കോഴിക്കോട് സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനായി തയ്യാറാക്കിയ കരാർ വിദ്യാർത്ഥികളെ കൊള്ളയടിക്കാനുള്ള സാധുത നൽകുന്നതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ.

മെറിറ്റ് മാനേജ്മെന്റ് വ്യത്യാസം കൂടാതെ ഏകീകൃതമായ ഉയർന്ന ഫീസ് ഘടന ഏർപ്പെടുത്താൻ സർക്കാർ നടത്തിയ ശ്രമങ്ങളിലൂടെ മാനേജ്മെന്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചത്.

20 ശതമാനം സീറ്റുകളിൽ മാത്രമാണ് കുറഞ്ഞ ഫീസ് ഘടന മെഡിക്കൽ മെറിറ്റു സീറ്റുകളിലെ പഠന ഫീസ് 1.85 ലക്ഷം രൂപ രണ്ടര ലക്ഷമായും മാനേജ്മെന്റ് സീറ്റുകളിൽ എട്ടര ലക്ഷത്തിൽ നിന്ന് പത്തര ലകഷമായും ഉയർന്നു.12 ലക്ഷമായിരുന്ന എൻ.ആർ.ഐ ക്വാട്ട സീറ്റുകൾ 20 ലക്ഷം രൂപക്ക് വിൽക്കാനാണ് ധാരണ. അധിക ലാഭം കൊയ്യാൻ മാനേജ്മെന്റുകൾക്ക് ഒത്താശ ചെയ്യുകയാണ് ഇതു വഴി സർക്കാർ ചെയ്തത്.

പ്രതിപക്ഷത്തായിരിക്കുമ്പോൾ സ്വാശ്രയ മാനേജ്മെന്റ്മെന്റുകൾക്കെതിരെ സമര രംഗത്ത് വരികയും നിരപരാധികളായ യുവാക്കളെ സമരാഭാസത്തിന്റെ പേരിൽ കുരുതി കൊടുക്കുകയും ചെയ്ത ഇടതുപക്ഷം ഭരണം ലഭിക്കുമ്പോൾ മാനേജ്മെന്റ് പ്രീണനം നടത്തി വിദ്യാഭ്യാസ കച്ചവടങ്ങൾക്ക് കൂട്ട്നിൽക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് വലത് ഇടത് മുന്നണികൾ സ്വീകരിക്കുന്നത്.

രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി സ്വാശ്രയ മെഡിക്കൽ പ്രവേശനം ഉപയോഗപ്പെടുത്തുന്നവർ വിദ്യാർത്ഥികളുടെ ന്യായമായ അവകാശങ്ങളെയാണ് അടിയറവ് വെക്കുന്നതെന്ന് ഓർക്കണമെന്നും എം.കെ മനോജ്കുമാർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.