതും. നഗരസഭയിലെ ഏറ്റവുമധികം മുസ്‌ലിങ്ങൾ താമസിക്കുന്ന വാർഡാണിത്. ജസ്റ്റിസ് ഫാത്തിമാ ബീവി ഇവിടുത്തെ വോട്ടറാണ്. മുസ്‌ലിം സമുദായത്തിലെ വിദ്യാസമ്പന്നരായ വലിയൊരു വിഭാഗമാണ് ഇവിടെയുള്ളത്.
മത്സരിക്കുന്നയാളിന്റെ കഴിവ് മാത്രം നോക്കി വോട്ട് ചെയ്യുന്ന അവരെപ്പോലും ഞെട്ടിച്ചു കൊണ്ടാണ് എസ്.ഡി.പി.ഐ ഇവിടെ വിജയിച്ചത്. ഇതു തന്നെയാണ് ഭൂരിപക്ഷം മുസ്‌ലിം വോട്ടർമാരെയും പേടിപ്പെടുത്തുന്നത്. എസ്.ഡി.പി.ഐ വിജയം വാർഡിന്റെ സമാധാനം കെടുത്തുകയാണ്.
യു.ഡി.എഫ് ഇവിടെ വോട്ടു കച്ചവടം നടത്തിയെന്ന് മുൻ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറയുന്നു. പത്താം വാർഡിന്റെ മഹത്തായ മതേതര പാരമ്പര്യം ഇതോടെ നഷ്ടമായി. വോട്ടു കച്ചവടം നടത്തി യു.ഡി.എഫ് വാർഡിന്റെ മതേതര മുഖം നഷ്ടപ്പെടുത്തിയെന്നും സക്കീർ പറഞ്ഞു.
ഇവിടെ മത്സരിച്ച സിപിഐ(എം) സ്ഥാനാർത്ഥി അഡ്വ. ശ്രീവിദ്യ എൽഎൽ.എം ബിരുദധാരിയാണ്. എൽ.ഡി.എഫിന് ഭരണം കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷേ, മുനിസിപ്പൽ ചെയർപേഴ്‌സൺ പോലും ശ്രീവിദ്യയാകുമായിരുന്നുവെന്ന് നേതാക്കൾ തുറന്നു സമ്മതിക്കുന്നു. ഈ വാർഡുകാരനായ മുതിർന്ന കോൺഗ്രസ് നേതാവ് മറ്റൊരു വാർഡിൽ മത്സരിക്കുന്നുണ്ടായിരുന്നു. അവിടെനിന്ന് വിജയിച്ചാൽ വൈസ് ചെയർമാൻ ആകാമായിരുന്നുവെന്നായിരുന്നു ഇദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. അങ്ങനെ വരുമ്പോൾ സ്വന്തം വാർഡിൽ തനിക്കുള്ള സ്വാധീനം നഷ്ടമാകാതിരിക്കാൻ, ദുർബലയായ ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ നീക്കം നടത്തുകയായിരുന്നു.
ഈ നീക്കം വിജയം കണ്ടെങ്കിലും നേതാവ് മത്സരിച്ച വാർഡിൽ തോറ്റു. സ്വന്തം താൽപര്യ സംരക്ഷണത്തിനായി ഈ നേതാവ് തീക്കളിയാണ് നടത്തിയതെന്നും സക്കീർഹുസൈൻ ആരോപിച്ചു. വോട്ടെണ്ണൽ ദിവസം നടന്ന യു.ഡി.എഫിന്റെ വിശകലനത്തിലും ഇതേച്ചൊല്ലി വാക്കേറ്റം നടന്നു.