കോഴിക്കോട്: വൻതോതിൽ ഭൂമി കുത്തകകൾക്കും സ്വകാര്യ സംരംഭങ്ങൾക്കും തീറെഴുതികൊടുത്ത യു.ഡി.എഫ് സർക്കാറിന്റെ നടപടി കടുത്ത ജനവഞ്ചനയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് കെ.എം.അഷ്‌റഫ്.

2544.4 ഏക്കർ ഭൂമിയാണ് യു.ഡി.എഫ് സർക്കാർ കുത്തകകൾക്ക് ദാനം ചെയ്തിരിക്കുന്നത്. ഭൂമിയില്ലാത്ത ആദിവാസികൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾ നിൽപുസമരമുൽപ്പെടെയുള്ള പ്രതിഷേധങ്ങൾ നടത്തിയിട്ടും അവർക്ക് കൂരവെക്കാൻ അൽപം ഭൂമി എന്നത് ഇപ്പോഴും ഒരു സ്വപ്‌നമായി അവശേഷിക്കുകയാണ്. കാലങ്ങളായി മരണപ്പെട്ടാൽ ഒന്ന് മറവുചെയ്യാൻ പോലും ഭൂമിയില്ലാതെ വിഷമിക്കുന്ന ജനങ്ങൾ കേരളത്തിലുണ്ട്.

അവർക്കൊന്നും കൊടുക്കാൻ ഭൂമിയില്ലാത്ത സർക്കാരാണ് സ്വകാര്യ കമ്പനികൾക്ക് ദാനമായി ഏക്കറുകണക്കിന് ഭൂമി നൽകിയിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ പൂർണ്ണ സഹകരണത്തോടെ യാണ് ഈ തീവെട്ടിക്കൊള്ളക്ക് സർക്കാർ മുതിർന്നതെന്ന് ഇടതുപക്ഷത്തിന്റെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്.

അഴിമതിയിൽ ഫിഫ്റ്റി ഫിഫ്റ്റി കമ്മീഷൻ എന്നതാണ് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ മുദ്രാവാക്യം. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്നും ഭൂമി കുംഭകോണത്തിനെതിരെ ചൊവ്വാഴ്‌ച്ച (29.04.2016) സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കുമെന്നും അഡ്വ.കെ.എം.അഷ്‌റഫ് കൂട്ടിച്ചേർത്തു.