''മതേതരത്വം ഇന്ത്യയുടെ ജീവനാണ്, വർഗീയ ശക്തികളെ ഒറ്റപ്പെടുത്താൻ നമ്മളൊന്നിക്കുക'' എന്ന സന്ദേശം ഉയർത്തി ഗാന്ധിജയന്തിദിനമായ ഒക്ടോബർ 2 മുതൽ 8 വരെ നീണ്ടുനിൽക്കുന്ന ദേശീയ പ്രചാരണ വാരത്തിന്റെ ഭാഗമായി ഒക്ടോബർ 7ന് സംസ്ഥാനത്ത് ജില്ലാതലങ്ങളിൽ എസ്ഡിപിഐ ''മതേതര ഇന്ത്യാ സംഗമം'' സംഘടിപ്പിക്കും.

നാനാത്വത്തിൽ ഏകത്വം എന്ന മുദ്രാവാക്യത്തിന്റെ കരുത്തും ആത്മാവും ഉൾക്കൊണ്ട് മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക വഴി നമ്മുടെ രാജ്യം ലോകത്തിന് മാതൃകയാണ്. ഇന്ത്യൻ മതേതരത്വം പൗരന് അന്തസ്സോടെ ജീവിക്കാനും ചിന്തിക്കാനും മത സ്വാതന്ത്ര്യത്തിനും എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും നൽകുന്നു. ഈ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന വർത്തമാനങ്ങളാണ് രാജ്യത്ത് നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഭീതിയിലേക്കും ഇരുട്ടിലേക്കും തള്ളിവിടുന്നതിനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ആധിപത്യം നേടുന്നത്. ഭരണകൂടത്തിന്റെ പിൻബലത്തിലും ആശിർവാദത്താലും ഇത്തരം ശ്രമങ്ങൾ വ്യാപകമായികൊണ്ടിരിക്കുന്നു. ദലിതുകൾക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ നിരന്തരം നടത്തുന്ന അക്രമങ്ങൾ ഈ ജനവിഭാഗങ്ങൾക്കിടയിൽ ഭയവും, സുരക്ഷിതത്വ ബോധമില്ലായ്മയും സൃഷ്ടിച്ചിരിക്കുന്നു.

ഉനയിലെ ദലിതുകൾക്കെതിരെയുള്ള അതിക്രമങ്ങൾ, ഹരിയാനയിലെ ദലിതുകളെ ജീവനോടെ കത്തിച്ചത്, മനുഷ്യാവകാശ പ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടെയും കൊലകൾ, എൻ.ജി.ഒ കളുടെ നിരോധനം, ദാദ്രിയിലെ മുഹമ്മദ് അഖ്ലാക്കിന്റെതുൾപ്പെടെ ബീഫിന്റെ പേരിൽ നടന്ന കൊലപാതകങ്ങളും രാജ്യവ്യാപകമായി നടക്കുന്ന വർഗ്ഗീയ വിദ്വേഷ പ്രസംഗങ്ങളും തുടങ്ങി ജനമനസ്സുകളെ സാമുദായികമായി വിഭജിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമായി നടന്നു കൊണ്ടിരിക്കുന്നു.

മതേതരത്വത്തിന്റെ ഒരു തുരുത്തും രാജ്യത്ത് അവശേഷിപ്പിക്കില്ലായെന്ന പ്രഖ്യാപനവുമായാണ് ഹിന്ദുത്വ ശക്തികൾ വിദ്വേഷത്തിന്റെ രാഷ്ട്രീയം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. വംശീയ മേൽജാതി മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് മനുവാദികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ തടയിടേണ്ടത് മതേതര ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണ്.
സൗഹൃദാന്തരീക്ഷം നില നിൽക്കുന്ന കേരളത്തിൽ പോലും വിദ്വേഷത്തിന്റെ രാഷ്ട്രീയം വിതച്ച് മുതലെടുപ്പ് നടത്താനുള്ള ആഹ്വാനമുയർത്തിയാണ് ബിജെപി യുടെ ദേശീയ കൗൺസിൽ സമാപിച്ചത്.

കേരളത്തിൽ ആധിപത്യം ഉറപ്പിക്കുന്നതിന് വേണ്ടി ശക്തമായ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നു. സഹോദരൻ അയ്യപ്പനും, ശ്രീനാരായണ ഗുരുവും, വക്കം അബ്ദുൽ ഖാദർ മൗലവിയും ഉൾപ്പെടെയുള്ള നവോത്ഥാന ശിൽപ്പികൾ ഉയർത്തിക്കൊണ്ടുവന്ന കേരളത്തിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കുവാൻ ജനങ്ങൾ ജാഗ്രത പാലിക്കണം. പൗരന്മാർക്കിടയിൽ വിഭാഗിയത സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വർഗീയ ശക്തികൾക്കെതിരെ മുഴുവൻ മതേതര വിശ്വാസികളും യോജിച്ചുള്ള മുന്നേറ്റത്തിന് തയ്യാറാവണം. അതിലൂടെ മാത്രമേ ഇന്ത്യയുടെ മതേതര ഘടന നിലനിർത്താനും ശക്തിപ്പെടുത്താനും സാധിക്കുകയുള്ളു എന്ന സന്ദേശമാണ് കാംപയിനിലൂടെ എസ്ഡിപിഐ മുന്നോട്ടുവെക്കുന്നത്.

തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസിയും കോട്ടയത്ത് പി.സി ജോർജ്ജ് എംഎ‍ൽഎയും സംഗമങ്ങൾ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റുമാരായ മൂവ്വാറ്റുപുഴ അഷ്റഫ് മൗലവി കൊല്ലത്തും, തുളസീധരൻ പള്ളിക്കൽ മലപ്പുറത്തും, ജനറൽ സെക്രട്ടറിമാരായ എം.കെ മനോജ്കുമാർ കണ്ണൂരിലും, അജ്മൽ ഇസ്മായിൽ കാസർഗോഡും,
സംസ്ഥാന സെക്രട്ടറിമാരായ റോയ് അറക്കൽ തൃശ്ശൂരിലും, എ.കെ അബ്ദുൽ മജീദ് വയനാട്ടിലും, സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. കെ.എം. അഷ്റഫ് പാലക്കാടും, നാസറുദ്ദീൻ എളമരം കോഴിക്കോടും, യഹ്യ തങ്ങൾ എറണാകുളത്തും, സംസ്ഥാന സമിതി അംഗങ്ങളായ എ.കെ സലാഹുദ്ദീൻ ഇടുക്കിയിലും, കെ.കെ ഹുസൈർ ആലപ്പുഴയിലും, വി എം ഫഹദ് പത്തനംതിട്ടയിലും ഉദ്ഘാടനം ചെയ്യും

വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ
1) അബ്ദുൽ മജീദ് ഫൈസി (സംസ്ഥാന പ്രസിഡന്റ്)
2) റോയ് അറക്കൽ (സംസ്ഥാന സെക്രട്ടറി)
3) മുസ്തഫ കൊമ്മേരി (ജില്ലാ പ്രസിഡന്റ്, കോഴിക്കോട്