ആലപ്പുഴ: പോപ്പുലർ ഫ്രണ്ടിന്റെ റാലിക്കിടെ കുഞ്ഞിനെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പൊലീസ് കർശന നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഇക്കാര്യത്തിൽ ഇതിനോടകം നിരവധി പേർ അറസ്റ്റിലായി കഴിഞ്ഞു. ഇതിനിടെ ഈ വിഷയത്തിൽ സാങ്കേതികത്വം പറഞ്ഞുള്ള രക്ഷപെടൽ നയവുമായി എസ്ഡിപിഐ രംഗത്തുവന്നു.

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ എസ്ഡിപിഐയുടെ പേര് അനാവശ്യമായി വലിച്ചിഴച്ച മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് എസ്ഡിപിഐ സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഒരു സ്വതന്ത്ര സംഘടനയാണ്. എസ്ഡിപിഐ ഒരു രാഷ്ട്രീയ പാർട്ടിയും. പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിക്കിടെ നടന്ന സംഭവത്തിൽ മുഖ്യമന്ത്രി കുറ്റം ചാർത്തുന്നത് എസ്ഡിപിഐയേയാണ്. മുഖ്യമന്ത്രിയുടേത് ബോധപൂർവമായ നടപടിയാണെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി.

മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.സി.ജോർജിനെ അറസ്റ്റ് ചെയ്തതിനു പകരമായി എസ്ഡിപിഐയെ പ്രതിക്കൂട്ടിലാക്കി സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും എസ്ഡിപിഐ ആരോപിച്ചു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ വ്യക്തമാക്കി.

അതേതസമയം പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 18 പേർ കൂടി അറസ്റ്റിലായി. റാലിയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്. ഇവരെ മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കും. അതേസമയം പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ആലപ്പുഴ ഓഫിസിലേക്ക് പോപ്പുലർ ഫ്രണ്ട് മാർച്ച് നടത്തും.

സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ്, പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ ഇത്തരത്തിൽ മുദ്രാവാക്യം വിളിക്കാൻ പഠിപ്പിച്ചത് ആരാണെന്നു കണ്ടെത്താനും പൊലീസ് നീക്കമുണ്ട്.